“ഭൂമി ശാസ്ത്രപരവും ഭാഷാപരവും സംസ്കാരപരവും സാമ്പത്തികവും ഭരണപരവുമായ പരിഗണനകളെ അടിസ്ഥാനമാക്കി കേരളത്തിന്റെ അംഗങ്ങളായി ഗണിക്കാവുന്ന തിരുവിതാംകൂര്‍, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ് ഇന്ത്യന്‍ വിഭാഗങ്ങളും ഫ്രഞ്ച് മയ്യഴിയും ഒന്നിച്ചുചേര്‍ത്ത് ഇന്ത്യന്‍ യൂണിയനില്‍ ഉള്‍പ്പെടുന്ന സ്വയംഭരണാധികാരമുളള ഒരു ഘടകമായി ഘടിപ്പിക്കണമെന്ന് കേരളത്തിലെ ജനപ്രതിനിധികളുടെ ഈ കണ്വെന്ഷന് പ്രഖ്യാപനം ചെയ്യുന്നു.
ഈ ഘടകത്തിലെ ഭരണകൂടത്തിന്റെ എല്ലാ അധികാരവും ശക്തിയും ജനങ്ങളില്‍ നിക്ഷിപ്തവും ജനങ്ങളില്‍നിന്നുതന്നെ ലഭിക്കുന്നതുമാകുന്നു. ഭാരതം സ്വതന്ത്രമാകുന്നതിന് മുമ്പ്, എന്നാല്‍ അത് സംബന്ധമായ ഔപചാരിക നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ സുപ്രധാന ഘട്ടത്തില്‍ 1947 ഏപ്രില്‍ 27-ാം തീയതി തൃശ്ശിവപേരൂരില്‍ ചേര്‍ന്ന, തിരുവിതാംകൂര്‍ കൊച്ചി മലബാര്‍ പ്രദേശങ്ങളില്‍ നിന്നുള്ള രണ്ടായിരത്തില്‍പ്പരം പ്രതിനിധികളും 4000 ത്തോളം ബഹുജനങ്ങളുമടങ്ങിയ ഐക്യകേരള കണ്വെന്ഷന് സര്‍വസമ്മതമായി അംഗീകരിച്ച പ്രമേയമാണ് ഇത്. കണ്വെന്ഷന് ഉദ്ഘാടനം ചെയ്തത് ഐക്യകേരളത്തമ്പുരാന്‍ എന്നറിയപ്പെടുന്ന കൊച്ചിയിലെ രാമവര്‍മരാജാവും സമ്മേളനാധ്യക്ഷന് സാക്ഷാല്‍ കേളപ്പജിയുമായിരുന്നു. ഭാരതം സ്വതന്ത്രമാകുന്നതോടെ തിരുവിതാംകൂര്‍ സ്വതന്ത്രപരമാധികാര രാജ്യമായിത്തീരുമെന്ന് തിരുവിതാംകൂര്‍ രാജാവ് ശ്രീ ചിത്തിരതിരുനാള്‍ 1947 ജൂണ്‍ 11 ന് വിളംബരം പുറപ്പെടുവിച്ചു. അന്നത്തെ കെപിസിസി അദ്ധ്യക്ഷനായിരുന്ന കേളപ്പജി സ്വതന്ത്ര തിരുവിതാംകൂര്‍ വാദത്തെയും അതിന്റെ ഉപജ്ഞാതാവായി കരുതപ്പെട്ടിരുന്ന ദിവാന് സര്. സി.പി.രാമസ്വാമി അയ്യരെയും നിശിതമായി വിമര്‍ശിക്കുന്ന പ്രസ്താവനയിറക്കി.
ജൂലൈ 25 ന് സ്വാതി തിരുനാള്‍ ശതവാര്‍ഷികാഘോഷങ്ങള്‍ കഴിഞ്ഞു മടങ്ങവെ സര്.സി.പിക്കെതിരെ വധശ്രമം നടന്നതും തുടര്‍ന്നദ്ദേഹം ദിവാന് പദം രാജിവെച്ചു രാജ്യം വിട്ടതും രാജാവ് വൈസ്രോയി മൗണ്ടന്ബാറ്റന് പ്രഭുവുമായി ലയനക്കരാര്‍ ഒപ്പിട്ടതുമൊക്കെ ചരിത്രസംഭവങ്ങളാണല്ലൊ.
കേരളമെന്ന സാംസ്കാരിക സങ്കല്‍പ്പവും വികാരവും നൂറ്റാണ്ടുകളായി ഇന്നാട്ടിന്റെ ജനമനസ്സുകളില്‍ ഉണ്ടായിരുന്നു. മഹാഭാരതത്തിലും കാളിദാസകൃതികളിലും അശോകശാസനങ്ങളിലുമൊക്കെ കേരളം, കേരള പുത്രന് തുടങ്ങിയ പരാമര്‍ശങ്ങളുണ്ട്.
ഉണ്ടാഗ്ഗിരിക്കരികില്‍ മേക്കുവശത്തൊളിപ്പൂ-
ച്ചെണ്ടായ് ശിവാദ്രിയുടെ തെക്കളകാപുരംപോല്‍
തണ്ടാരില് മാതിനുടെ കൂത്തു വെളിക്കുനിന്നു
കൊണ്ടാടുമാഴിയതിരാം മലയാളരാജ്യം
എന്നാണ് ഉള്ളൂര്‍ മഹാകവി
യുടെ ഉമാകേരളത്തില്‍ വര്‍ണ്ണിക്കുന്നത്.
കേരളമെന്നു കേട്ടാലോ തിളയ്ക്കണം
ചോരനമുക്കു ഞരമ്പുകളില്‍
എന്നു വള്ളത്തോളും.
പോയി കേരളം മൂന്നുമുറിയായൊടിഞ്ഞ വി-
ല്ലായി, സംസ്കാരത്തിന്റെ ഞാണയഞ്ഞയഞ്ഞായി
ഏതു കയ്യിനിയിതിന് മുറികൂട്ടീടും ഞാണിന്
മേദുരമധുരമാ രവമെന്നിനിക്കേള്ക്കും
എന്നു മഹാകവി ജിയും
കേരളം വളരുന്നുവെന്ന പേരില്‍ ഒരു കാവ്യ പ്രപഞ്ചം തന്നെ പാലാനാരായണന്‍ നായരും എഴുതിയിട്ടുണ്ടല്ലൊ.
കേരളമെന്ന രാഷ്ട്രീയ സത്ത രൂപം കൊള്ളണമെന്ന കാര്യത്തില്‍ സ്വാതന്ത്ര്യലബ്ധിയുടെ സമയത്ത് ബഹുഭൂരിപക്ഷം മലയാളികളും അഭിലഷിച്ചിരുന്നു. സംസ്ഥാന പുനസ്സംഘടനയ്ക്കായി നിയമിതമായ ഫസല്‍ അലി കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്നത്തെ കേരള സംസ്ഥാനം രൂപീകൃതമായി.
കമ്മീഷനംഗമായിരുന്ന കെ.എം.പണിക്കരുടെ അഭിപ്രായപ്രകാരമാണ് സംസ്ഥാനത്തിന്റെ അതിര്‍ത്തികള്‍ നിര്‍ണയിക്കപ്പെട്ടത്. നീലഗിരി ജില്ല രൂപീകരിക്കപ്പെട്ടപ്പോള്‍ മലബാറില്‍ നിന്ന് വേര്‍പെടുത്തി അതില്‍ ചേര്‍ക്കപ്പെട്ട ഗൂഡലൂര്‍ താലൂക്ക്, തെക്കന്‍ തിരുവിതാംകൂറിലെ നാലു താലൂക്കുകളും പുതിയ കേരളത്തില്‍ പെടാതിരുന്നത് ആ ഭാഗത്തെ ജനങ്ങളില്‍ വലിയ ഇച്ഛാഭംഗമുണ്ടാക്കി.
1956 നവംബര്‍ ഒന്നാംതീയതി ഔപചാരികമായി കേരള സംസ്ഥാനം നിലവില്‍ വന്നു. അന്നു മുതല്‍ എല്ലാ വര്‍ഷവും നവംബര്‍ ഒന്ന് കേരളപ്പിറവി ദിനം ആചരിച്ചുവരുന്നു. സംസ്ഥാന രൂപീകരണത്തിന് ആറുപതിറ്റാണ്ട് അടുത്തുവരുന്നു. ഈ കാലത്തിനിടയില്‍ പല കാര്യങ്ങളിലും കേരളം ഒന്നാം സ്ഥാനത്തെത്തി. നിയമസഭയും മന്ത്രിസഭയുമില്ലാതിരുന്ന അവസ്ഥയിലായിരുന്നു സംസ്ഥാന പിറവി. നിയമസഭ പിരിച്ചുവിടപ്പെട്ട അവസ്ഥയില്‍, തിരുകൊച്ചി രാജപ്രമുഖന്റെ ഉപദേഷ്ടാവായിരുന്ന ഐസിഎസ്സുകാരന്‍ പി.എഡ്റാവുവിനെയാണ് രാഷ്ട്രപതി സംസ്ഥാന ഭരണമേല്‍പ്പിച്ചത്. രാഷ്ട്രപതി ഭരണം നിലവിലിരിക്കെ രൂപപ്പെട്ട ആദ്യ സംസ്ഥാനം തന്നെ; കമ്മ്യൂണിസ്റ്റുകളെ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറ്റിയ ആദ്യ സംസ്ഥാനവുമായി. ജനകീയ പ്രക്ഷോഭത്തിലൂടെ കമ്മ്യൂണിസ്റ്റ് ഭരണത്തെ വലിച്ചെറിഞ്ഞ ആദ്യ സംസ്ഥാനവും കേരളം തന്നെ. കൂട്ടുകക്ഷി ഭരണത്തിന്റെ പരീക്ഷണശാലയായും കേരളം നിലനിന്നു.
ഭാരതത്തിന്റെ വിഭജനത്തിന് കാരണക്കാരായ മുസ്ലിംലീഗിന്റെ ശക്തികേന്ദ്രമായി കേരളം മാറിത്തുടങ്ങിയിരുന്നു. വിഭജനക്കാലത്തുതന്നെ മലബാറില്‍ മാപ്പിളസ്ഥാന് സൃഷ്ടിച്ച് അതിനെ പാക്കിസ്ഥാനിനോട് ചേര്‍ക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. മാപ്പിളസ്ഥാന് രൂപീകരിക്കണമെന്ന ആവശ്യം മുസ്ലിംലീഗംഗങ്ങള്‍ മദിരാശി നിയമസഭയിലും ഉന്നയിച്ചിരുന്നു. 1960 മുതല്‍ തന്ത്രപൂര്‍വം രാഷ്ട്രീയക്കരുക്കള്‍ നീക്കിക്കൊണ്ട് കേരള രാഷ്ട്രീയത്തെ കൈപ്പിടിയില്‍ വരുത്താന്‍ മുസ്ലിംലീഗ് നേതൃത്വം ശ്രമിച്ചുവന്നു. മുസ്ലിംലീഗും കോണ്‍ഗ്രസുമായി അന്നുമുതല്‍ ഒരുമിച്ചുള്ള രാഷ്ട്രീയ നീക്കങ്ങള്‍ ആരംഭിച്ചു.
വിദ്യാഭ്യാസ കാര്യത്തില്‍ തിരുവിതാംകൂറും കൊച്ചിയും മുന്നിലായിരുന്നെങ്കില്‍ മലബാര്‍ പിന്നോക്കമായിരുന്നു. ഗതാഗതസൗകര്യങ്ങള്‍, സ്ത്രീപുരുഷാനുപാതം എന്നീക്കാര്യങ്ങളിലും മലബാര്‍ പിന്നോക്കം തന്നെയായിരുന്നു. അക്കാര്യത്തില്‍ അതിവേഗം സ്ഥിതി മെച്ചപ്പെട്ടുവെങ്കിലും ഇപ്പോഴും സമീകൃതാവസ്ഥയിലെത്തിയെന്നു പറയാനായിട്ടില്ല. ആരോഗ്യരക്ഷയുടെയും ഗ്രാമവികസനത്തിന്റെയും കാര്യത്തില്‍ ഒരു കേരള മാതൃകയെപ്പറ്റി അധികൃതര്‍ ഊറ്റം കൊള്ളാറുണ്ടെങ്കിലും അതിന് സോപ്പുകുമിളയുടെ ഭംഗി മാത്രമല്ലാതെ ഉറപ്പുള്ളതായി പറയാനാവില്ല.
കേരളത്തിലെ ജനങ്ങള്‍ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ധ്രുവീകരിച്ചുവരുന്നുവെന്നതാണ് ഇന്നത്തെ ആശങ്കാജനകമായ വസ്തുത. സംഘടിത മതങ്ങള്‍ ഇവിടത്തെ സകലരംഗങ്ങളിലും നീരാളിപ്പിടുത്തമിട്ടിരിക്കയാണ്. ദേശീയകക്ഷിയെന്നവകാശപ്പെടുന്ന കോണ്‍ഗ്രസ് ശിഥിലമായിരിക്കുന്നു. ക്രിസ്ത്യന്‍ സഭകളുടെ നിയന്ത്രണത്തിലുള്ള കേരളാ കോണ്‍ഗ്രസ് വളരുന്തോറും പിളര്‍ന്നും പിളരും തോറും വളര്‍ന്നും രാഷ്ട്രീയ രംഗം ഓഹരിവെച്ചുകൊണ്ടിരിക്കുന്നു. സഭാമേലധ്യക്ഷന്മാര് പരസ്യമായിത്തന്നെ രാഷ്ട്രീയ സ്വഭാവമുള്ള പ്രക്ഷോഭങ്ങള്‍ക്കു മുതിരുകയും ഭരണഘടനാ സ്ഥാപനങ്ങളെ വെല്ലുവിളിക്കുകയും ചെയ്യുന്നു.
കേരളം രാഷ്ട്രീയരംഗത്ത് നിന്ന് പിഴയ്ക്കാനായി കഷ്ടപ്പെട്ടിരുന്ന മുസ്ലിംലീഗ് ഇപ്പോള്‍ സംസ്ഥാന ഭരണത്തെ മാത്രമല്ല കേന്ദ്രത്തേയും വരച്ചവരയില്‍ നിര്‍ത്താനുള്ള ശ്രമത്തിലാണ്. മന്ത്രിമാരെ നിയമിക്കുന്നത് മുഖ്യമന്ത്രിയുടെ പ്രത്യേകാധികാരമാണെന്നിരിക്കെ ലീഗ് പ്രസിഡന്റ് പാണക്കാട് തങ്ങള്‍ തന്നെ അഞ്ചാം മന്ത്രിയെ പ്രഖ്യാപിച്ച്, അക്കാര്യം മുഖ്യമന്ത്രിയെക്കൊണ്ട് അംഗീകരിക്കാന്‍ നിര്‍ബന്ധിതനാക്കി. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും രാജ്യതാല്‍പ്പര്യം കണക്കിലെടുക്കാതെ മാറി മാറി ലീഗിന്റെ പിന്തുണക്കായി മത്സരിച്ചാണവരെ വലുതാക്കിയത്. 1965 ല്‍ ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ ആറ് സീറ്റുകള്‍ മാത്രമാണവര്‍ക്ക് ജയിക്കാന്‍ കഴിഞ്ഞത്. വര്‍ഗീയതയുമായി ഒത്തുതീര്‍പ്പില്ല എന്ന് വായലയ്ക്കുമ്പോഴും ലീഗിനെ വശത്താക്കാന്‍ എന്തുവേണ്ടു എന്നാണ് ഇരുകൂട്ടരുടേയും ചിന്ത.
കോഴിക്കോട്, പാലക്കാട് ജില്ലകളിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ ചേര്‍ത്തു ഒരു ജില്ല രൂപീകരിക്കണമെന്ന് ലീഗിന്റെ പാലക്കാട് ജില്ലാ ലീഗ് കമ്മറ്റി 1967 ഒക്ടോബറില്‍ ഒരു പ്രമേയം അംഗീകരിച്ചപ്പോള്‍ പലരും അതിനെ കുട്ടിക്കളിയായെ കണ്ടുള്ളൂ. ആ നിര്‍ദ്ദേശത്തെ അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ അംഗീകരിച്ച് മലപ്പുറം ജില്ല സൃഷ്ടിച്ചു. വികസനമായിരുന്നു അന്ന് മാര്‍ക്സിസ്റ്റുകള്‍ അതിന് ചൂണ്ടിക്കാട്ടിയ കാരണം. ആ ജില്ലയില്‍ ഇന്ന് നാലു സര്‍വകലാശാലകളും വിമാനത്താവളവും ഒട്ടേറെ വിവിധതരം ഉന്നത വിദ്യാലയങ്ങളും സ്ഥാപിതമായി. കനേഷുമാരിയനുസരിച്ച് ജനവിസ്ഫോടനം നടക്കുന്ന ജില്ലയാണ് മലപ്പുറം. കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പ് നിയോജകമണ്ഡലങ്ങള്‍ പുനര്‍വിഭജിച്ചപ്പോള്‍ മലപ്പുറത്തിന് നാലുമണ്ഡലങ്ങള്‍ കൂടുതല്‍ കിട്ടി. മറ്റു ജില്ലകളുടെ പ്രാതിനിധ്യം അതിനനുസരിച്ച് കുറയുകയും ചെയ്തു. ഇപ്പോള്‍ മലപ്പുറം ജില്ലയെ രണ്ടാക്കി ഒരു മുസ്ലിം ഭൂരിപക്ഷ ജില്ല കൂടി സൃഷ്ടിക്കാനുള്ള മുറവിളി ഉയര്‍ന്നിരിക്കുകയാണ്. അത് സാധിച്ചെടുക്കാനുള്ള സമ്മര്‍ദ്ദം ഉപയോഗിക്കാന്‍ ലീഗിന് കഴിയും.
അതിനിടെ ഉയര്‍ന്നുവന്നിട്ടുള്ള പുതിയൊരാവശ്യം കേരളമെന്ന സങ്കല്‍പ്പത്തെത്തന്നെ നിരാകരിക്കുന്നതാണ്. കോഴിക്കോട് ജില്ലയിലെ മുസ്ലിം യൂത്ത് ലീഗുകാര്‍ പഴയ മലബാറിന്റെ ഭാഗങ്ങള്‍ ചേര്‍ത്തു കോഴിക്കോട് ആസ്ഥാനമായി പുതിയൊരു സംസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നു. ആവശ്യത്തിന് ശക്തികൂട്ടാന്‍ ശ്രമം ലീഗിന്റെ ഭാഗത്തുനിന്നു മാത്രമല്ല ശുദ്ധഗതിക്കാരായ ലീഗേതരന്മാരില്നിന്നും വന്നേക്കാം. പണ്ട് ബോംബേ പ്രസിഡന്‍സിയില്‍നിന്ന് സിന്ധിനെ വേര്‍പെടുത്തി പ്രത്യേക സംസ്ഥാനമാക്കാന്‍ പ്രക്ഷോഭമുണ്ടാക്കിയതിന്റെ മുന്നില്‍നിന്നത് ആചാര്യകൃപലാനിയെപ്പോലുള്ള ഹിന്ദു നേതാക്കളായിരുന്നു.
ആ സംരംഭം വിജയിച്ചാല്‍ സിന്ധിലെ മുസ്ലിം ഭൂരിപക്ഷത്തിന് മുന്നില്‍ ഹിന്ദുക്കള്‍ നിസ്സഹായരായിത്തീരുമെന്ന് സംഘനേതാക്കള്‍ പറഞ്ഞതിനെ അവര്‍ പുച്ഛിച്ചു തള്ളി. സിന്ധ് വേറെ സംസ്ഥാനമായി എന്നു മാത്രമല്ല ഭാരതം വിഭജിച്ചപ്പോള്‍ അത് പാക്കിസ്ഥാനിലായി, അവിടത്തെ ഹിന്ദുക്കള്‍ക്ക് കണ്ണീരും കയ്യുമായി ഉടുതുണിക്കു മറുതുണിയില്ലാതെ ഓടിപ്പോകേണ്ടിയും വന്നു. ടിപ്പു സുല്‍ത്താന്റെ മലബാര്‍ തലസ്ഥാനമായി സ്ഥാപിക്കപ്പെട്ട ഫറോക്ക് തലസ്ഥാനമാക്കാനാവും ലീഗുകാരുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കോഴിക്കോട് സര്‍വകലാശാലയും വിമാനത്താവളവും മലപ്പുറം ജില്ലയിലാണ്. ഫറോക്കാകട്ടെ കോഴിക്കോട് ജില്ലയിലും. മലബാര്‍ സംസ്ഥാനമെന്ന ആവശ്യത്തിന് മുസ്ലിംലീഗ് ശക്തികൂട്ടിയാല്‍ ഇടതുവലതുമുന്നണികള്‍ക്കും കേന്ദ്രസര്‍ക്കാരിനും അതംഗീകരിക്കാതെ കഴിയില്ല എന്ന അവസ്ഥയുണ്ടാകും. അതോടെ ഐക്യകേരളമെന്നത് സ്വപ്നം മാത്രമാകും. നവംബര്‍ ഒന്ന് വരുന്ന ഈയവസരത്തില്‍ ഈ ചിന്തകള്‍ അല്‍പ്പം കാടുകേറിയതാണെന്ന് ചിലര്‍ക്ക് തോന്നിയേക്കാം. മലപ്പുറം ജില്ലാ രൂപീകരണാവശ്യവും ഇങ്ങനെയാണ് ആരംഭിച്ചത്. അതിന്റെ അടിയൊഴുക്കുകള്‍ തന്നെ മലബാര്‍ സംസ്ഥാനാവശ്യത്തിന്നടിയിലും ഉണ്ടാകയും ചെയ്തു.
പദം പദം ഉറച്ചു നാം പാടിപ്പാടിപ്പോവുക
പാരിലൈക്യകേരളത്തിന്‍ കാഹളം മുഴക്കുവാന്‍
എന്ന പഴയ കേരളഗാനം, വിസ്തൃതമാകുകയാണോ?
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: