ഗ്രേറ്റര്‍ നോയിഡ: ഇന്ന് നടക്കുന്ന ഇന്ത്യന്‍ ഗ്രാന്റ് പ്രീയില്‍ നിലവിലെ ചാമ്പ്യന്‍ റെഡ് ബുള്ളിന്റെ സെബാസ്റ്റ്യന്‍ വെറ്റലിന് പോള്‍ പൊസിഷന്‍. ഇന്നലെ ഉച്ചക്കുശേഷം നടന്ന യോഗ്യതാ മത്സരത്തില്‍ ഒന്നാമതെത്തിയതോടെയാണ് വെറ്റല്‍ പോള്‍ പൊസിഷന്‍ സ്വന്തമാക്കിയത്.
തുടര്‍ച്ചയായി മൂന്നാം തവണയാണ് വെറ്റല്‍ ഇന്ത്യന്‍ ഗ്രാന്റ്പ്രീയില്‍ പോള്‍ പൊസിഷനില്‍ മത്സരിക്കുന്നത്. മെഴ്സിഡസിന്റെ നിക്കൊ റോസ്ബര്ഗിനെക്കാള് 0.752 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് വെറ്റല്‍ പോള്‍ പൊസിഷന്‍ സ്വന്തമാക്കിയത്. വെള്ളിയാഴ്ച നടന്ന പരിശീലന മത്സരങ്ങളിലും വെറ്റലായിരുന്നു ഒന്നാമത്. മെഴ്സിഡസിന്റെ തന്നെ ലൂയിസ് ഹാമില്‍ട്ടണാണ് യോഗ്യതാ റൗണ്ടില്‍ മൂന്നാമതെത്തിയത്.
പരിശീന മത്സരങ്ങളില്‍ രണ്ടാമതെത്തിയ മറ്റൊരു റെഡ്ബുള്‍ താരമായ മാര്‍ക്ക് വെബ്ബര്‍ നാലാമതായി ഫിനിഷ് ചെയ്തു. ഫെരാരിയുടെ ഫിലിപ്പ് മാസെ നാലാമതും ലോട്ടസിന്റെ കിമി റൈക്കോണ്‍ അഞ്ചാമതും ഫിനിഷ് ചെയ്തു. ചാമ്പ്യന്‍ഷിപ്പില്‍ വെറ്റലിന് അല്‍പ്പമെങ്കിലും വെല്ലുവിളിയാകുമെന്ന് കരുതപ്പെടുന്ന ഫെരാരിയുടെ ഫെര്‍ണാണ്ടോ അലോണ്‍സോ യോഗ്യതാ റൗണ്ടില്‍ എട്ടാമനായാണ് ഫിനിഷ് ചെയ്തത്. അലോണ്‍സോയും വെറ്റലും തമ്മില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ആദ്യ അഞ്ചില്‍ ഏതെങ്കിലും ഒരു സ്ഥാനത്ത് ഫിനിഷ് ചെയ്താല്‍ നിലവിലെ ചാമ്പ്യന്‍ കൂടിയായ വെറ്റലിന് ഫോര്‍മുല വണ്‍ കിരീടം സ്വന്തമാക്കാം. അങ്ങനെയെങ്കില്‍ തുടര്‍ച്ചയായി നാല് തവണ അതിവേഗത്തിന്റെ ചാമ്പ്യന്‍പട്ടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും വെറ്റലിന്റെ പേരിലാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: