ഹൈദരാബാദ്: ആന്ധ്ര, ഒഡീഷ, ബംഗാള്‍ തീരങ്ങളില്‍ കനത്ത മഴ തുടരുകയാണ്. അഞ്ച് ദിവസമായി പെയ്യുന്ന മഴയില്‍ മരിച്ചവരുടെ എണ്ണം 54 ആയി. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാനാണ് സാധ്യത. രണ്ടു സംസ്ഥാനങ്ങളിലെയും പ്രധാന നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്.
നൂറുകണക്കിനു ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. പലേടത്തും റോഡുകളും റെയില്‍വേ ട്രാക്കുകളും ഒലിച്ചുപോയി. ദുരന്തബാധിതമേഖലകളില്‍ നിന്ന് ഇതിനകം പതിനായിരകണക്കിനുപേരെ ഒഴിപ്പിച്ചിട്ടുണ്ട്. ഫൈലിന് ഭീതിക്കു പിന്നാലെയെത്തിയ പ്രളയം ആന്ധ്രയെയും ഒഡീഷയെയും ഉലച്ചുകളഞ്ഞു. 16 ജില്ലകളിലെ 3230 ഗ്രാമങ്ങളെ പ്രകൃതിക്ഷോഭം ബാധിച്ചു .
പ്രധാന നദികളുടെ തീരങ്ങളെല്ലാം പ്രളയക്കെടുതിക്ക് ഇരയായി. ഇവിടങ്ങളിലെ കൃഷിയിടങ്ങളിലും പൂര്‍ണമായി വെള്ളംകയറി. നദീതടങ്ങളിലെ വീടുകളും തകര്‍ന്നടിഞ്ഞു. ഒമ്പതു ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് 72000 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
ശ്രീകാകുളത്തടക്കം 178 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. സംസ്ഥാനത്തൊട്ടാകെ 5.64 ലക്ഷം ഏക്കര്‍ കൃഷിഭൂമിയും 6, 597 വീടുകളും നശിച്ചതായാണ് പ്രാഥമിക നിഗമനം. ഏഴായിരത്തോളം വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ പറ്റി. റോഡുകള്‍ തകര്‍ന്നത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്.
വിജയവാഡ ഹൈദരാബാദ് ഹൈവേയുടെ പലഭാഗങ്ങളും തകര്‍ന്നു. സെക്കന്തരാബാദ് ഗുണ്ടൂര്‍ സെക്റ്ററിലെ ബൊമ്മായിപ്പള്ളിയിലെ റെയില്‍വേ ട്രാക്ക് വിള്ളല്‍വീണു. തുടര്ന്ന്തീവണ്ടികള് വഴി തിരിച്ചുവിട്ടു. നിരവധി ട്രയിനുകള്‍ റദ്ദാക്കിയിട്ടുമുണ്ട്. സ്ഥിതിഗതികള്‍ വഷളായ സാഹചര്യത്തില്‍ ദേശീയ ദുരന്ത നിവാരണ സേന സജീവായി രംഗത്തിറങ്ങിക്കഴിഞ്ഞു.
അടുത്ത 48 മണിക്കൂറിനുള്ളില്‍ ആന്ധ്രയില്‍ മഴവീണ്ടും ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒഡീഷയിലും ദുരിതത്തിന് അറുതിയുണ്ടായില്ല. ഇതുവരെ 16പേര് മരിച്ചതായാണു വിവരം.വീടുകളുടെയും മറ്റും ചുമരുകള്‍ തകര്‍ന്നു വീണാണ് മിക്കപേരും മരിച്ചത്.
വെള്ളപ്പൊക്കം ഏറെ ബാധിച്ച ഗന്‍ജാം ജില്ലയില്‍ ആറുപേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. ജഗത്സിങ്ങ്പൂരില് നാലുപേരും ജാജ്പൂര്‍, ഭദ്രാക്ക് , നയാഗഡ് തുടങ്ങിയ ജില്ലകളില്‍ രണ്ടുപേര്‍ വീതവും മരിച്ചു.
ഒഡീഷയില്‍ 5.32 ലക്ഷംപേര്‍ ദുരന്തബാധിതരായെന്നാണ് ഔദ്യോഗിക ഭാഷ്യം. 1.47 പേരെ ക്യാംപുകളിലേക്ക് മാറ്റി. 2276 ഗ്രാമങ്ങള്‍ വെള്ളത്തില്‍ മുങ്ങി.
ഇതില്‍ 129 എണ്ണം ഗന്ജാമിലേതാണ്. രാശികുലയ, ഗോദാദ, വന്സാധര എന്നീ പ്രധാന നദികള്‍ കരകവിഞ്ഞതോടെ തീരവാസികള്‍ പലായനം ചെയ്തു.
അതേസമയം, ദുരന്തത്തിനിരയായവര്‍ക്ക് എല്ലാവിധ സഹായങ്ങളും എത്തിക്കുമെന്ന് മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് വ്യക്തമാക്കി. വെള്ളപ്പൊത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: