ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുള്ള ലക്ഷക്കണക്കിനുപേര്‍ ഗണിശാസ്ത്രത്തിലും സാങ്കേതികജ്ഞാനത്തിലും അമേരിക്കക്കാരെ കടത്തിവെട്ടുന്നെന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ. ആര്‍ക്കും എവിടെയും ചെന്നു ജോലികള്‍ സ്വന്തമാക്കാമെന്ന അവസ്ഥ സംജാതമായ ആഗോളീകരണത്തിന്റെ കാലത്ത് അമേരിക്കന്‍ പൗരന്മാരെ കൂടുതല്‍ മത്സരക്ഷമതയുള്ളവരാക്കാന് വിദ്യാഭ്യാസ രംഗത്ത് പരിഷ്കരണം അനിവാര്യമാണെന്നും ഒബാമ പറഞ്ഞു.
മുന്‍കാലങ്ങളില്‍ അമേരിക്കന്‍ ജനത സാമ്പത്തികമായി മറ്റുള്ളവരെക്കാള്‍ ഏറെ മുന്നിലായിരുന്നു. തൊഴില്‍ രംഗത്ത് അന്ന് മത്സരം കുറവായതാണ് അതിനുകാരണം. ഇന്നു ബീജിങ്ങില്‍ നിന്നു ബാംഗ്ലൂരിലേക്കും അവിടെ നിന്ന് മോസ്കോയിലേക്കുമൊക്കെ ആയിരക്കണക്കിനുപേര്‍ ജോലിക്കായി ഒഴുകുകയാണ്. അവരെല്ലാം മികവു തെളിയിക്കാന്‍ നേരിട്ട് മത്സരിക്കുന്നു. ഇന്ത്യയിലും ചൈനയിലുമൊക്കെയുള്ളവര് ഓരോദിവസവും കൂടുതല്‍ മികച്ച ഫലങ്ങള്‍ക്കായി കഠിന പ്രയത്നം നടത്തുന്നു. പ്രത്യേകിച്ചു സ്കൂളുകളിലെ പാഠ്യവിഷങ്ങളായ കണക്ക്, സയന്‍സ് തുടങ്ങിയവയില്‍ അമേരിക്കയെ അവര്‍ പിന്തള്ളിക്കഴിഞ്ഞു. വര്‍ഷന്തോറും ആ രാജ്യങ്ങളില്‍ നിന്നു കൂടുതല്‍ ഗവേഷണ ഫലങ്ങള്‍ അതു വെളിപ്പെടുത്തുന്നു, ഒബാമ പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക് അവശ്യംവേണ്ട അറിവും വിദ്യാഭ്യാസവുമില്ലെങ്കില് നമ്മള് പിന്തള്ളപ്പെടും. ജീവിച്ചുപോകാനുള്ള ശമ്പളം നേടുക പ്രയാസമാവും.
ആഗോള സമ്പദ് വ്യവസ്ഥയുടെ കാലത്താണ് നാം ജീവിക്കുന്നത്. തൊഴിലവസരങ്ങള്‍ എങ്ങോട്ടുവേണമെങ്കിലും പോകാം. കമ്പനികളെല്ലാം ഉന്നത വിദ്യാഭ്യാസമുള്ളവരെയാണ് തേടുന്നത്. ഉദ്യോഗാര്‍ത്ഥികളുടെ താമസസ്ഥലം എവിടെയാണെന്നത് പുത്തന്‍ കാലത്തെ കമ്പനികള്‍ക്ക് പ്രശ്നമല്ല. കുട്ടികള്‍ പെട്ടെന്നു കണക്ക് സംബന്ധിച്ച സംശയങ്ങള്‍ ചോദിച്ചാല്‍ ഉത്തരം മുട്ടാറില്ലെ. നിങ്ങളില്‍ ചിലരെങ്കിലും ജീവിതത്തില്‍ ഒരിക്കലെങ്കിലും അതനുഭവിച്ചിട്ടുണ്ടാകും. അമേരിക്കയിലെ ഈ തലമുറ വിദ്യാഭ്യാസത്തില്‍ പിന്നിലാവുന്നു എന്നതാണ് അതു തെളിയിക്കുന്നതെന്നും ഒബാമ സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: