തിരുവനന്തപുരം: തൃക്കോട്ടൂര്‍ ശിവക്ഷേത്രത്തിനുസമീപമുള്ള പെരുമാള്‍പുരം മൈതാനം മുതല്‍ അറ്റ്ലാന്റയിലെ ഒളിമ്പിക്സ് മൈതാനം വരെ ദൂരങ്ങള്‍ ഓടിക്കടന്ന ഉഷയെന്ന പെണ്‍കുട്ടിയുടെ ജീവചരിത്രവും കായികചരിത്രവും പ്രതിപാദിക്കുന്ന പ്രദര്‍ശനം ചരിത്രത്തിന്റെ ഓര്‍മ്മപ്പെടുത്തലായി. പി.ടി. ഉഷയുടെ കായിക ജീവിതത്തിലെ നാഴികക്കല്ലുകളും ചരിത്രങ്ങളും അടിസ്ഥാനമാക്കി ഉഷ എക്സ് എന്ന പേരില്‍ തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ച ഫോട്ടോ വീഡിയോ പ്രദര്‍ശനം അക്ഷരാര്‍ത്ഥത്തില്‍ പുതുതലമുറയ്ക്ക് പയ്യോളി എക്സ്പ്രസ് കടന്നുവന്ന വഴികള്‍ വ്യക്തമാക്കുന്നതായിരുന്നു.
1964ല്‍ ജനിച്ച ഉഷയുടെ മൂന്നാം വയസ്സിലെ ചിത്രം മുതല്‍ ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സിലെ സുവര് നേട്ടങ്ങള്‍ വരെ ഉള്‍ക്കൊള്ളിക്കുന്ന ചിത്രങ്ങള്‍ പി.ടി. ഉഷയുടെ ഒളിമ്പിക്സ് പ്രകടനത്തിന്റെ മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരുക്കിയ പ്രദര്‍ശനത്തിലാണ്. തൃക്കോട്ടൂര്‍ എയുപി സ്കൂളിലെ നാലാം ക്ലാസ്സുകാരി ഉഷയെന്ന പെണ്‍കുട്ടി സ്കൂളിലെ ഉപജില്ലാ ചാമ്പ്യനായ ബേബി ശര്‍മ്മിളയെന്ന ഏഴാം ക്ലാസ്സുകാരിയെ തോല്‍പ്പിക്കുന്ന സുവര്‍ണ നിമിഷം. ആ നിമിഷം മനസ്സില്‍ കുറിച്ച കായികാധ്യാപകന് ഇ. ബാലകൃഷ്ണന്‍നായര്‍. ഉഷയുടെ കായിക ജീവിതത്തിന് തുടക്കം കുറിച്ച ബാലകൃഷ്ണന് സാറും കണ്ണൂര്‍ സ്പോര്‍ട് ഡിവിഷനില്‍ നിന്നും ഏഴാം ക്ലാസ്സുകാരി ഉഷയെ പ്രൊഫഷണല്‍ കായികതാരമായി മാറ്റിയെടുത്ത കോച്ച് ഒ.എം. നമ്പ്യാരുമെല്ലാം പ്രദര്‍ശനത്തിലെ മുഖ്യതാരങ്ങളാണ്. 1975ല്‍ മേലടി സബ് ജില്ലാ കായികമേളയില്‍ ആദ്യ സമ്മാനം നേടി ചാമ്പ്യന്‍ പട്ടം സ്വന്തംമാക്കിയതുമുതല് 1999ല്‍ ഓപ്പണ്‍ നാഷണല്‍ മീറ്റില്‍ മെഡല്‍ നേടി കായിക രംഗത്തോട് വിടപറയുന്നതുവരെയുള്ള ചരിത്ര മുഹൂര്‍ത്തങ്ങള്‍ ഓരോ കായികപ്രേമിക്കും മായാത്ത ഓര്‍മ്മകള്‍ സമ്മാനിക്കും. 80ലെ മോസ്കോ ഒളിമ്പിക്സ്, 84ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സില്‍ കൈയെത്തും ദൂരത്ത് ഒളിമ്പിക്സ് മെഡല്‍ നഷ്ടമായ മുഹൂര്‍ത്തം, 88ലെ സിയോള്‍ ഒളിമ്പിക്സ്, 96ലെ അറ്റ്ലാന്റ്ഒളിമ്പിക്സ് എന്നിയിലെ ഉഷയുടെ കുതിപ്പ് പകര്‍ത്തിയ ചിത്രങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്. 83 ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ട്രാക്ക് ആന്റ് ഫീല്‍ഡില്‍ അഞ്ചുസ്വര്ണ്ണവും ഒരു വെങ്കലവും നേടിയ അപൂര്‍വ്വ മുഹൂര്‍ത്തങ്ങളും 86 ലെ സോള്‍ ഏഷ്യാഡില്‍ നാല് സ്വര്‍ണം നേടിയ മുഹൂര്‍ത്തങ്ങളും സുവര്‍ണ സ്മരണകളൊരുക്കുന്നു. ഉഷയുടെ ജീവിതാനുഭവങ്ങള്‍, സങ്കടങ്ങള്‍, വിവാഹനിമിഷങ്ങള്‍, കായികരംഗത്തുനിന്നും വിട്ടുനിന്ന കാലഘട്ടം, അവാര്‍ഡുകള്‍, പരസ്യചിത്രങ്ങള്‍, കുടുംബം, പ്രശസ്തരുമായ ഫോട്ടോകള്‍ എന്നിവയും പ്രദര്‍ശനത്തിന് മാറ്റ് കൂട്ടുന്നുണ്ട്. ഉഷ സ്കൂളിലെ ഭാവിതാരങ്ങളുടെ നേട്ടങ്ങളുടെ ചിത്രങ്ങളും മിഴിവേകുന്നു.
പ്രദര്‍ശനം കാണാന്‍ നിരവധി കായികപ്രതിഭകളുമെത്തിയിരുന്നു. മേഴ്സിക്കുട്ടന്‍, ബോബി അലോഷ്യസ്, ബീനാമോള്‍, രഞ്ജിത്ത് മഹേശ്വരി, ബിബിന്മാത്യു, അങ്കിത് ശര്‍മ്മ, കെ.ടി. ഇര്ഫാന്, അമര്‍ദീപ് സിംഗ്, ടിന്റുലൂക്ക എന്നിവര്‍ പ്രദര്ശനവേളയിലെത്തിയിരുന്നു. രാജ്യമെമ്പാടുമുള്ള ഫോട്ടോഗ്രാഫര്‍മാരില്‍ നിന്നും ശേഖരിച്ച 48000 ഫോട്ടോകളില്‍ നിന്നും തെരഞ്ഞെടുത്ത 380 ഫോട്ടോകള്‍ പ്രദര്‍ശനത്തിനുണ്ട്. ഒപ്പം ഉഷയുടെ കായികജീവിതം പ്രതിപാദിക്കുന്ന പത്രതാളുകളും അണിനിരത്തിയിട്ടുണ്ട്. രാവിലെ 9 മുതല്‍ വൈകുന്നേരം 7 വരെ നടക്കുന്ന പ്രദര്‍ശനം നവംബര്‍ 3ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: