കഥാലോകത്തെ അതികായന്മാരായ വൈക്കം മുഹമ്മദ് ബഷീറിന്റെ “ടൈഗര്‍”, തകഴി ശിവശങ്കരപ്പിള്ളയുടെ “വെള്ളപ്പൊക്കത്തില്‍”, ഈ രണ്ടുകഥകളിലേയും കേന്ദ്ര കഥാപാത്രങ്ങള്‍ ശ്വാനന്മാരാണ്. ഇരുവരും രണ്ട് മാനസികാവസ്ഥയുടെ പ്രതിനിധികളുമാണ്.
ലോകമഹായുദ്ധത്തിന്റെ ഭീകരാന്തരീക്ഷമുള്ള കാലത്താണ് ബഷീര്‍ക്കഥകളുടെ പിറവി. അദ്ദേഹത്തിന്റെ ആദ്യ കഥാസമാഹാരമായ ‘ജന്മദിന’ത്തില്‍ ഉള്‍പ്പെടുന്ന ഒരു കഥയാണ് ടൈഗര്‍. നിരപരാധികളായ രാഷ്ട്രീയ തടവുകാര്‍ അനുഭവിക്കുന്ന മര്‍ദ്ദനങ്ങളുടേയും ദുരിതങ്ങളുടേയും ഭയജനകവും കരുണാര്‍ദ്രവുമായ ചിത്രമാണ് ടൈഗര്‍ എന്ന കഥയില്‍ ബഷീര്‍ അവതരിപ്പിക്കുന്നത്. കഥാരചനയുടെ പേരില്‍ സര് സിപിയുടെ ഭരണകാലത്ത് ജയില്‍വാസം അനുഭവിക്കേണ്ടിവന്ന ബഷീറിന് തടവറയിലെ കൊടിയ മര്‍ദ്ദനങ്ങളെ, സ്വാനുഭവ പ്രതീതിയോടെ അവതരിപ്പിക്കാനായി. ഇന്‍സ്പെക്ടറുടെ വാത്സല്യഭാജനമായി അദ്ദേഹത്തെ പോലെ തന്നെ ജയില്‍പുള്ളികള്‍ക്കുള്ള ആഹാരത്തിന്റെ പങ്കുപറ്റി സ്റ്റേഷനില്‍ കഴിഞ്ഞുകൂടുന്ന നായയാണ് ടൈഗര്‍. അടിയേറ്റ തടവുപുള്ളികള്‍ക്ക് ആ നായയോട് അടങ്ങാത്ത അമര്‍ഷം ഉണ്ട്. ബന്ധുക്കള്‍ കൊണ്ടുവരുന്ന ചോറ് വിളമ്പിക്കൊണ്ടിരിക്കുമ്പോള്‍ വാതില്ക്കല് എത്തിയ നായയെ കുറ്റവാളികളില്‍ ഒരാള്‍ ചവിട്ടിയോടിച്ചു. ഇന്‍സ്പെക്ടര്‍ പാഞ്ഞെത്തി. ഇരുപത്തിരണ്ടുപേരുടെ ആര്‍ത്തിമൂത്ത കണ്ണുകള്‍ നോക്കിയിരിക്കേ, വിളമ്പി വച്ച ചോറ് ഇലയോടെ വലിച്ചെറിയപ്പെട്ടു. നായയെ ചവിട്ടിയവന്റെ കാല് അഴികള്‍ക്കിടയിലൂടെ വെളിയിലേക്ക് വലിച്ച് ചോരയൊഴുകുന്നതു വരെ പ്രഹരിച്ചു. കാല് വെള്ളയില്‍ നിന്നൊലിച്ച ചോര ടൈഗര്‍ നക്കിത്തുവര്‍ത്തി.
“ടൈഗര്‍ ഭാഗ്യവാനായ ഒരു പട്ടിയാണ്” എന്നാരംഭിക്കുന്ന കഥ, സര്‍ക്കാരിനോടും പോലീസിനോടും ജയില്‍പുള്ളികള്‍ക്കുള്ള മനോഭാവത്തെ കലാപരമായി തന്നെ ആവിഷ്കരിക്കുന്നു. ഇതിലെ കഥാപാത്രമായ ടൈഗര്‍, തെരുവിലെ ഏതോ തെണ്ടിപ്പട്ടിയുടെ മകനാണ്. നഗരത്തിലെ വൃത്തികേടുകളിലാണ് അവന്റെ ജനനം. പക്ഷേ, ഈ വിവരം അവനറിയില്ല. ഓര്മവെച്ച കാലം മുതല്‍ അവന് ഇന്‍സ്പെക്ടറുടെ പൊന്നോമനയാണ്. ജയിലാണ് അവന്റെ മഹാലോകം. പോലീസുകാരും തടവുകാരുമാണ് അവന്റെ സഹവാസികള്‍. ബഷീര്‍ എഴുതുന്നു: “ടൈഗറിന് തടവുകാരില്‍ വ്യത്യാസമൊന്നുമില്ല. കൊലപാതകിയും രാഷ്ട്രീയപ്രവര്‍ത്തകരുമൊക്കെ തടവുകാരാണ്. ടൈഗറിനെ സംബന്ധിച്ചിടത്തോളം മനുഷ്യവര്‍ഗത്തില്‍ രണ്ടിനമേയുള്ളൂ; പോലീസുകാരും കുറ്റവാളികളും” ഈ പ്രസ്താവന അക്കാലത്തെ സാമൂഹിക അവസ്ഥയുടെ നേര്‍ച്ചിത്രമായി മാറുന്നു. ചൂഷിതരെന്നും ചൂഷകര്‍ എന്നുമുള്ള രണ്ടുവര്ഗത്തിന്റെ അടയാളപ്പെടുത്തലാകുന്നു അത്. ഇവിടെ ടൈഗറിന് ഒരു നായയുടെ മുഖമല്ല ഉള്ളത്. ആത്മാവ് നഷ്ടപ്പെട്ട ഭരണവര്‍ഗത്തിന്റെ മുഖമാണ്.
ഊണുകഴിഞ്ഞ് തോട്ടത്തില്‍ ഉലാത്തുന്ന ടൈഗറിന്റെ കണ്ണിലെ മന്ദഹാസം സമൂഹത്തെ പീഡിപ്പിച്ച് അതിലൂടെ നിര്‍വൃതിയടയുന്ന അധികാരവര്ഗത്തിന്റേതാണ്. ടൈഗറിനെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നുവെന്ന് തോന്നിയാല്‍ മതി ടൈഗര്‍ മോങ്ങും. “നായ്ക്കളേ, ടൈഗറെ തൊടരുതെന്ന് ഞാന്‍ പറഞ്ഞിട്ടില്ലേ. തൊട്ടവന് നീട്ടടാ കൈ”- എന്ന ആക്രോശം അധികാരവര്‍ഗങ്ങളുടെ അവസരവാദത്തിന്റെ സൂചന നല്കുന്നു. സംഘര്‍ഷങ്ങളുണ്ടാക്കി ചോര ഊറ്റിക്കുടിച്ചു വളരുന്ന വര്‍ഗത്തിന്റെ പ്രതിനിധികളാകുന്നു ഇവിടെ ഇന്‍സ്പെക്ടറും ടൈഗറും. നഗ്നമായ യാഥാര്‍ത്ഥ്യങ്ങളെ ഭയലേശമില്ലാതെ ആവിഷ്കരിക്കാന്‍ കെല്‍പ്പുള്ള കഥാകാരനായി ബഷീര്‍ ഇവിടെ മാറുന്നു.
ബഷീറിന്റെ ടൈഗറില്നിന്നും തകഴിയുടെ വളര്‍ത്തുനായയിലേക്ക് എത്തണമെങ്കില്‍ കാതങ്ങള്‍ താണ്ടേണ്ടിയിരിക്കുന്നു, ജയിലിന്റെ ഇരുണ്ട സ്ഥലികളില്‍നിന്ന് കുട്ടനാടിനെ ഗ്രസിച്ച “അന്നത്തെ മഴ’യിലേക്ക്…
വെള്ളപ്പൊക്കക്കെടുതിയിലമര്ന്ന കുട്ടനാടിന്റെ ദുരിതങ്ങള്‍ അനുഭവിച്ചറിഞ്ഞതുകൊണ്ടുതന്നെ തകഴിയുടെ കഥാകഥനം കൂടുതല്‍ റിയലിസ്റ്റിക്കായി. അങ്ങനെ സ്വാനുഭവത്തിന്റെ ചൂടിനാലും ചൂരിനാലും “വെള്ളപ്പൊക്കത്തില്‍” കൂടുതല്‍ ഹൃദയസ്പര്‍ശിയാവുന്നു. പ്രാണന് പോകുന്നതുവരെ യജമാന സ്നേഹം പുലര്‍ത്തിയ ഈ നായ, കഥയുടെ കേന്ദ്രബിന്ദു, ടൈഗറിന്റെ വിരുദ്ധതലത്തില്‍ നില്ക്കുന്നു. പക്ഷേ, മനുഷ്യന് തന്നെ സ്നേഹിച്ച ആ ജീവിയെ വിസ്മരിച്ചു. ആ നൃശംസതയുടെ കഥയാണ് വെള്ളപ്പൊക്കത്തിലൂടെ തകഴി അവതരിപ്പിക്കുന്നത്.
വെള്ളം! സര്‍വത്ര വെള്ളം! നാട് വെള്ളത്തില്‍ മുങ്ങിത്തുടങ്ങി. ചേന്നപ്പറയന്റെ കുടിലിലും വെള്ളം കയറി. അവന്റെ ഗര്‍ഭിണിയായ പറച്ചിയും നാലു മക്കളും പട്ടിയും പൂച്ചയും കുടിലിനകത്തുണ്ട്. കൂരയുടെ മേല്‍ വാരിക്കിടയിലൂടെ ചേന്നന് പുരപ്പുറത്തേയ്ക്ക് നൂഴ്ന്ന് കയറി. ആ പഴുതിലൂടെ അവന് ഭാര്യയേയും കുട്ടികളേയും പൂച്ചയേയും പട്ടിയേയും പുരപ്പുറത്താക്കി. നോക്കെത്താത്ത ജലനിരപ്പ്, അകലെക്കൂടി ഒരു കെട്ടുവള്ളം പോകുന്നതുകണ്ട് ചേന്നന് കൂകി വിളിച്ചു. അടുത്തെത്തിയ ആ വള്ളത്തില്‍ പറച്ചിയേയും കുട്ടികളേയും കയറ്റി. അയാള്‍ക്കൊപ്പം പൂച്ചയും ചാടിക്കയറി. ആ സമയം പട്ടി മേല്‍ക്കൂരയുടെ മറുവശത്തായിരുന്നു. പട്ടിയുടെ കാര്യം ചേന്നന് ഓര്‍മിച്ചതുമില്ല. വള്ളക്കാര് വീട്ടുകാരേയും കൊണ്ട് വേഗം തുഴഞ്ഞുപോയി. മേല്‍ക്കൂരയുടെ മറുവശത്തുനിന്നും മടങ്ങിവന്ന നായ തന്റെ യജമാനനും കുടുംബവും അകന്നു പോകുന്നതു കണ്ടു. അത് ശക്തമായി കുരച്ചു. പക്ഷേ ആരും അതു കേട്ടില്ല. തകര്‍ത്തു പെയ്യുന്ന മഴയില്‍ തണുത്തു വിറങ്ങലിച്ചും വിശന്നും അവന് മേല്‍ക്കൂരയില്‍ തന്നെ ഇരുന്നു. വെള്ളത്തിലൂടെ ഒഴുകിപ്പോകുന്ന ജീവജാലങ്ങളുടെ അഴുകിയ ശവശരീരങ്ങളില്‍ അവന് ആര്‍ത്തിയോടെ നോക്കി. ഓരോ വള്ളക്കാര് കടന്നുപോകുമ്പോഴും അവന് കുരച്ചു. പക്ഷേ, യാതൊരു പ്രയോജനവുമുണ്ടായില്ല. കുറച്ച് വെള്ളം നക്കിക്കുടിച്ച ശേഷം അവന് വീണ്ടും കുരയ്ക്കുകയും മുറുമുറുക്കുകയും ചെയ്തു. മനുഷ്യവര്‍ഗത്തെ ഇനിയൊരിക്കലും സ്നേഹിക്കയില്ലെന്നാവാം ആ മുറുമുറുക്കലിന്റെ ധ്വനി. ആ സന്ദര്‍ഭത്തില്‍ കള്ളന്മാര് വന്ന് വാഴയുടെ കുല മോഷ്ടിക്കാന്‍ ശ്രമിച്ചു. ക്രുദ്ധനായ നായ കള്ളന്റെ മേല്‍ ചാടി വീണു. അയാള്‍ തുഴയെടുത്ത് പട്ടിയെ അടിച്ചശേഷം ജീവനുംകൊണ്ട് കടന്നുകളഞ്ഞു. വെള്ളപ്പൊക്കത്തിലൂടെ ഒഴുകി വന്ന ചത്ത ഒരു പശുവിനെ ആ പട്ടി കടിച്ചുവലിച്ച് മേല്ക്കൂരയോടടുപ്പിച്ചു. ആര്‍ത്തിയോടെ അത് മാംസം തിന്നാന്‍ തുടങ്ങി. ഒരു മുതല ശക്തിയായ ഒരടിയോടെ പട്ടിയെ വെള്ളത്തില്‍ താഴ്ത്തി. അധികം താമസിയാതെ കുടില്‍ തകര്‍ന്നു വീഴുകയും ചെയ്തു. മഴ ശമിച്ചതോടെ വെള്ളം ഇറങ്ങിത്തുടങ്ങി. പട്ടിയെ അന്വേഷിച്ചുവന്ന ചേന്നന് ഒരു തെങ്ങിന് ചുവട്ടില്‍ ചത്തുകിടക്കുന്ന തന്റെ നായയെ കണ്ടു.
കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന്റെ ഭീകരതയും അതില്‍പെട്ടുഴറുന്ന ജീവജാലങ്ങളേയും ഈ കഥയിലൂടെ തകഴി യഥാതഥമായി ചിത്രീകരിച്ചു. എങ്കിലും വായനക്കാരില്‍ നൊമ്പരം ബാക്കിവെച്ചത് ആ വളര്‍ത്തുനായയാണ്. മറ്റേതൊരു മൃഗത്തേക്കാളും മനുഷ്യനോട് നന്ദിയും വിശ്വാസവും പുലര്‍ത്തുന്ന ജന്തു പട്ടിയാണ്. ചേന്നന് തന്റെയും കുടുംബത്തിന്റെയും ജീവന് രക്ഷിക്കുന്ന തിടുക്കത്തില്‍ നായയെ മറന്നു. അത് മനുഷ്യനെ പക്ഷേ, സത്യസന്ധതയോടെ സേവിക്കുന്നു. മനുഷ്യനാകട്ടെ, വളരെ ലാഘവത്തോടുകൂടി ആ സാധുജീവിയെ മറക്കുന്നു. തന്റെ യജമാനനെ ജീവനുള്ളിടത്തോളം സ്നേഹിക്കുവാനും സേവിക്കുവാനും ആ നായയ്ക്കായി. വാഴക്കുല മോഷ്ടിക്കാന്‍ വന്നവനെ ചാടിക്കടിക്കാന്‍ അവന് തന്റെ ദൈന്യാവസ്ഥ ഒരു തടസ്സമാകുന്നില്ല. യജമാനന് തന്നെ ഉപേക്ഷിച്ചു പോയിട്ടുപോലും അവസാന ശ്വാസം വരെ യജമാന സ്നേഹം അല്‍പ്പം പോലും കുറയാതെ സൂക്ഷിച്ച ആ വളര്‍ത്തു മൃഗം ഇന്ന് സമൂഹത്തില്‍നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും കരുതലിന്റെയും പ്രതീകമായിത്തീരുന്നു.
വിദ്യാ കെ.വാര്യര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: