ന്യൂദല്‍ഹി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി പ്രസംഗിക്കാനെത്തിയ പാറ്റ്നയിലെ ഗാന്ധിമൈതാനിയില്‍ ബോംബ് സ്ഫോടന പരമ്പര. മൈതാനത്തിനു ചുറ്റുമായി നടന്ന സ്ഫോടനങ്ങളില്‍ ആറുപേര്‍ മരിക്കുകയും 83 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. എന്നാല്‍ ആത്മസംയമനം പാലിച്ച ലക്ഷക്കണക്കിനു പാര്‍ട്ടി പ്രവര്‍ത്തകരും സാധാരണ ജനങ്ങളും ബിജെപി സംഘടിപ്പിച്ച ഹുങ്കാര്‍ റാലിയില്‍ സമാധാനപരമായി പങ്കെടുത്ത് മാതൃക കാട്ടി. സ്ഫോടനത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബീഹാര്‍ സര്‍ക്കാരിനോട് അടിയന്തര വിശദീകരണം ആവശ്യപ്പെട്ടു.
അതീവ സുരക്ഷാ വീഴ്ച സംഭവിച്ച പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടേയും കേന്ദ്ര ആഭ്യന്തര മന്ത്രിയുടേയും നിര്‍ദ്ദേശ പ്രകാരം ദേശീയ അന്വേഷണ ഏജന്‍സിയും എന്‍എസ്ജി കമാന്‍ഡോകളും പാട്നയിലെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടു നടന്ന സ്ഫോടനമാണോ ഭീഷണിപ്പെടുത്തുന്നതിനായി ഏതെങ്കിലും കേന്ദ്രങ്ങള്‍ കരുതിക്കൂട്ടി നടത്തിയ ബോംബ് സ്ഫോടനങ്ങളാണോ എന്ന കാര്യത്തേപ്പറ്റി അന്വേഷണം നടക്കുന്നു. നരേന്ദ്രമോദിയുടെ പൊതുപരിപാടികളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ തീരുമാനിച്ചിട്ടുണ്ട്. സ്ഫോടന പരമ്പരകളില്‍ ദു:ഖം പ്രകടിപ്പിച്ച നരേന്ദ്രമോദി മരിച്ചവരുടെ കുടുംബാംഗങ്ങളുടെ വിഷമത്തില്‍ പങ്കുചേരുന്നതായും എല്ലാവരും സമാധാനവും ശാന്തതയും കൈവെടിയാതെ പ്രവര്‍ത്തിക്കണമെന്നും പറഞ്ഞു.
രാവിലെ പത്തരയോടെ റാലി നടന്ന മൈതാനത്തുനിന്നും രണ്ടു കിലോമീറ്റര്‍ അകലെ പാറ്റ്ന റെയില്‍വേ സ്റ്റേഷനിലാണ് ആദ്യ സ്ഫോടനം ഉണ്ടായത്. ടോയ്ലറ്റില് സ്ഥാപിച്ചിരുന്ന ക്രൂഡ് ബോംബ് നിര്‍വ്വീര്യമാക്കുന്നതിനിടെ ഇവിടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥനു പരിക്കു പറ്റിയിട്ടുണ്ട്. ഇതിനു ശേഷം സമ്മേളനം ആരംഭിക്കുന്നതിനിടെയാണ് ഗാന്ധി മൈതാനത്തിനു ചുറ്റുമായി അഞ്ചു സ്ഫോടനങ്ങള്‍ നടന്നത്. വീര്യം കുറഞ്ഞ ബോംബുകളാണ് പൊട്ടിത്തെറിച്ചതെങ്കിലും ലക്ഷക്കണക്കിനു പേര് തിങ്ങി നിറഞ്ഞിരുന്നതിനാല്‍ അപകട തീവ്രത ഏറിയതായി പോലീസ് പറയുന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ പാട്ന മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സ്ഫോടനപരമ്പരകളുമായി ബന്ധപ്പെടുത്തി ഒരാളെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. പതിനൊന്നംഗ സംഘമാണ് സ്ഫോടനം നടത്തിയതെന്ന് ഇയാള്‍ പോലീസിനു മൊഴി നല്കി. എന്നാല്‍ അറസ്റ്റിലായ ആളുടെ പേരു വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സ്ഫോടനശേഷം മൈതാനത്തിന്റെ പടിഞ്ഞാറുവശത്തെ സിനിമാ ഹാളിനു സമീപത്തു നടത്തിയ തിരച്ചിലില്‍ ഒരു ബോംബ് കണ്ടെടുത്ത് നിര്‍വീര്യമാക്കി. പാറ്റ്നയില്‍ ആറു സ്ഫോടനങ്ങളാണ് നടന്നതെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമി ദല്‍ഹിയില്‍ അറിയിച്ചു.
പാറ്റ്ന സ്ഫോടനങ്ങളില്‍ ദു:ഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിന് നിര്‍ദ്ദേശം നല്കി. അന്വേഷണത്തിന് എല്ലാവിധത്തിലുമുള്ള കേന്ദ്രസഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. എന്നാല്‍ നരേന്ദ്ര മോദി പങ്കെടുത്ത റാലിയില്‍ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രതികരിച്ചു. സുരക്ഷാ ക്രമീകരണങ്ങളില്‍ കുറവ് വരുത്തിയിട്ടില്ലെന്ന് നിതീഷ് ബിജെപി നേതൃത്വത്തോട് വിശദീകരിച്ചു. സമാധാനവും ശാന്തതയും കൈവെടിയാതെ പ്രവര്‍ത്തിക്കണമെന്ന് ആഹ്വാനം ചെയ്ത ബിജെപി നേതൃത്വത്തെ മുഖ്യമന്ത്രി നന്ദി അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം ബീഹാര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
സ്ഫോടനത്തെ കടുത്ത ഭാഷയില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ രാജ്നാഥ്സിങ് അപലപിച്ചു. ബോധഗയ ക്ഷേത്രത്തിലുണ്ടായ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ സംഭവത്തെ നോക്കിക്കാണണമെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ രാജ്യം മുഴുവന്‍ പങ്കുചേരുന്നതായും രാജ്നാഥ് സിങ് പറഞ്ഞു. ജനാധിപത്യത്തിനെതിരെ നടന്ന ആക്രമണമാണ് പാറ്റ്നയില്‍ നടന്നതെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി പ്രതികരിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: