നാഗ്പൂര്‍: ആറാം ഏകദിനം ഇന്ത്യക്ക്. ഓസ്ട്രേലിയ ഉയര്‍ത്തിയ 351 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യത്തെ പിന്തുടര്‍ന്ന ഇന്ത്യക്ക് വിജയിക്കാന്‍ അന്‍പത് ഓവര്‍ മുഴുവന്‍ വേണ്ടിവന്നില്ല. മൂന്ന് പന്തും ആറ് വിക്കറ്റും ബാക്കിനില്‍ക്കേ ഇന്ത്യ വിജയതീരമണിഞ്ഞു. ശിഖര്‍ ധവാന്റെയും (102 പന്തില്‍ 100) വിരാട് കോഹ്ലിയുടെയും (66 പന്തില്‍ 115) തകര്‍പ്പന്‍ സെഞ്ച്വറികളും രോഹിത് ശര്‍മ്മയുടെ (89 പന്തില്‍ 79) അര്‍ദ്ധസെഞ്ച്വറിയും ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചു. വിരാട് കോഹ്ലിയാണ് മാന്‍ ഓഫ് ദി മാച്ച്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഷെയ്ന് വാട്സന്റെയും (94 പന്തില്‍ 102), ജോര്‍ജ് ബെയ്ലിയുടെയും (114 പന്തില്‍ 156) സെഞ്ച്വറികളുടെ കരുത്തിലാണ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 350 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ അടിച്ചെടുത്തത്. ഇതോടെ ഏഴ് മത്സരങ്ങളുടെ പരമ്പര 2-2ന് സമനിലയിലായി. പരമ്പരയിലെ അവസാന മത്സരം നവംബര്‍ രണ്ടിന് ബംഗളൂരുവില്‍ നടക്കും.
നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി ഓസ്ട്രേലിയയെ ബാറ്റിംഗിനയച്ചു. ക്യാപ്റ്റന്റെ തീരുമാനം ശരിവെച്ചുകൊണ്ട് ഓപ്പണര്‍മാരായ ഹ്യൂഗ്സിനെയും ഫിഞ്ചിനെയും വേഗത്തില്‍ പുറത്താക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞു. സ്കോര്‍ 30-ല്‍ എത്തിയപ്പോഴാണ് ആദ്യ ഓസീസ് വിക്കറ്റ് ഇന്ത്യ വീഴ്ത്തിയത്. 13 റണ്‍സെടുത്ത ഹ്യൂഗ്സിനെ ഭുവനേശ്വര്‍കുമാറിന്റെ പന്തില്‍ വിരാട് കോഹ്ലി പിടികൂടി. സ്കോര്‍ 45 റണ്‍സിലെത്തിയപ്പോള്‍ രണ്ടാം വിക്കറ്റും ഓസ്ട്രേലിയക്ക് നഷ്ടമായി. 20 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ച് അശ്വിന്റെ പന്തില്‍ ബൗള്‍ഡായി മടങ്ങി. ഇന്ത്യയുടെ മേധാവിത്വത്തിനും ഇതോടെ മങ്ങലേറ്റു. മൂന്നാം വിക്കറ്റില്‍ ഷെയ്ന് വാട്സണൊപ്പം ക്യപ്റ്റന്‍ ജോര്‍ജ് ബെയ്ലി ഒത്തുചേര്‍ന്നതോടെ ഓസ്ട്രേലിയ തകര്‍ച്ചയില്‍ നിന്ന് കരകയറി. ഇരുവരും ചേര്‍ന്ന് 22.3 ഓവറില്‍ സ്കോര്‍ 100 കടത്തി. തുടക്കത്തില്‍ ശ്രദ്ധയോടെ കളിച്ച ഇരുവരും നിലയുറപ്പിച്ചതോടെ ആക്രമണ ബാറ്റിങ്ങ് പുറത്തെടുത്തു. മൂന്നാം വിക്കറ്റില്‍ 23.5 ഓവറില്‍ 168 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. 34.4 ഒാവറില്‍ സ്കോര്‍ 213-ല്‍ എത്തിയപ്പോള്‍ ഓസ്ട്രേലിയയുടെ നാലാം വിക്കറ്റ് നഷ്ടമായി. ഇതിനിടെ ഷെയ്ന്‍വാട്സണ്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി. 93 പന്തുകളില്‍ നിന്ന് 13 ബൗണ്ടറികളും മൂന്ന് സിക്സറുമടക്കമാണ് വാട്സണ് 100 കടന്നത്. പിന്നീട് 102 റണ്‍സെടുത്ത വാട്സണെ മുഹമ്മദ് ഷാമി ബൗള്‍ഡാക്കി. പിന്നീടെത്തിയ മാക്സ്വെല്ലിന് ഏറെ ആയുസ്സുണ്ടായില്ല. സ്കോര്‍ 224-ല്‍ എത്തിയപ്പോള്‍ 9 റണ്‍സെടുത്ത മാക്സ്വെല്ലിനെ അശ്വിന്റെ പന്തില്‍ ഭുവനേശ്വര്‍കുമാര്‍ പിടികൂടി. തുടര്‍ന്നെത്തിയ വോഗ്സിനെ കൂട്ടുപിടിച്ച് ക്യാപ്റ്റന്‍ ബെയ്ലി ഇന്ത്യന്‍ ബൗളര്‍മാരെ അടിച്ചുപറത്തി. അധികം വൈകാതെ ബെയ്ലി സെഞ്ച്വറി തികച്ചു. 84 പന്തുകളില്‍ നിന്ന് 10 ബൗണ്ടറികളും രണ്ട് സിക്സറുമടക്കമാണ് ഒാസീസ് ക്യാപ്റ്റന്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 49.2 ഓവറില്‍ സ്കോര്‍ 344-ല്‍ എത്തിയശേഷമാണ് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് പിരിഞ്ഞത്. ഇന്ത്യന്‍ ബൗളര്‍മാരെ അടിച്ചുപറത്തി 114 പന്തില്‍ നിന്ന് 13 ബൗണ്ടറികളും ആറ് സിക്സറുമടക്കം 156 റണ്‍സെടുത്ത ബെയ്ലിയെ രവീന്ദ്ര ജഡേജയുടെ പന്തില്‍ കോഹ്ലി പിടികൂടി. ഒരു പന്തിന്റെ ഇടവേളക്കുശേഷം റണ്ണൊന്നുമെടുക്കാതെ മിച്ചല്‍ ജോണ്‍സനെയും ജഡേജ ധവാന്റെ കൈകളിലെത്തിച്ചു. ആദ്യ 22 ഓവറില്‍ 89 റണ്‍സ് മാത്രം സ്വന്തമാക്കിയ ഓസ്ട്രേലിയ അവസാന 28 ഓവറില്‍ 261 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇന്ത്യക്ക് വേണ്ടി അശ്വിനും ജഡേജയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
351 റണ്‍സ് വിജയലക്ഷ്യത്തെ പിന്തുടര്ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും ചേര്‍ന്ന് ഉജ്ജ്വല തുടക്കം സമ്മാനിച്ചു. കരുതലോടെ തുടങ്ങിയ ഇരുവരും ചേര്‍ന്ന് 9.3 ഓവറില്‍ ഇന്ത്യന്‍ സ്കോര്‍ 50 കടത്തി. പിന്നീട് 19 ഓവറില്‍ ഇന്ത്യന്‍ സ്േകാര്‍ 100ഉം കടന്നു. ഇതിനിടെ ശിഖര്‍ ധവാന് അര്‍ദ്ധസെഞ്ച്വറി പിന്നിട്ടു. 50 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറികളോടെയാണ് ധവാന് അര്‍ദ്ധസെഞ്ച്വറി തികച്ചത്. ഇന്ത്യന്‍ സ്കോര്‍ 24.5 ഓവറില്‍ 141-ല്‍ എത്തിയപ്പോള്‍ രോഹിത്ശര്‍മ്മയും അര്‍ദ്ധസെഞ്ച്വറി പിന്നിട്ടു. 72 പന്തുകളില്‍ നിന്ന് 7 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് രോഹിത് 50 കടന്നത്. പിന്നീട് 26.4 ഓവറില്‍ ഇന്ത്യ 150 കടന്നു. ഒടുവില്‍ സ്കോര്‍ 29.3 ഓവറില്‍ 178-ല്‍ എത്തിയപ്പോള്‍ ആദ്യ ഇന്ത്യന്‍ വിക്കറ്റ് വീണു. 89 പന്തുകളില്‍ നിന്ന് 7 ബൗണ്ടറികളും മൂന്ന് സിക്സറുമടക്കം 79 റണ്‍സെടുത്ത രോഹിത് ശര്‍മ്മയെ ഫിഞ്ചിന്റെ പന്തില്‍ ഫള്‍ക്നര്‍ പിടികൂടി. പിന്നീടെത്തിയ വിരാട് കോഹ്ലി തുടക്കം മുതലേ മികച്ച ഫോമിലായിരുന്നു. 32.3 ഓവറില്‍ ഇന്ത്യന്‍ സ്കോര്‍ 200 പിന്നിട്ടു. പിന്നീട് 35.4 ഓവറില്‍ സ്കോര്‍ 234-ല്‍ എത്തിയപ്പോള്‍ ശിഖര്‍ ധവാന് സെഞ്ച്വറി സ്വന്തമാക്കി. 100 പന്തില്‍ നിന്ന് 11 ബൗണ്ടറികളോടെയാണ് ധവാന് 100 റണ്‍സ് നേടിയത്. തൊട്ടുപിന്നാലെ ധവാന് പുറത്തായി. ഫള്‍ക്നറുടെ പന്തില്‍ ബൗള്‍ഡായാണ് ധവാന് മടങ്ങിയത്. സ്കോര്‍ രണ്ടിന് 234. അധികം വൈകാതെ വിരാട് കോഹ്ലി അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കി. 31 പന്തില്‍ നിന്ന് 7 ബൗണ്ടറികളും ഒരു സിക്സറുമടക്കമാണ് കോഹ്ലി 50 കടന്നത്. 42.2 ഓവറില്‍ സ്കോര്‍ 290-ല്‍ എത്തിയപ്പോള്‍ 16 റണ്‍സെടുത്ത സുരേഷ് റെയ്നയെ ഇന്ത്യക്ക് നഷ്ടമായി. 14 പന്തില്‍ നിന്ന് 16 റണ്‍സെടുത്ത റെയ്നയെ ജോണ്‍സന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഹാഡിന് പിടികൂടി. അതേ ഒാവറിലെ അഞ്ചാം പന്തില്‍ യുവരാജിനെയും ജോണ്സണ് ക്ലീന്‍ ബൗള്‍ഡാക്കി. 44 ഓവറില്‍ ഇന്ത്യ 300 കടന്നു. 47.4 ഓവറില്‍ ഇന്ത്യന്‍ സ്കോര്‍ 328-ല്‍ എത്തിയപ്പോള്‍ കോഹ്ലി സെഞ്ച്വറി പൂര്‍ത്തിയാക്കി. 61 പന്തില്‍ നിന്ന് 16 ബൗണ്ടറികളും ഒരു സിക്സറുമടക്കമാണ് കോഹ്ലിയുടെ സെഞ്ച്വറി. പിന്നീട് ധോണിയെ കൂട്ടുപിടിച്ച് കോഹ്ലി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ധോണി 23 റണ്‍സുമായി പുറത്താകാതെ നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: