2003 ലാണ് അമേരിക്ക കാണാന്‍ ആദ്യ അവസരം കിട്ടിയത്. കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഹ്യൂസ്റ്റണ്‍ കണ്വന്ഷന് ജന്മഭൂമിക്കുവേണ്ടി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയതായിരുന്നു. ആദ്യം അമേരിക്കയിലെത്തിയപ്പോള്‍ ന്യൂയോര്‍ക്കില്‍ അതീവ താല്പര്യത്തോടെ കാണാന്‍ പോയത് വേള്‍ഡ് ട്രേഡ് സെന്റര്‍ നിന്ന സ്ഥലത്തേക്കായിരുന്നു. അമേരിക്കയെയും ലോകത്തെയും ഒരുപോലെ ഞെട്ടിച്ച 2001 സപ്തംബര്‍ 11 ലെ ഭീകരാക്രമണത്തില്‍ വിമാനമിടിച്ച് ഇരട്ട ഗോപുരങ്ങള്‍ തകരുന്നതിന്റെ ദൃശ്യങ്ങളായിരുന്നു മനസ്സുനിറയെ. തകര്‍ന്ന അവശിഷ്ടങ്ങളെല്ലാം മാറ്റി കെട്ടിടം നിന്ന സ്ഥലം മൈതാനമായി കിടക്കുകയായിരുന്നു അപ്പോള്‍. സ്ഥലത്തിനു ചുറ്റുമിട്ട കമ്പിവേലിക്കരുകില്‍ നിന്ന് വിതുമ്പുന്നവരെ കണ്ടപ്പോള്‍ അന്ന് മനസ്സ് നൊമ്പരപ്പെട്ടു. പിന്നീട് പലതവണ അവിടം സന്ദര്‍ശിച്ചെങ്കിലും എന്തോ ആദ്യത്തെ വികാരതീവ്രത അനുഭവപ്പെട്ടിരുന്നില്ല. കമ്പിവേലിയില്‍ പിടിച്ച് കരയുന്നവരുടെ കാഴ്ചയും ചുരുങ്ങി. തുടര്‍ച്ചയായി ആറുമാസം ന്യൂയോര്‍ക്കില്‍ താമസിക്കാന്‍ ഇടവന്നപ്പോള്‍ ഏതാണ്ട് എല്ലാദിവസവും വേള്‍ഡ് ട്രേഡ് സെന്റര്‍ നിന്ന സ്ഥലത്തുകൂടെ പോകുമായിരുന്നു. അമേരിക്കയിലെ സാധാരണ ജനങ്ങളില്‍നിന്ന് ഭീകരാക്രമണ ഓര്‍മ്മകള്‍ അകലുന്ന തോന്നലാണ് അപ്പോഴൊക്കെ ഉണ്ടായത്. വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റിന്റെ മാധ്യമ പുരസ്ക്കാരം വാങ്ങാനായി 2013 ഒക്ടോബര്‍ രണ്ടാം വാരം വീണ്ടും ന്യുയോര്‍ക്കിലെത്തി, പത്താമത്തെ അമേരിക്ക സന്ദര്‍ശനം. സാമ്പത്തിക ഉപരോധത്തെ തുടര്‍ന്ന് സ്റ്റാച്ചു ഓഫ് ലിബര്‍ട്ടി ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ അടഞ്ഞുകിടന്നപ്പോളാണ് ഹഡ്സണ്‍ നദിക്കരയില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ നിന്ന സ്ഥലത്ത് വീണ്ടും എത്തിയത്. നേരത്തെകണ്ട കമ്പിവേലി മറച്ച മൈതാനമായിരുന്നില്ല ഇത്തവണ കണ്ടത്. അവിടെ 1776 അടിയില്‍ 104 നിലകളോടെയാണ് പ്രതീക്ഷയുടെ പ്രതീകമായി പുതിയ അംബര ചുംബി തലയുയര്‍ത്തി നില്‍ക്കുന്നത് കണ്ടപ്പോള്‍ പുതിയൊരനുഭവം. ഭീകരവാദത്തിനെതിരെ അമേരിക്ക നേടിയ സ്വാതന്ത്ര്യത്തിന്റെ സ്മാരകം തന്നെ എന്ന തോന്നല്‍. നാണക്കേടിന്റെ ശൂന്യതയില്‍ നിന്ന് സ്വാതന്ത്ര്യ സ്മാരകം ഉയരുമ്പോള്‍ അത് അമേരിക്കക്കാരുടെ മനസ്സിനേറ്റ മുറിവും ഉണക്കിയേക്കാം എന്ന പ്രതീക്ഷയാണുണ്ടായത്.
ന്യൂയോര്‍ക്കിന്റെ അഭിമാനമായി തലയുയര്‍ത്തി നിന്ന ഇരട്ടഗോപുരങ്ങളായിരുന്നു വേള്‍ഡ് ട്രേഡ് സെന്ററിലെ ട്വിന്‍ ടവേഴ്സ്. ഭീകരാക്രമണത്തില്‍ ഇരുകെട്ടിടങ്ങളും തകര്‍ന്നടിഞ്ഞപ്പോള്‍ പ്രദേശം ശൂന്യമൈതാനമായി. ഗ്രൗണ്ട് സീറോ എന്ന വിളിപ്പേരോടെ ഈ പ്രദേശം അമേരിക്കയ്ക്കേറ്റ അപമാനത്തിന്റെ തിരുത്തായി മാറി. ആ ശൂന്യതയിലാണ് സ്വാതന്ത്ര്യത്തിന്റെ മണിമാളിക ഉയരുന്നത്. തകര്‍ന്ന ഇരട്ട ഗോപുരങ്ങള്‍ക്ക് പകരം 1776 അടി ഉയരമുളള ഫ്രീഡം ടവര്‍. ഈ വര്‍ഷാവസാനം തന്നെ ടവര്‍ തുറന്നുകൊടുക്കുന്നതരത്തില് നിര്‍മ്മാണം പുരോഗമിക്കുകയാണ്. 14.8 ബില്യണ്‍ ഡോളര്‍ ( 9000 കോടി രൂപ) ചെലവിട്ടാണ് ഗോപുരമുയര്ത്തുന്നത്.
അമേരിക്കന്‍ ചരിത്രത്തിലെ നിര്‍ണായക സഖ്യയാണ് 1776. അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനം നടന്നത് 1776 ജൂലൈ നാലിനായിരുന്നു. മാതൃരാജ്യത്തോട് യുദ്ധംചെയ്ത 13 ഇംഗ്ലീഷ് കോളനികള്‍ ചേര്‍ന്ന് അമേരിക്ക എന്ന സ്വതന്ത്രരാജ്യം പ്രഖ്യാപിച്ച ദിനം. 1776 എന്ന പ്രതീകാത്മക സംഖ്യ അമേരിക്കന്‍ ചരിത്രത്തില്‍ വീണ്ടും ഇടം പിടിക്കുന്നു. ന്യൂയോര്‍ക്ക് നഗരത്തില്‍ വേള്‍ഡ് ട്രേഡ് സെന്ററില്‍ 1776 അടി ഉയരത്തിലുയരുന്ന ടവര്‍ ചരിത്രത്തിന്റെ ഭാഗമാകും. തീവ്രവാദത്തില്‍ നിന്നും സ്വാതന്ത്ര്യം നേടിയതിന്റെ സ്മാരകം. ഫ്രീഡം ടവര്‍.
അമേരിക്കയെയും ലോകത്തെയും ഒരുപോലെ ഞെട്ടിച്ചാണ് 2001 സപ്തംബര്‍ 11 കടന്നുപോയത്. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക, സൈനിക ശക്തി എന്നു വിളിച്ചു പറഞ്ഞ അമേരിക്കയെ ഒരു നിമിഷംകൊണ്ട് തകിടംമറിക്കാന്‍ സപ്തംബര്‍ 11 ആക്രമണത്തിനു കഴിഞ്ഞു. അല്‍ഖ്വയ്ദ തീവ്രവാദി സംഘം തട്ടിയെടുത്ത നാല് വിമാനങ്ങള്‍ വാഷിങ്ങ്ടണ്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ ഇടിച്ചിറക്കുകയായിരുന്നു. രണ്ടായിരത്തിലധികം പേര്‍ക്കാണ് അന്ന് ജീവന് നഷ്ടപ്പെട്ടത്. രണ്ട് വിമാനങ്ങള്‍ വേള്‍ഡ് ട്രേഡ് സെന്ററിന്റെ നോര്‍ത്ത്, സൗത്ത് ടവറുകളില്‍ ഇടിച്ചുകയറി. മൂന്നാമത്തേത് പെന്റഗണ്‍ ലക്ഷ്യമാക്കിയും.
എന്നാല്‍ വാഷിങ്ങ്ടണ്‍ നഗരം ലക്ഷ്യമാക്കിയുള്ള നാലാമത്തെ ശ്രമം പരാജയപ്പെട്ടു. ഈ ആക്രമണത്തിനു ശേഷം ആഗോള തലത്തില്‍ തീവ്രവാദത്തിനെതിരെ അമേരിക്ക ശക്തമായ രീതിയില്‍ പ്രതികരിച്ചു. ഇതിന്റെ ഭാഗമായി ഏഷ്യയില്‍ അമേരിക്കന്‍ നടപടികള്‍ കര്‍ക്കശമാക്കി. ഒടുവില്‍ സപ്തംബര്‍ 11 ന്റെ മുഖ്യ ആസൂത്രകനായ അല്‍ഖ്വയ്ദ തലവന്‍ യു.എസ്.എമ ബിന്ലാദന് അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തു. അമേരിക്കയെ നടുക്കിയ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് കഴിഞ്ഞ സപ്തംബര്‍ 11ന് ഒരു വ്യാഴവട്ടം തികഞ്ഞു.
ആക്രമണത്തില്‍ തകര്‍ന്ന വേള്‍ഡ് ട്രേഡ് സെന്ററിന്റെ ആസ്ഥാനത്ത് പുതിയ വ്യാപാര കേന്ദ്രം നിര്‍മ്മിക്കുന്ന നടപടികള്‍ അമേരിക്ക 2003ലേ തുടങ്ങി. ഇരട്ട ടവറുകള്‍ വീണപ്പോള്‍ കേടുപാടുകള്‍ പറ്റിയ 7 കെട്ടിടം തകര്‍ത്ത് പുതിയത് 2006ല്‍ തന്നെ പണി തീര്‍ത്തു. 52 നിലകളാണ് ഇതിനുളളത്. ഇരട്ടഗോപുരം തകര്‍ന്നതിനെതുടര്‍ന്ന് അവിടെ എന്തു നിര്‍മ്മിക്കണം എന്നതില്‍ തര്‍ക്കമുണ്ടായി. സ്മാരകമുണ്ടാക്കിയാല് അത് അമേരിയ്ക്കക്കേറ്റ അപമാനത്തിന്റെ പ്രതീകമായി മാറില്ലേ എന്നതായിരുന്നു എതിര്‍ത്തവരുടെ സംശയം. എന്തു നിര്‍മ്മിച്ചാലും അത് അപമാനത്തിന്റെ സ്മാരകമായി മാറും എന്നതായിരുന്നു പേടി. തുടര്‍ന്ന് ആ പ്രദേശം കമ്പിവേലി കെട്ടിതിരിച്ച് വെറുതെയിട്ടു. ഗ്രൗണ്ട് സിറോ എന്ന് വിളിക്കപ്പെടുകയും ചെയ്തു.
ന്യൂയോര്‍ക്ക് മേയര്‍ മൈക്കള്‍ ബ്ലൂംബര്‍ഗാണ് ഗ്രൗണ്ട് സിറോ എന്നുവിളിക്കുന്നത് നിര്‍ത്തണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നത്്. അത് വളരെ നെഗേറ്റെവ് അര്‍ഥത്തിലാണ് ഉപയോഗിക്കുന്നത് എന്നതായിരുന്നു കാരണം. തര്‍ക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഉടുവില്‍ ഇരട്ട ടവര്‍ നിന്നിരുന്നിടത്ത് ഫ്രീഡം ടവര്‍ നിര്‍മ്മിക്കാന്‍ ന്യൂയോര്‍ക്ക് നഗരസഭ തീരുമാനിക്കുകയായിരുന്നു.
മൊത്തം 1776 അടി ഉയരമുണ്ടെങ്കിലും അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന് ഫ്രീഡം ടവറിനെ വിളിക്കാമോ എന്നതിലും തര്‍ക്കമുണ്ട്. ടവറിന്റെ യഥാര്‍ത്ഥ ഉയരം 1368 അടിയാണ്. ചിക്കാഗോയിലെ സിയേഴ്സ് ടവറിന്റെ ഉയരത്തെക്കാള് കുറവ്. പ്രത്യേകിച്ച് ഉപകാരമൊന്നുമില്ലാത്ത ഒരു സ്തൂപം മുകളില്‍ വച്ചപ്പോഴാണ് 1776 അടിയിലെത്തിയത്. 1970കളുടെ തുടക്കം മുതല്‍ 2001 സപ്റ്റംബര്‍ 11 വരെ ട്വിന്‍ ടവേഴ്സിനുണ്ടായിരുന്ന റെക്കോര്‍ഡിനെയും മറികടക്കുകയാണ് ഇപ്പോള്‍ പുതിയ ടവര്‍. ട്വിന്‍ ടവറിനെക്കാള്‍ 408 അടി ഉയരം കൂടൂതല്‍. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം 2,723 അടി ഉയരമുള്ള ദുബായിലെ ബുര്‍ജ് ഖലീഫയാണ്.
വാണിജ്യപരമായി വന്‍ വിജയം ആയിരിക്കും ഫ്രീഡം ടവര്‍ എന്ന് വ്യക്തമാണ്. കെട്ടിടത്തിന്റെ ഏതാണ്ട് പകുതിയിലധികം വാടകയ്ക്കു പോയികഴിഞ്ഞു. കോണ്ടെ നാസ്റ്റ് പബ്ലിക്കേഷന്‍സ് എന്ന സ്ഥാപനം 20-ാം നില മുതല്‍ 41-ാം നിലവരെയുള്ള 10 ലക്ഷം ചതുരശ്ര അടിയാണ് എടുത്തിരിക്കുന്നത്. വാന്റൊണ് എന്നൊരു ചൈനീസ് റിയല്‍ എസ്റ്റേറ്റ് സ്ഥാപനം 200,000 ചതുരശ്ര അടിക്ക് കരാര്‍ ഉറപ്പിച്ചിട്ടുണ്ട്. 104 നിലകളില്‍ 69 എണ്ണമേ വാടകയ്ക്ക് നല്കുന്നുള്ളു. താഴത്തെ നിലകളില്‍ ഒട്ടേറെ എണ്ണം ഉപയോഗ ശൂന്യമാണ്. സ്ഫോടനത്തെ ചെറുക്കാന്‍ ശേഷിയുളള കനത്ത ഭിത്തിയും സംവിധാനങ്ങളുമാണ് അവിടെ.
പി . ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: