ഗുവാഹത്തി: രഞ്ജി ട്രോഫി മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ കേരളം ഇന്ന് ഇറങ്ങും. ഗുവാഹത്തിയില്‍ ആരംഭിക്കുന്ന മത്സരത്തില്‍ ആസാമാണ് കേരളത്തിന്റെ എതിരാളികള്‍. പുതിയതായി നിര്‍മിച്ച ബര്‍സാപാര സ്റ്റേഡിയത്തിലാണ് നടക്കുക. ഗ്രൂപ്പ് സിയിലാണ് കേരളം കളിക്കുന്നത്. കേരളത്തിനും ആസാമിനും പുറമെ ഹിമാചല്‍പ്രദേശ്, ഗോവ, മഹാരാഷ്ട്ര, ത്രിപുര, ഹൈദരാബാദ്, ആന്ധ്ര, ജമ്മുകാശ്മീര്‍ എന്നീ ടീമുകളാണ് ഗ്രൂപ്പ് സിയില്‍ കളിക്കുന്നത്. ഇന്ന് ആരംഭിക്കുന്ന മറ്റ് മത്സരങ്ങളില്‍ ഹിമാചല്‍പ്രദേശ് ഗോവയുമായും ഹൈദരാബാദ് ആന്ധ്രയുമായും മഹാരാഷ്ട്ര ത്രിപുരയുമായും ഏറ്റുമുട്ടും.
കരുത്തുറ്റ യുവനിരയുമായാണ് കേരളം ഇത്തവണ കളത്തിലിറങ്ങുന്നത്. വെസ്റ്റിന്‍ഡീസ് എ ടീമിനെതിരെ ഇന്ത്യ എ ടീമിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച വി.എ. ജഗദീഷ് നേതൃത്വം നല്കുന്ന ബാറ്റിങ് നിരയില്‍ ഐപിഎല്ലിലും ചാമ്പ്യന്‍സ് ലീഗിലും തകര്‍പ്പന്‍ കളി കെട്ടഴിച്ച സഞ്ജു. വി.സാംസണ്, രോഹന് പ്രേം, നിഖിലേഷ് സുരേന്ദ്രന്, ക്യാപ്റ്റന്‍ സച്ചിന് ബേബി, അഭിഷേക് ഹെഗ്ഡെ എന്നിവരാണ് കേരളത്തിന്റെ കരുത്ത്. സന്ദീപ് വാര്യര്‍, പ്രശാന്ത് പരമേശ്വരന്, പി. പ്രശാന്ത്, ഷാഹിദ്. സി.പി എന്നിവരടങ്ങിയ ബൗളിങ് നിരയും മികവുറ്റതാണ്.
കേരളത്തിന്റെ ഹോം മത്സരങ്ങള്‍ തലശ്ശേരിയിലും കൊച്ചിയിലുമായാണ് നടക്കുക. നവംബര്‍ 7 മുതല്‍ 10 വരെ ആന്ധ്രക്കെതിരെയും നവംബര്‍ 14 മുതല്‍ 17 വരെ ത്രിപുരക്കെതിരെയുമാണ് കേരളം തലശ്ശേരിയില്‍ കളിക്കുക. ഡിസംബര്‍ 6 മുതല്‍ 9 വരെ ഹിമാചലിനെതിരെയും ഡിസംബര്‍ 14 മുതല്‍ 17 വരെ മഹാരാഷ്ട്രക്കതിരെയുമുള്ള മത്സരങ്ങള്‍ കൊച്ചിയില്‍ നടക്കും.
നവംബര്‍ 28 മുതല്‍ ഡിസംബര്‍ 1 വരെ ജമ്മുവില്‍ ജമ്മു കശ്മീരിനെതിരെയും ഡിസംബര്‍ 22 മുതല്‍ 25 വരെ ഗോവയില്‍ ഗോവക്കെതിരെയും ഡിസംബര്‍ 30 മുതല്‍ ജനുവരി 2 വരെ ഹൈദരാബാദില്ഹൈദരാബാദിനെതിരെയുമാണ് കേരളത്തിന്റെ എവേ മത്സരങ്ങള്‍.
മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കറും ഇന്ന് അവസാന രഞ്ജി മത്സരത്തിനായി ഇറങ്ങും. ഹരിയാനക്കെതിരെ രോതകിലാണ് മുംബൈയുടെ മത്സരം. മുംബൈയുടെ ക്യാപ്റ്റനായിരുന്നു അജിത് അഗാര്‍ക്കര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതോടെ സഹീര്‍ഖാനാണ് മുംബൈയെ നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: