പുത്തൂര്‍: പിരിവ് കൊടുക്കാത്തതിന്റെ പേരില്‍ പെട്രോള്‍ പമ്പിന് നേരെ യൂത്ത് കോണ്‍ഗ്രസ് അക്രമം. പുത്തൂരില്‍ പ്രവര്‍ത്തിക്കുന്ന മുരളി ഫ്യൂവല്‍സിന് നേരെയാണ് ആക്രമണം നടന്നത്.
കഴിഞ്ഞദിവസം മാവേലിക്കര യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറിയും പ്രസിഡന്റുമാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ നാലു യുവാക്കള്‍ 10,000 രൂപ പിരിവ് ആവശ്യപ്പെട്ടു. എന്നാല്‍ യാതൊരു മുന്പരിചയവുമില്ലാത്തവരായതിനാല് പ്രദേശത്തെ കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ടതിനുശേഷം പരിവ് തരാമെന്ന് ഉടമ പറഞ്ഞു.
ഇതില്‍ ക്ഷുഭിതരായ ഇവര്‍ പമ്പുടമയായ മുരളീധരനെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും പമ്പിലുണ്ടായിരുന്ന ജീവനക്കാരെ വിരട്ടി ഓടിക്കുകയും പെട്രോള്‍ പമ്പ് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയമായിരുന്നു.
ഇതിന്റെ തുടര്‍ച്ചയായി വൈകുന്നേരം കാറില്‍ എത്തിയ ഗുണ്ടാ സംഘം ഓഫീസില്‍ കടന്നു കയറി പമ്പ് ഉടമയെ മര്‍ദ്ദിക്കുകയും ഇനിയും നേതാക്കള്‍ വന്ന് പിരിവ് ആവശ്യപ്പെട്ടാല്‍ കൊടുത്തില്ലെങ്കില്‍ പമ്പ് കത്തിക്കുമെന്നും ഉടമയെ അതില്‍ ഇട്ട് ചുട്ടുകൊല്ലുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും, പുത്തൂര്‍ പോലീസിനും ഡിജിപി യ്ക്കും കമ്മീഷണര്‍ക്കും ഇതിനെതിരെ പരാതി നല്‍കിയതായി പമ്പുടമ പറഞ്ഞു.
കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ അടുത്ത ആഴ്ച അടച്ചിടുമെന്ന് പെട്രോളിയം ഡീലേഴ്സ് അസോസിയേഷന് അറിയിച്ചു. അടിക്കടി ഉണ്ടാകുന്ന ഇത്തരം സംഭവങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കണമെന്ന് ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷന് പ്രസിഡന്റ് ജി. ബാബുരാജനും, സെക്രട്ടറി മൈതാനം വിജയനും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: