മാഡ്രിഡ്: ഡേവിഡ് വിയ ഒരു ലോകോത്തര സ്ട്രൈക്കറാണ്. സൂപ്പര്‍ ക്ലബ്ബ് ബാഴ്സലോണയുടെയും ലോകചാമ്പ്യന് സ്പെയിനിന്റെയുമൊക്കെ കുപ്പായത്തില്‍ വിയ തന്റെ സ്കോറിങ് പാടവം പലവട്ടം തെളിയിച്ചിട്ടുണ്ട്. ഇപ്പോളിതാ അത്ലറ്റിക്കോ മാഡ്രിഡിനുവേണ്ടിയും വിയ മൂര്ച്ചകാട്ടുന്നു. എതിരാളിയുടെ വലയില്‍ വിയ രണ്ടു ഗോളുകള്‍ നിക്ഷേപിക്കുകയും ഒരെണ്ണം അടിച്ചുകയറ്റാന്‍ സഹായമൊരുക്കുകയും ചെയ്തപ്പോള്‍ സ്പാനിഷ് ലീഗില്‍ അത്ലറ്റിക്കോയ്ക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ബെറ്റീസിനെ മുക്കിയ മാഡ്രിഡ് കൂട്ടം ലീഗ് ലീഡര്‍മാരായ ബാഴ്സയുമായുള്ള പോയിന്റ് വ്യത്യാസം ഒന്നായി കുറച്ചു.
പത്തു മത്സരങ്ങളില്‍ നിന്ന് ബാഴ്സയ്ക്കു 28ഉം അത്ലറ്റിക്കോയക്ക് 27ഉം പോയിന്റു വീതമുണ്ട്. സ്വന്തം തട്ടകത്തില്‍ അത്ലറ്റിക്കോ ബെറ്റീസിനെ ശരിക്കും വാരിക്കളഞ്ഞു. ഒളിവര്‍ ടോറസിലൂടെ കളിയുടെ ഒന്നാം മിനിറ്റില്‍ത്തന്നെ ലീഡെടുത്ത അവര്‍ സര്‍വാധിപത്യം പുലര്‍ത്തി. രണ്ടാം പകുതിയിലാണ് വിയയും കൂട്ടരും നാലു ഗോളുകള്‍ വര്‍ഷിച്ചത്. 52-ാം മിനിറ്റില്‍ കിറുകൃത്യമൊരു ക്രോസില്‍ തലവച്ച വിയ ഗോള്‍ വേട്ടയ്ക്കു തുടക്കമിടുമ്പോള്‍ അത്ലറ്റിക്കോയുടെ ലീഡ് ഉയര്‍ന്നു (2-0). പിന്നാലെ ഉശിരന്‍ ഇടങ്കാലനടിയിലൂടെ വിയ (56-ാം മിനിറ്റ്) ഡബിള്‍ തികച്ചു (3-0).
ഒമ്പതു മിനിറ്റുകള്‍ക്കുശേഷം മനോഹരമായൊരു പാസിലൂടെ ഡിഗോ കോസ്റ്റയ്ക്ക് ഗോളവസരം ഒരുക്കാനും വിയ മറന്നില്ല. (4-0). ഇഞ്ചുറി ടൈമില്‍ ഗാബിയും (90+2) സ്കോര്‍ ഷീറ്റിലെത്തിയപ്പോള് അത്ലറ്റിക്കോയുടെ ആഹ്ലാദ നൃത്തം ചവിട്ടി (5-0).
പ്രതികരിക്കാൻ ഇവിടെ എഴുതുക: