കൊച്ചി: മെട്രൊ റെയില്‍ പദ്ധതിക്കാവശ്യമായ മണല്‍ പെരിയാറില്‍ നിന്നും ഭാരതപ്പുഴയില്‍ നിന്നും വാരാന്‍ ധാരണ. ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കെഎംആര്‍എല്‍ ഓഫീസില്‍ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. മണല്‍ വാരുന്നതിന് പ്രത്യേക അനുമതി നല്‍കുന്നത് സംബന്ധിച്ച് അടുത്ത മന്ത്രി സഭയോഗത്തില്‍ ചര്‍ച്ചചെയ്യുമെന്നും യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മന്ത്രി ആര്യാടന് മുഹമ്മദ് പറഞ്ഞു.
നാല് ലക്ഷം ക്യുബിക് മീറ്റര്‍ മണലാണ് മെട്രൊ നിര്‍മാണത്തിന് ആവശ്യമായി വരുന്നത്. കൂടുതല്‍ നല്ല മണല്‍ ഭാരതപ്പുഴയില്‍ നിന്നും പെരിയാറ്റില്‍ നിന്നും ലഭിക്കുമെന്നതിനാല്‍ പദ്ധതിയുടെ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന് തന്നെയാണു മണല്‍ ഇവിടെ നിന്നും എടുക്കാമെന്നു നിര്‍ദേശിച്ചതെന്നും മന്ത്രി പറഞ്ഞു.
വന്‍തോതിലുള്ള മണല്‍ വാരല്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കു വഴിവയ്ക്കില്ലേ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് നിലവില്‍ ഇതിലധികം മണല്‍ ഇവിടെ നിന്നും അനധികൃതമായി കടത്തുന്നില്ലെ എന്ന മറു ചോദ്യമായിരുന്നു മന്ത്രിയുടെ മറുപടി. മെട്രൊ റെയില്‍ നിര്‍മാണത്തിനായി മണല്‍ എടുക്കുമ്പോള്‍ ഇത്തരത്തിലുള്ള അനധികൃത മണല്‍ വാരല്‍ കര്‍ശനമായി തടയാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: