ഇന്ന് ദീപാവലി. തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉല്‍സവമാണ് ദീപാവലി അഥവാ ദിവാലി . തുലാമാസത്തിലെ അമാവാസി ദിവസമാണ് ദീപാവലി ആഘോഷിച്ചുവരുന്നത്. ദീപങ്ങളുടെ ഉല്‍സവമായ ഇത് ഹിന്ദു, ജൈന, സിഖ് മതവിശ്വാസികള്‍ മണ്‍വിളക്കുകള്‍ തെളിച്ചും പടക്കം പൊട്ടിച്ചും ആഘോഷിക്കുന്നു.
ദീപാവലി ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ (തമിഴ്, തെലുങ്ക്, കന്നഡ, മലയാളം) സംസ്കൃതത്തിലെ അതേപേരിലും മറ്റുഭാഷകളില്‍ ദിവാലി എന്ന പേരിലും ആചരിക്കുന്നു. എല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ഇത് ആഘോഷിക്കുന്നു. അന്ധകാരത്തില്‍ നിന്നു പ്രകാശത്തിന്റെ സുതാര്യതയിലേക്കു മാനവരാശിയെ കൈപിടിച്ചാനയിക്കുന്ന ഭാരതീയ മഹോത്സവമായ ദീപാവലിയാണിന്ന്. അജ്ഞാനത്തിന്റെയും തിന്മയുടെയും അന്ധകാരത്തിനു മേല്‍ ജ്ഞാനത്തിന്റെയും നന്മയുടെ യും പ്രകാശം നേടിയ വിജയം.
ദീപാവലിയെ ചുറ്റിപറ്റി ധാരാളം ഐതീഹ്യങ്ങളും നിലനില്‍ക്കുന്നുണ്ട്. ശ്രീരാമന് 14വര്‍ഷത്തെ വനവാസത്തിനുശേഷം അയോദ്ധ്യയില്‍ തിരിച്ചെത്തിയതിനെ പ്രതിനിധീകരിച്ചാണ് ദീപാവലി ആഘോഷിക്കുന്നതെന്നാണ് ഒരു ഐതീഹ്യം. ശ്രീകൃഷ്ണന് നരകാസുരനെ വധിച്ചതിന്റെ ആഘോഷമാണെന്നും ജൈനമതവിശ്വാസപ്രകാരം മഹാവീരന് നിര്‍വാണം പ്രാപിച്ചതിനെ അനുസ്മരിക്കുന്നതാണെന്നുമുള്ള ഐതീഹ്യങ്ങളും ദീപാവലിയെ ചുറ്റിപറ്റി നിലനില്‍ക്കുന്നുണ്ട്. മാന്യ വായനക്കാര്‍ക്കും ജന്മഭൂമിയുടെ ഹൃദ്യമായ ദീപാവലി ആശംസകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: