ന്യൂദല്‍ഹി: വേഗതയുടെ സാമ്രാജ്യത്തിലെ അധിപതിയുടെ സ്ഥാനം സെബാസ്റ്റ്യന്‍ വെറ്റല്‍ അരക്കിട്ടുറപ്പിച്ചു. റെഡ്ബുള്ളിന്റെ കാറില്‍ വെറ്റല്‍ ചീറിക്കുതിച്ചപ്പോള് ഗ്രേറ്റര്‍ നോയിഡയിലെ ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ ചരിത്രം വഴിമാറി. തുടര്‍ച്ചയായ മൂന്നാം തവണയും ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രീയില്‍ കിരീടത്തില്‍ മുത്തമിട്ട വെറ്റല്‍ ഫോര്‍മുലാവണ്‍ കാറോട്ട ചരിത്രത്തില്‍ അടുപ്പിച്ചടിപ്പിച്ച് നാലു ഡ്രൈവേഴ്സ് ചാമ്പ്യന്‍ഷിപ്പുകള്‍ സ്വന്തമാക്കുന്ന മൂന്നാമത്തെ താരമെന്ന പട്ടം ചാര്‍ത്തി. 2010, 11, 12 വര്‍ഷങ്ങളിലും വെറ്റലിനെ വെല്ലുവിളക്കാന്‍ ആളുണ്ടായിരുന്നില്ല.
അര്‍ജന്റൈന്‍ ഇതിഹാസം യവാന് മാനുവല്‍ ഫാന്ഗിയോ, സ്വന്തംനാട്ടുകാരനായ മുന്‍ സൂപ്പര്‍ താരം മൈക്കല്‍ ഷൂമാക്കര്‍ എന്നിവരാണ് വെറ്റലിന്റെ അടുത്തടുത്ത നാലു ചാമ്പ്യന്‍ഷിപ്പ് നേട്ടങ്ങളില്‍ വെറ്റലിന്റെ മുന്‍ഗാമികള്‍. അത്തരമൊരുനേട്ടംകൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞവനെന്നു പെരുമയും ഇരുപത്തിയാറുകാരനായ വെറ്റലിനു തന്നെ. ഈ സീസണില്‍ വെറ്റലിന്റെ ആറാമത്തെ തുടര്‍ ഗ്രാന്‍ഡ് പ്രീ ജയം കൂടിയാണിത്; ആകെ പത്താമത്തെയും. ഇനിയുള്ള മൂന്നു റേസുകളില്ക്കൂടി ചെക്കേഡ് ഫ്ലാഗ് കണ്ടാല്‍ 2004ല്‍ സാക്ഷാല്‍ ഷൂമാക്കര്‍ കുറിച്ച 13 റേസ് വിജയങ്ങളുടെ റെക്കോഡിന് ഒപ്പമെത്താന്‍ വെറ്റലിനു കഴിയും. കരിയറിലെ വിന്നിങ് റേസുകളുടെ എണ്ണം 36 ആയി ഉയര്‍ത്താനും റെഡ്ബുള്ളിന്റെ ചാമ്പ്യന്‍ ഡ്രൈവര്‍ക്കു സാധിച്ചു.
ഇഷ്ട ട്രാക്കായ ബുദ്ധില് തുടക്കത്തില്‍ ചെറുതായി പിന്നോക്കം പോയതിനുശേഷമായിരുന്നു വെറ്റല്‍ കത്തിക്കയറിയത്. പോള്‍ പോസിഷനില്‍ മത്സരം തുടങ്ങിയെങ്കിലും രണ്ടാം ലാപ്പില്‍ ടയര്‍ മാറ്റാന്‍ പിറ്റ് സ്റ്റോപ്പില്‍ നിന്ന വെറ്റലിനെ പലരും പിന്തള്ളി. എന്നാല്‍ 21-ാം ലാപ്പില്‍ സ്വന്തം ടീമംഗവും റേസ് ലീഡറുമായ മാര്‍ക്ക് വെബ്ബറുടെ പിന്നില്‍ വെറ്റല്‍ കുതിച്ചെത്തി.
30-ാം ലാപ്പില്‍ വെബ്ബറെ പിന്തള്ളിയ വെറ്റല്‍ ലീഡു പിടിച്ചെടുക്കുകയും ചെയ്തു. പത്തു ലാപ്പുകള്‍ കൂടിപിന്നിട്ടപ്പോള് വെബ്ബറുടെ വെല്ലുവിളി അവസാനിച്ചു. കാറിന്റെ ഗിയര്‍ ബോക്സ് തകരാറിലായതി നെത്തുടര്‍ന്ന് വെബ്ബര്‍ റേസ് പാതിവഴിയില്‍ ഉപേക്ഷിച്ചു.
പിന്നെ വെറ്റല്‍ എതിരാളികള്‍ക്കു പിടികൊടുക്കാതെ മിന്നല്‍ വേഗത്തില്‍ കുതിച്ചു. ഒടുവില്‍ മെഴ്സിഡസിന്റെ നിക്കോ റോസ്ബര്‍ഗിനെ ആറു സെക്കന്റുകളുടെ വ്യത്യാസത്തില്‍ പിന്തള്ളി ബുദ്ധിലെ അവസാനത്തെ ചിരിയുടെ അവകാശിയായി.
ലോട്ടസിന്റെ റൊമെയ്ന്‍ ഗ്രോസ്ജെയ്ന് മൂന്നാം സ്ഥാനത്തെത്തി. വെറ്റലിന്റെ കടുത്ത എതിരാളി ഫെരാരിയുടെ ഫെര്‍ണാണ്ടോ അലോന്‍സോ പതിനൊന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടു. ഫെരാരിയുടെ ഫിലിപ്പെ മാസ നാലാം സ്ഥാനക്കാരന്. അവിശ്വസനീയ ദിവസമെന്നാണ് മത്സരശേഷം വെറ്റല്‍ പ്രതികരിച്ചത്.
സീസണില്‍ ഇനി മൂന്നു ഗ്രാന്ഡ്പ്രീകള്കൂടി അവശേഷിക്കുന്നുണ്ട്. വെറ്റലിനിപ്പോള് 322 പോയിന്റുകള്‍ സ്വന്തം. അലോന്‍സോ 207 പോയിന്റുകളില്‍ ഒതുങ്ങി.
കഴിഞ്ഞ തവണത്തെ ഡ്രൈവേഴ്സ് ചാമ്പ്യന്ഷിപ്പിനായ വെറ്റലും അലോന്‍സോയും ഇഞ്ചോടിഞ്ച് പോരാടിയിരുന്നു. എന്നാല്‍ ഇത്തവണ വെറ്റല്‍ ആധികാരികതയോടെ ജയം ഉറപ്പിച്ചു. ടീം ചാമ്പ്യന്‍ഷിപ്പ് റെഡ്ബുള്ളിന്റെ ക്യാംപിലെത്തിയതും വെറ്റലിന്റെ നേട്ടത്തിന്റെ മാറ്റുകൂട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: