തൃശൂര്‍: നിതാഖത് നിയമത്തിന്റെ പേരില്‍ രേഖകള്‍ ശരിയാകാതെ സൗദി അറേബ്യയില്‍ കഷ്ടപ്പെടുന്ന മലയാളികളെ നാട്ടിലെത്തിക്കുവാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ബിജെപി സ്റ്റേറ്റ് സെല്‍ കോഡിനേറ്റര്‍ അഡ്വ. ബി.ഗോപാലകൃഷ്ണന് പറഞ്ഞു. നാട്ടിലെത്തുന്ന മലയാളികള്‍ പെരുവഴിയിലാകാതെ അവര്‍ക്ക് നിലവിലുള്ള നിയമങ്ങള്‍ ഇളവ് ചെയ്ത് പുനരധിവാസം ഉറപ്പാക്കണം. ഉദ്പാദനം ഇല്ലാതെ ഉപഭോഗ കമ്പോളമായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തില്‍ മലയാളികളുടെ സേവനം ഉത്പാദന രംഗത്ത് പ്രയോജനപ്പെടുത്തുവാന്‍ ഗവണ്മെന്റ് കാര്യക്ഷമത കാട്ടണം.
ഗുജറാത്ത് മോഡല്‍ പുനരധിവാസം നിര്‍മ്മാണ ഉത്പാദന മേഖലയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ നിതാഖത്തിന്റെ പേരില്‍ പുറത്താക്കപ്പെടുന്ന മലയാളികള്‍ കേരളത്തിന് മുതല്‍ക്കൂട്ടായി മാറും. അല്ലെങ്കില്‍ ഗള്‍ഫ് നാടിനെ ആശ്രയിക്കുന്ന കേരളത്തിന്റെ സമ്പദ് ഘടനക്ക് നിതാഖത് പ്രതികൂലമായി ബാധിക്കുവാന്‍ ഇടയുണ്ട്. കേരളത്തിന്റെ കായിക അദ്ധ്വാനത്തിന്റെ മേഖല പുറം സംസ്ഥാനക്കാരില്‍ നിന്നും തിരിച്ച് പിടിക്കാനും ഈ അവസരം ഉപയോഗിക്കണം. ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തുന്ന മലയാളികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിനായി പ്രത്യേക കൗണ്‍സിലിങ്ങ് സെല്ലുകളുടെ പ്രവര്‍ത്തനവും നടപടിയും അടിയന്തിരമായി ആരംഭിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: