അഞ്ചല്‍: ജില്ലയിലെ ഏറ്റവും പ്രാധാന്യമുള്ള ജൈവവൈവിധ്യ മേഖലയും തീര്‍ത്ഥാടന ടൂറിസം ഭൂപടത്തില്‍ സ്ഥാനം പിടിച്ചതുമായ മലമേല്‍ ഇക്കോടൂറിസം പദ്ധതി ഉപേക്ഷിച്ച മട്ടില്‍.
സര്‍ക്കാര്‍ തലത്തില്‍ നിരവധി പ്രഖ്യാപനങ്ങള്‍ നടന്നിട്ടും നടപടികള്‍ കടലാസിലുറങ്ങുകയാണിപ്പോള്. ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്തിലെ അറയ്ക്കല്‍ വില്ലേജിലാണ് പ്രകൃതി രമണീയമായ മലമേല്‍ പാറ.
ഈ പാറയിലെ പ്രധാന ആകര്‍ഷണം നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇരുമ്പഴിക്കുന്ന് ശങ്കരനാരായണ ക്ഷേത്രവും ഇവിടെ തമ്പടിച്ചിരിക്കുന്ന വാനരപ്പടയുമാണ്.
മലമേല്‍ പാറയില്‍ നിന്നുള്ള ദൂരക്കാഴ്ച ആരെയും വശീകരിക്കും. സമുദ്രനിരപ്പില്‍ നിന്ന് ആയിരത്തിലധികം അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന അമ്പലപ്പാറയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അരയാല്‍ സന്ദര്‍ശകരെ അമ്പരപ്പിക്കും. പുരാതന വാസ്തുവിദ്യയുടെ മകുടോദാഹരണമാണ് ഒരേ ശ്രീകോവിലില്‍ ശിവ-വിഷ്ണു പ്രതിഷ്ഠയുള്ള ക്ഷേത്രം.
അറുപത് ഏക്കറിലധികം വ്യാപിച്ചു കിടക്കുന്ന പാറക്കൂട്ടങ്ങള്‍ക്കിടയില്‍ അത്യപൂര്‍വമായ ജൈവശ്യംഖലകള് അധിവസിക്കുന്നു. ആഫ്രിക്കയില്‍ കാണപ്പെടുന്ന സാന്ഡ്ഗ്രൂസ് പക്ഷികളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. അത്യപൂര്‍വമായ ഇനം സസ്യങ്ങള്‍, മറ്റ് ജീവജാലങ്ങള്‍ എന്നിവ ശാസ്ത്രാന്വേഷികള്ക്ക് കൗതുകമാണ്. നാടുകാണിപ്പാറ, ശാസ്താംപാറ, ശംഖൂത്ത് പാറ, ഗോളപ്പാറ, നടപ്പാറ, കുടപ്പാറ എന്നീ പേരുകളിലാണ് പ്രധാന പാതകള്‍ അറിയപ്പെടുന്നത്. നാടുമുഴുവന്‍ കാണാന്‍ കഴിയുമെന്നതിനാലാണ് അമ്പലപ്പാറയ്ക്ക് ആ പേര് പഴമക്കാര്‍ നല്‍കിയത്. ഇത് ജില്ലയിലെ ഏറ്റവും ഉയരമേറിയ പ്രദേശമാണെന്ന് പറയപ്പെടുന്നു.
കൊല്ലം തങ്കശ്ശേരി വിളക്കുമാടം, ചണ്ണപ്പേട്ട കുടുക്കത്തുപാറ, ചടയമംഗലം ജഡായുപ്പാറ എന്നിവ ഇവിടെ നിന്നും കാണാന്‍ കഴിയും. വയര്‍ലസ് സ്റ്റേഷന് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ഇതിന്റെ പഴയ കെട്ടിടങ്ങള്‍ പകല്‍ സമയത്തും മദ്യപാനികളുടെയും സാമൂഹ്യവിരുദ്ധരുടെയും വിഹാര കേന്ദ്രമാണ്.
അമ്പലപ്പാറയില്‍ വറ്റാത്ത നീരുറവകളുണ്ട്. ജില്ലയില്‍ ശാസ്താംകോട്ട കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വാനരന്മാരും മയിലുകളും ഇവിടുത്തെ പ്രത്യേകതയാണ്. എന്നാല്‍ ഇവിടുത്തെ പ്രകൃതി രമണീയത സംരക്ഷിക്കുന്നതിനോ ടൂറിസം പ്രയോജനപ്പെടുത്തി മേഖലയുടെ വികസനത്തിനോ അധികൃതര്‍ ശ്രമിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
മലമേല്‍ ക്ഷേത്രപരിസരത്ത് വ്യാപക കയ്യേറ്റങ്ങളും പാറക്വാറികളും നിയന്ത്രിക്കാന്‍ ഉന്നത ഭരണകേന്ദ്രങ്ങള്‍ നേരത്തെ ഇടപെട്ടിട്ടുണ്ടെങ്കിലും ഇപ്പോള്‍ മാളത്തിലൊളിച്ച മട്ടാണ്. നേരത്തെ ഇവിടെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തി തീര്‍ത്ഥാടനത്തിനും ക്ഷേത്രവിശ്വാസത്തിനും കോട്ടം തട്ടാതെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥ തലത്തിലുള്ള പിടിപ്പുകേടും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സ്ഥലം എം എല്‍എയുടെയും താല്പര്യക്കുറവും മൂലം ഇവിടുത്തെ ടൂറിസം പദ്ധതി ഉപേക്ഷിച്ച മട്ടാണ്. മലമേല്‍ പാറയില്‍ അധിവസിക്കുന്ന വാനരക്കൂട്ടങ്ങളാകട്ടെ പട്ടിണിയിലും. പട്ടിണിമൂലം ഇവ പരിസരത്തെ കൃഷി നശിപ്പിക്കുന്നതായി ‘ജന്മഭൂമി’ നേരത്തെ റിപ്പോ ഋട്ട് ചെയ്തിരുന്നു. ടൂറിസം പദ്ധതി എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ് ഇപ്പോള്‍.
സജീഷ് വടമണ്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: