ശ്ലോകം 4 – ധീരോ ള ധീശോ ധനാദ്ധ്യക്ഷോ ധരണീപതിരച്യുതഃ
ശരണ്യഃ ശര്മ്മദഃ ശാന്തഃ സര്വശാന്തികരഃ സ്മൃതഃ
18. ധീരഃ – ധീരന്, ബുദ്ധിയും മന:ശക്തിയും വൈദഗ്ധ്യവും നിശ്ചയദാര്ഢ്യമുളളയാളാണ് ധീരന്. തന്റെ ബുദ്ധിശക്തികൊണ്ട് അന്യരുടെ ബുദ്ധിയെ പ്രകമ്പനം കൊള്ളിക്കുന്നവന് ധീരന് എന്ന് ചില നിരുക്തകോശങ്ങള് പദത്തെ നിര്‍വ്വചിക്കുന്നു.
”ധിയം രാതി ദദാതി ഇതിധീരഃ” എന്നു വ്യാഖ്യാനിച്ച് തന്റെ ഭക്തര്ക്കുബുദ്ധി പ്രദാനം ചെയ്യുന്ന കാരുണ്യമൂര്‍ത്തി എന്നു ചില ആചാര്യന്മാര് അര്‍ത്ഥം കല്പ്പിക്കുന്നു. ഗുരുവായൂരപ്പന്റെ കാര്യത്തില്‍ രണ്ടു വ്യാഖ്യാനവും ഉപപന്നമാണ്. രോഗഹരമന്ത്രത്തിലെ ഏഴാമത്തെ അക്ഷരമായ ‘ധീ’ കൊണ്ടാണ് ഈ നാമം ആരംഭിക്കുന്നത്.
19. അധീശഃ – അധിനാഥന്‍, മേല്‍ക്കോയ്മ, ഉടമ, ചുമതലക്കാരന്, പ്രമാണി എന്നിങ്ങനെ ഈ പദത്തിന് അര്‍ത്ഥം. പ്രപഞ്ചകര്‍ത്താവാണ് ഭഗവാന്, പ്രപഞ്ചത്തിലുള്ള ചരവും അചരവും ജീവിയും ജഡവുമെല്ലാം ഭഗവാന്റെ അനന്തവിഭൂതികളുടെ അല്പ്പാംശംമാത്രമാണ്. എല്ലാത്തിന്റെയും ആധിപത്യവും ഉടമാവകാശവും ഭഗവാന് തന്നെയാണെന്ന് എടുത്തുപറയേണ്ടതില്ല.
”മത്തഃ പരതരം നാന്യത് കിഞ്ചിദസ്തി ധനഞ്ജയ
മയി സര്‍വ്വമിദം പ്രോതം സൂതേ മണിഗണാ ഇവ”
അര്‍ജ്ജുനാ, എന്നില്‍ നിന്നു വേറെയായി ഒന്നും തന്നെയില്ല. നൂലില്‍ രത്നങ്ങളെന്നപോലെ എല്ലാം എന്നില്‍ ചേര്‍ന്നിരിക്കുന്നു. (ഭഗവത്ഗീത 7.7) എന്ന് ഭഗവാന് അരുളിചെയ്തത് ഓര്‍ക്കുക.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: