നിയമീയ്: നൈജര്‍ മരുഭൂമിയുടെ വടക്ക് ഭാഗത്തായി മരിച്ച നിലയില്‍ 87 കുടിയേറ്റക്കാരുടെ ശരീരങ്ങള്‍ കണ്ടെത്തി. മരുഭൂമി താണ്ടി അല്ജീരിയയിലെത്താനുള്ള ശ്രമത്തിനിടയിലാണ് ഇവര്‍ മരണമടഞ്ഞത്. ഏഴ് പുരുഷന്മാരും 32 സ്ത്രീകളും 48 കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. അല്‍ജീരിയയുടെ അതിര്‍ത്തിയിലെത്താന്‍ ഏതാനം കി.മീ മാത്രം ദൂരമുള്ളപ്പോഴാണ് ലക്ഷ്യസ്ഥാനം കാണാതെ മരണത്തിന് കീഴടങ്ങേണ്ടി വന്നത്. ദാരിദ്ര്യം കാരണം കൂട്ടമായി സെപ്തംബര്‍ അവസാനം മരുഭൂമി വഴി യാത്ര തിരിച്ച ഇവര്‍ ഒക്ടോബറില്‍ മരണമടയുകയായിരുന്നെന്ന് അധികൃതര്‍ വ്യക്തമാക്കി. മരിച്ചവരുടെ മൃതദേഹങ്ങള്‍ മുസ്ലീം ആചാര പ്രകാരം അടക്കം ചെയ്യും. കഴിഞ്ഞമാസം സഹാറാ മരുഭൂമിയിലും സമാനമായ സംഭവം ഉണ്ടായതായി നൈജീരിയന്‍ അധികൃതര്‍ പറയുന്നു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘമായിരുന്നു ഇവിടേയും മരണപ്പെട്ടത്.
രണ്ട് വാഹനങ്ങളിലായി അല്‍ജീരിയ ലക്ഷ്യമാക്കി യാത്ര തിരിക്കുകയായിരുന്നു കുടിയേറ്റക്കാര്‍. എന്നാല്‍ യാത്രാ മദ്ധ്യേ വാഹനം തകരുകയായിരുന്നു. അര്ലിറ്റില് നിന്നും 83 കി.മീ അകലെ വച്ചായിരുന്നു ഒരു വാഹനം തകരുന്നത്. മറ്റൊന്ന് 158 കിമീ അകലെ വച്ചും തകരുകയായിരുന്നു. ആദ്യ വാഹനം തകര്‍ന്നപ്പോള്‍ രണ്ടാമത്തെ വാഹനത്തില്‍ യാത്ര തുടരുകയായിരുന്നു. ഏഴ് ദിവസം കൊണ്ട് ലക്ഷ്യസ്ഥനത്ത് എത്തുന്നതിനായി ആരംഭിച്ച യാത്ര അഞ്ച് ദിവസം കൊണ്ട് അവസാനിപ്പിക്കേണ്ടി വന്നു. ലോകത്തിലെ ദരിദ്ര രാജ്യങ്ങളിലൊന്നാണ് നൈജര്‍. ഭക്ഷ്യക്ഷാമത്തെ തുടര്‍ന്ന് ജീവന് നിലനിര്‍ത്തുന്നതിനായി ജനങ്ങള്‍ മറ്റു രാജ്യങ്ങളില്‍ കുടിയേറ്റക്കാരായി പലായനം ചെയ്തു കൊണ്ടിരിക്കുകയാണ്. നൈജറിനോട് അനുഭാവമുള്ള രാജ്യമായ ലിബിയ, അല്‍ജീരിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ജനങ്ങള്‍ ഇപ്പോഴും കുടിയേറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: