തിരുവനന്തപുരം : നരേന്ദ്രമോദി ഭാരതത്തെ ഒന്നിപ്പിക്കുമ്പോള്‍ കോണ്‍ഗ്രസ്സും സമാജ്വാദി പാര്‍ട്ടിയും നിതീഷ്കുമാറുമൊക്കെ ഭാരതത്തെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്ന് വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യാ രക്ഷാധികാരി അശോക് സിംഗാള്‍. സര്‍ദാര്‍ പട്ടേല്‍ മുന്നോട്ടുവച്ച് മതേതരത്വമാണ് രാജ്യത്തിനാവശ്യമെന്നും അശോക്സിംഗാള് പറഞ്ഞു. തിരുവനന്തപുരം കേസരി സ്മാരക ഹാളില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏതെങ്കിലുമൊരു വ്യക്തിയേയോ പ്രസ്ഥാനത്തെയോ പിന്തുണയ്ക്കുക വിശ്വഹിന്ദു പരിഷത്തിന്റെ രീതിയല്ല. ഫെബ്രുവരിയില്‍ നടന്ന കുംഭമേളയില്‍ ചേര്‍ന്ന സന്ന്യാസി മാര്‍ഗ്ഗദര്‍ശക മണ്ഡല് മോദിയെ പിന്തുണക്കാന്‍ തീരുമാനിച്ചിരുന്നു. ആ തീരുമാനം നടപ്പാക്കുക വിഎച്ച്പിയുടെ ചുമതലയാണ്. സര്‍ദാര്‍ പട്ടേല്‍ ഉയര്‍ത്തിയ മതേതരത്വം ഇന്ന് രാജ്യത്തിനാവശ്യമാണ്. മോദിയും ഇതാണ് പറഞ്ഞിട്ടുള്ളത്. സോമനാഥ് ക്ഷേത്രം നിര്‍മ്മിച്ചത് സര്‍ദാര്‍ പട്ടേലാണ്.
രാമജന്മഭൂമി വിഷയം ഒരു രാഷ്ട്രീയ വിഷയമല്ല, ദേശീയ വിഷയമാണ്. അയോധ്യ രാമന്റെ ജന്മസ്ഥലമാണ്. അത് ഹിന്ദുക്കള്‍ക്ക് ലഭിച്ചേ മതിയാകൂ. തീവ്രവാദികളുടെ സുഹൃത്തുക്കളും ഹിന്ദുക്കളുടെ ശത്രുക്കളുമാണ് രാമജന്മഭൂമിയെ എതിര്‍ക്കുന്നത്. മോദി രാമജന്മഭൂമിയെ കുറിച്ച് പറഞ്ഞിട്ടില്ല എന്ന പ്രചരണത്തില്‍ കഴമ്പില്ല. മോദി ഒരു വ്യക്തിയല്ല ഒരു പ്രസ്ഥാനത്തിന്റെ ഭാഗമാണ്. ആ പ്രസ്ഥാനത്തിന്റെ നിലപാടുകള്‍ വ്യക്തവുമാണ്. കൂടുതല്‍ രാമഭക്തന്മാരെ വിജയിപ്പിക്കുക എന്നതായിരിക്കും അടുത്ത തെരഞ്ഞെടുപ്പിലെ വിഎച്ച്പിയുടെ മുദ്രാവാക്യം.
ജിഹാദി പ്രസ്ഥാനങ്ങള്‍ ഭാരതത്തില്‍ വേരുകളുണ്ട്. ജിഹാദി പ്രസ്ഥാനങ്ങളുടെ ഒരു രൂപമാണ് പോപ്പുലര്‍ ഫ്രണ്ട്. ഇന്ത്യന്‍ മുജാഹുദ്ദീനടക്കമുള്ള ജിഹാദി സംഘടനകളുടെ ലക്ഷ്യം ഭാരതത്തിന്റെ സമാധാനം തകര്‍ക്കുകയെന്നതാണ്. ഇത്തരം തീവ്രവാദ ശക്തികളെ പ്രോത്സാഹിപ്പിച്ച് ഭാരതത്തെ വിഭജിക്കുന്ന സമീപനമാണ് സോണിയാ ഗാന്ധിയുടെ കോണ്‍ഗ്രസ്സും സമാജ്വാദി പാര്‍ട്ടിയും നിധീഷ്കുമാറുമെല്ലാം കൈ കൊള്ളുന്നത്.
വര്‍ഗ്ഗീയ കലാപങ്ങള്‍ തടയുന്നതിന് തയ്യാറാക്കിയിട്ടുള്ള കരട് ബില്ലിലെ നിര്‍ദ്ദേശങ്ങള്‍ ന്യൂനപക്ഷ പ്രീണനത്തിനും പ്രത്യേകിത്ത് മുസ്ലിം പ്രീണനത്തിനുമുള്ളതാണ്. ഹിന്ദു മാത്രം കുറ്റക്കാരായി ചിത്രീകരിക്കുകയും ഹിന്ദുക്കള്‍ക്ക് മാത്രം ശിക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന കരട് ബില്ലിലെ നിര്‍ദ്ദേശങ്ങള്‍ക്ക് പിന്നില്‍ ആരാണെന്നത് വ്യക്തമാണ്. സോണിയാഗാന്ധി അധ്യക്ഷയായ കമ്മറ്റിയില്‍ ഒരു എംപി പോലുമില്ല. ക്രിസ്ത്യാനികളും മുസ്ലിങ്ങളുമാണ് നിര്‍ദ്ദേശങ്ങള്‍ക്കുപിന്നില്‍. ക്രിസ്ത്യാനികള്‍ക്കുവേണ്ടി നിലകൊള്ളുന്ന സോണിയാഗാന്ധിയുടെ ലക്ഷ്യം ഭാരതത്തിന്റെ ജനാധിപത്യത്തെ തകര്‍ക്കുകയാണ്. ജനാധിപത്യത്തിനും നിയമവ്യവസ്ഥയ്ക്കും വെല്ലുവിളിയാണ് കരട് ബില്‍. ഹിന്ദുക്കള്‍ക്കം ന്യൂനപക്ഷങ്ങള്‍ക്കും രണ്ടുതരം നിയമവ്യവസ്ഥയുണ്ടാക്കുന്ന ഈ ബില്ലിനെ വിഎച്ച്പി എതിര്‍ക്കുമെന്നും അശോക്സിംഗാള് പറഞ്ഞു.
വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി. മോഹനന്, ജില്ലാ പ്രസിഡന്റ് ബാലശങ്കര്‍ മന്നത്ത് എന്നിവരും മുഖാമുഖത്തില്‍ പങ്കെടുത്തു. കേസരി ട്രഷറര്‍ പി. ശ്രീകുമാര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി സി.പി ശ്രീഹര്ഷന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: