കൊല്‍ക്കത്ത: ഐ ലീഗ് ഫുട്ബോളില്‍ ഈസ്റ്റ് ബംഗാളിനെ കീഴടക്കി സാല്‍ഗോക്കര്‍ ഗോവ ഒന്നാം സ്ഥാനത്തെത്തി. ഇന്നലെ കല്ല്യാണി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സാല്‍ഗോക്കര്‍ ബംഗാള്‍ കരുത്തന്മാരെ അവരുടെ മണ്ണില്‍ നിലംപരിശാക്കിയത്. അതേസമയം നിലവിലെ ചാമ്പ്യന്മാരായ ഡെംപോ ഗോവയുടെ ദയനീയ പ്രകടനം തുടരുകയാണ്.
ഇന്നലെ നടന്ന മത്സരത്തില്‍ ഡെംപോ മോഹന്‍ബഗാനോട് ഗോള്‍രഹിത സമനില വഴങ്ങി. ഏഴ് മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമാണ് ഡെംപോ നേടിയത്. നാലെണ്ണം സമനിലയില്‍ കലാശിച്ചപ്പോള്‍ രണ്ടെണ്ണത്തില്‍ പരാജയപ്പെട്ടു. 7 പോയിന്റുമായി ലീഗില്‍ ഒമ്പതാം സ്ഥാനത്താണ് ഡെംപോ. 7 മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുമായാണ് സാല്‍ഗോക്കര്‍ ഒന്നാമതെത്തിയത്. എട്ടാം മിനിറ്റില്‍ സാല്‍ഗോക്കര്‍ ആദ്യഗോള്‍ നേടി. ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ് നല്കിയ പാസ്സില്‍ നിന്ന് ഡഫി തൊടുത്ത ഉഗ്രന്‍ ഷോട്ട് നോബ സിംഗ് ഗോള്‍ലൈന്‍ സേഫ് നടത്തിയെങ്കിലും പന്ത് കിട്ടിയത് കര്‍മ്മ സെവാംഗിന്. പന്ത് കിട്ടിയ കര്‍മ്മ ലക്ഷ്യം തെറ്റാത്ത ഷോട്ടിലൂടെ ഈസ്റ്റ് ബംഗാള്‍ വല കലുക്കി. രണ്ട് മിനിറ്റിനുശേഷം സാല്‍ഗോക്കര്‍ വീണ്ടും ലീഡ് ഉയര്‍ത്തി. പന്തുമായി ഒറ്റക്ക് മുന്നേറിയ ഫ്രാന്‍സിസ് ഫെര്‍ണാണ്ടസ് അഡ്വാന്‍സ് ചെയ്ത് കയറിയ ഈസ്റ്റ് ബംഗാള്‍ ഗോളിയുടെ തലക്ക് മുകളിലൂടെ പന്ത് വലയിലേക്ക് കോരിയിട്ടു. ഈ രണ്ട് ഗോളുകള്‍ക്ക് സാല്‍ഗോക്കര്‍ ആദ്യപകുതിയില്‍ മുന്നിട്ടു നിന്നു.
പിന്നീട് മത്സരത്തിന്റെ 60-ാം മിനിറ്റില്‍ സാല്‍ഗോക്കര്‍ ലീഡ് മൂന്നാക്കി ഉയര്‍ത്തി. ഫ്രാന്‍സിസ് ഫെര്‍ണാണ്ടസിന്റെ പാസ് സ്വീകരിച്ച് ക്ലിഫ്റ്റണ്‍ ഡയസ് പായിച്ച അതിസുന്ദരമായ വോളി ഈസ്റ്റ് ബംഗാള്‍ ഗോളിയെയും മറികടന്ന് വലയില്‍ പതിച്ചു. എന്നാല്‍ 64-ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാള്‍ ആദ്യഗോള്‍ മടക്കി. ബോക്സിനുള്ളിലേക്ക് ഉയര്‍ന്നു വന്ന പന്ത് ഉജ്ജ്വല ഹെഡ്ഡറിലൂടെ ജെയിംസ് മോഗ സാല്‍ഗോക്കര്‍ വലയിലെത്തിച്ചു. തുടര്‍ന്ന് 77-ാം മിനിറ്റില്‍ സെമിന്ലെന് ഡൗണ്ഗലും ആതിഥേയര്‍ക്കായി ഒരു ഗോള്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: