തിരുവനന്തപുരം: ആയുര്‍ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ കേരളമാണ് മുന്നിലെന്ന് നാറ്റ് ഹെല്‍ത്ത് (ഹെല്‍ത്ത് കീയര്‍ ഫെഡറേഷന് ഓഫ് ഇന്ത്യ) പുറത്തിറക്കിയ ധവള പത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 18 വയസ്സിന്റെ വ്യത്യാസമാണുള്ളത്. മധ്യപ്രദേശിലെ ആയുര്‍ദൈര്‍ഘ്യം 56 വയസ്സാണ്. എന്നാല്‍ ഓരോ കേരളീയന്റെയും ശരാശരി ആയുസ് 74 വയസാണ്.
ഇന്ത്യ അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന ആരോഗ്യ പ്രശ്നം കാന്‍സറും ഹൃദ്രോഗങ്ങളും ആണെന്ന് ധവള പത്രത്തില്‍ ചൂണ്ടികാട്ടുന്നു. കാന്‍സര്‍ ചികിത്സയാണ് മറ്റൊരു പ്രധാന വെല്ലുവിളി. അര്‍ബുദ ബാധിതരെന്ന് കണ്ടെത്തുന്ന രോഗികളില്‍ 70 ശതമാനവും ഒരു കൊല്ലത്തിനുള്ളില്‍ മരണമടയുന്നു.
പകരുന്നതും പകരാത്തതുമായ രോഗങ്ങളുടെ പിടിയിലാണ് ഇന്ത്യ. ആതുരാലയങ്ങളിലെ കിടക്കകളുടെ ആവശ്യം 2017-ല്‍ 6,50,000 എത്തുമെന്നാണ് കണക്ക്. ഇതിന് 1,62,500 കോടി രൂപയുടെ മൂലധന നിക്ഷേപം ആവശ്യമായി വരും. ഇത് ഇന്ത്യയുടെ വാര്‍ഷിക ആരോഗ്യ പരിപാലന ചെലവിന്റെ 50 ശതമാനത്തിലേറെ വരും. ഇന്ത്യയിലെ 70 ശതമാനം ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങളും കേവലം 20 നഗരങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ധവള പത്രത്തില്‍ വ്യക്തമാക്കുന്നു.
ഇന്ത്യയിലെ മരണ നിരക്ക് ഉയര്‍ന്ന മാരകമായ രണ്ടു രോഗങ്ങള്‍ ഹൃദ്രോഗവും അര്‍ബുദവുമാണ്. ഓരോ വര്‍ഷവും പുതുതായി 1.2 ദശലക്ഷം പേരില്‍ അര്‍ബുദരോഗം കണ്ടെത്തുമ്പോള്‍ സമഗ്ര അര്‍ബുദ രോഗ ചികിത്സാകേന്ദ്രങ്ങള്‍ 325 എണ്ണം മാത്രമാണുള്ളത്. കിംസ്, അപ്പോളോ ഹോസ്പിറ്റല്‍, ഫോര്‍ടിസ്, ഫിലിപ്സ് ഹെല്‍ത്ത് കീയര്‍, മണിപ്പാല്‍ ഹെല്‍ത്ത്, ജോണ്സണ് ആന്‍ഡ് ജോണ്സണ്, ആബട്ട്, വോക്ഖാര്ഡ്, കെ.ജി ഹോസ്പിറ്റല്‍ തുടങ്ങി ഇന്ത്യയിലെ 46-ഓളം ആരോഗ്യ സംരക്ഷണ സേവന ദാതാക്കള്‍ രൂപം നല്കിയ സംഘടനയാണ് നാറ്റ് ഹെല്‍ത്ത്.
കേന്ദ്ര സര്‍ക്കാരിന്റെ ആസൂത്രണ കമ്മീഷന് അംഗം ഡോ. സയേദ ഹമീദ് നാറ്റ് ഹെല്‍ത്ത് ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ ലോകാരോഗ്യ സംഘടന പ്രതിനിധി സി.കെ. മിശ്ര, സിഐഐ ഡയറക്ടര്‍ ജനറല്‍ ചന്ദ്രജിത്ത് ബാനര്‍ജി, നാറ്റ് ഹെല്‍ത്ത് പ്രസിഡന്റ് ഡോ. പ്രതാപ് സി. റെഡ്ഡി, വൈസ് പ്രസിഡന്റ് ഷിവിന്ദര്‍ മോഹന്‍ സിങ്, സെക്രട്ടറി ജനറല്‍ അന്ജന് ബോസ് എന്നിവര്‍ പ്രസംഗിച്ചു.
നാസ്കോമിന്റെ മാതൃകയില്‍ രൂപീകരിച്ചിട്ടുള്ള നാറ്റ് ഹെല്‍ത്തിന് ഇന്ത്യന്‍ ആരോഗ്യ സംരക്ഷണ മേഖലയെ സുസജ്ജമാക്കാന്‍ പ്രധാന പങ്കുവഹിക്കാനുണ്ടെന്ന് നാറ്റ് ഹെല്‍ത്ത് ജനറല്‍ സെക്രട്ടറി ജനറല്‍ അന്ജന് ബോസ് ചൂണ്ടികാട്ടി. ആരോഗ്യ പരിചരണ രംഗത്ത് അടിസ്ഥാനാവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് രൂപീകരിക്കണമെന്ന് നാറ്റ് ഹെല്‍ത്ത് ആവശ്യപെട്ടു. ആരോഗ്യ മേഖലയില്‍ ബിസിനസ്സ് ട്രസ്റ്റുകളുടെയും റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ് ട്രസ്റ്റുകളുടെയും പ്രവേശനം അനുവദിക്കുക, നോഡല്‍ ഏജന്‍സി രൂപീകരിക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: