കണ്ണൂര്‍: ആലപ്പുഴയില്‍ പി കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ത്ത സംഭവം നേരത്തെ തീരുമാനിച്ച വ്യക്തമായ പരിപാടിയുടെ ഭാഗമായാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. സംഭവത്തില്‍ പങ്കില്ലെന്ന കോണ്‍ഗ്രസിന്റെ മുന്‍കൂര്‍ ജാമ്യം അത് തെളിയിക്കുന്നതായും പന്ന്യന്‍ പറഞ്ഞു.
കണ്ണൂരില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ത്താല്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കും സാധാരണജനങ്ങള്‍ക്കും ഉണ്ടാകുന്ന വികാരം മുതലെടുത്ത് കേരളത്തില്‍ കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മറ്റ് പല സംഭവങ്ങളിലെയെന്നപോലെ ഭരണത്തിലിരിക്കുന്ന പാര്‍ട്ടി ഈ അന്വേഷണത്തെയും വഴി തെറ്റിക്കാന്‍ ശ്രമിക്കുകയാണ്. ഈ പ്രവൃത്തി ചെയ്തവരോട് ഒരു തരത്തിലുള്ള സന്ധിയുമില്ല. ഇത് കേരളത്തിന്റെ പൊതുവികാരമാണ്. കുറ്റവാളികളെ കണ്ടെത്താന്‍ ഗവണ്മെന്റ് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും പന്ന്യന്‍ രവീന്ദ്രന് ആവശ്യപ്പെട്ടു.
ജനങ്ങള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങളെല്ലാം തട്ടിയെടുക്കാനുള്ള നീക്കം നടക്കുന്നതായും വൈദ്യുതി ബോര്‍ഡ് കമ്പനിയായി രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കം ആരംഭിച്ചത് ഇതിന്റെ ഒരു പടിയാണെന്നും പന്ന്യന്‍ പ്രസ്താവിച്ചു. വാട്ടര്‍ അതോറിറ്റി സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കവും യുഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. കെഎസ്ആര്‍ടിസിയും സ്വകാര്യവല്‍ക്കരിക്കാനുള്ള ശ്രമം ഇവരുടെ ഭാഗത്തു നിന്നുണ്ടാകും.
കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് നേരെ കല്ലേറുണ്ടായ സംഭവത്തില്‍ പൊലീസ് വ്യക്തമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്സും യുഡിഎഫും അവരുടെ നിലപാടുകള്‍ നടപ്പിലാക്കാനുള്ള ഉപാധിയായി പൊലീസിനെ ഉപയോഗിക്കുകയാണ്. പൊലീസ് ഈ അന്വേഷണത്തില്‍ സ്വതന്ത്രമായ നിലപാട് സ്വീകരിച്ച് കുറ്റവാളികളെ കണ്ടെത്തണം. വീട്ടില്‍ കിടന്നുറങ്ങുന്നവരെപ്പോലും അര്‍ധരാത്രി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: