കോഴിക്കോട്: ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ നായകവേഷം ചെയ്യുന്ന ‘മുഖംമൂടികള്‍’ എന്ന സിനിമ കേന്ദ്ര-സംസ്ഥാന അവാര്‍ഡ് കമ്മറ്റികള്‍ അവഗണിച്ചു. 98 വയസ്സുകഴിഞ്ഞ ഗുരു അഭിനയിച്ച സിനിമ നവംബര്‍ 8ന് ആദ്യ പ്രദര്‍ശനത്തിനെത്തുമെന്ന് അണിയറ ശില്പികള് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തിലെ ഏറ്റവും പ്രായം ചെന്ന കഥകളി ആചാര്യന്റെ ചലച്ചിത്രപ്രവേശവും അഭിനയവും കാണാനോ വിലയിരുത്താനോ ജൂറി കമ്മറ്റി ശ്രമിച്ചില്ല. കഥകളിനടനും നാടക കലാകാരനും ഉള്‍പ്പെടുന്ന കുടുംബത്തിന് വന്നുചേരുന്ന പ്രതിസന്ധികളാണ് ‘മുഖംമൂടികള്‍’ എന്ന സിനിമയുടെ ഇതിവൃത്തം. 2000ത്തില്‍ കരുണം എന്ന ചിത്രത്തില്‍ അഭിനയിച്ച 80 കാരനായ വാവച്ചന് സംസ്ഥാന പുരസ്കാരം നല്‍കിയിരുന്നു. എന്നാല്‍ ചേമഞ്ചേരി കുഞ്ഞിരാമന് നായരെന്ന മഹാപ്രതിഭയെ അവാര്‍ഡ് കമ്മറ്റികള്‍ അവഗണിക്കുകയായിരുന്നു.
സിനിമയുടെ പ്രദര്‍ശനത്തിന് സര്‍ക്കാര്‍വക തിയേറ്ററുകള്‍ ലഭിക്കാന്‍ പോലും വിഷമം നേരിട്ടുവെന്ന് സംവിധായകന് പി.കെ. രാധാകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാധാകൃഷ്ണന്റെ പതിനൊന്നാമത് സിനിമയാണ് മുഖംമൂടികള്‍. അല്‍യാസ്മിന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ രഘു കീഴരിക്കര നിര്‍മ്മിച്ച സിനിമയുടെ തിരക്കഥ ഒരുക്കിയത് കെ. ശിവരാമനും എം.എം. സചീന്ദ്രനുമാണ്.
എം.എം. സചീന്ദ്രന്‍ ഗാനരചനയും പ്രേംകുമാര്‍ വടകര സംഗീതവും നിര്‍വഹിച്ച സിനിമയുടെ ഛായാഗ്രഹണം എം.കെ. വസന്ത്കുമാറിന്റേതാണ്. ഗുരുവിനെ കൂടാതെ ഇര്‍ഷാദ്, ചേമഞ്ചേരി നാരായണന് നായര്‍, മാമുക്കോയ, പ്രകാശ് പയ്യാനക്കല്‍, മോഹനഗായത്രി, കണ്ണൂര്‍ ശ്രീലത, കോഴിക്കോട് ശാരദ തുടങ്ങിയവരാണ് അഭിനയിച്ചത്.
അവാര്‍ഡ് കിട്ടുമോ ഇല്ലയോ എന്നതല്ല താന്‍ പരിഗണിച്ചതെന്ന് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ പറഞ്ഞു. കഥകളി നടന്റെ ജീവിതവും നടനവും പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. അതില്‍ വിജയിച്ചുവോയെന്നത് പ്രേക്ഷകരാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ രഘു കീഴരിക്കര, എം.എം. സചീന്ദ്രന്‍, ദേവസിക്കുട്ടി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: