ചണ്ഡീഗഡ്: അടുത്ത ബന്ധുക്കളിലൊരാള്‍ നിങ്ങളുടെ വീട്ടില്‍ മുന്നറിയിപ്പില്ലാതെ കയറി വന്നാല്‍ എന്തു ചെയ്യും. പിന്നെ പലഹാരവും ചായയുമൊക്കെ വാങ്ങാന്‍ നെട്ടോട്ടം തന്നെ. ആ അവസ്ഥയിലാണ് ഹരിയാനയിലെ രോതക് ടൗണ്‍. സച്ചിന് ടെന്‍ഡുല്‍ക്കര്‍ എന്ന ഇതിഹാസം രോതക്കില് ക്രിക്കറ്റ് കളിക്കാന്‍ എത്തുകയാണ് അതും കരിയറിലെ അവസാന രഞ്ജി ട്രോഫി മത്സരത്തിന്. സച്ചിനിലെ ഗ്ലാമര്‍ താരത്തിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ പരക്കം പായുകയാണ് ഈ ചെറുപട്ടണം. 27നാണ് മുംബൈ- ഹരിയാന രഞ്ജി മത്സരം തുടങ്ങുന്നത്.
സൂപ്പര്‍ താരവും പോരാഞ്ഞിട്ട് രാജ്യസഭാംഗവും കൂടിയായ സച്ചിന് എവിടെ താമസമൊരുക്കുമെന്നതാണ് പ്രാദേശിക ഭരണകൂടവും ഹരിയാന ക്രിക്കറ്റ് അസോസിയേഷനും നേരിടുന്ന പ്രധാന വെല്ലുവിളി. രോതകില് ഒരു സ്റ്റാര്‍ ഹോട്ടല്‍ പോലുമില്ല. ഇടത്തരം ആഡംബര ഹോട്ടലുകളിലൊന്നും സച്ചിന് ശയ്യാമുറിയൊരുക്കാന് ആവില്ലല്ലോ.
മുംബൈ ടീമിന്റെ താമസക്കാര്യത്തിലും അധികൃതര്‍ക്ക് എത്തുംപിടിയും കിട്ടുന്നില്ല. രോതക്കിലുള്ള ഹോട്ടലുകളില്‍ ഒന്നില്‍പ്പോലും 15 റൂമുകള്‍ തികച്ചില്ലെന്നതാണു കാരണം. കളിക്കാരും ഒഫീഷ്യലുകളുമടക്കം മുംബൈ ടീമില്‍ പതിനഞ്ചിലേറേ അംഗങ്ങള്‍ ഉണ്ടാവുമെന്ന കാര്യം ഉറപ്പ്. സന്ദര്‍ശകര്‍ക്കായി റിവോളി ഹോട്ടല്‍ ബുക്ക് ചെയ്യാന്‍ ആലോചനയുണ്ട്. അങ്ങനെയെങ്കില്‍ ഇവിടെയുള്ള ഏക സ്യൂട്ട് റൂം സച്ചിന് ഉപയോഗിക്കാം. എന്നാല്‍ റിവോളിയിലും 12 മുറികളേയുള്ളു. ടീം അംഗങ്ങള്‍ക്കെല്ലാം മാസ്റ്റര്‍ ബ്ലാസ്റ്റര്ക്കൊപ്പം കഴിയാനാവില്ലെന്നു സാരം.
തില്യാര്, മൈന എന്നിവിടങ്ങളിലെ സര്‍ക്കാര്‍ റിസോര്‍ട്ടുകളും സച്ചിനുവേണ്ടി പരിഗണിക്കുന്നുണ്ട്. സംസ്ഥാന മുഖ്യമന്ത്രി ഭൂപിണ്ടര് സിങ് ഹൂഡയുടെ വസതി മാസ്റ്റര്‍ ബ്ലാസ്റ്ററുടെ വിശ്രമ സങ്കേതമാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുണ്ട്. ഹൂഡയുടെ മകന് ദീപേണ്ടറും സച്ചിനെപ്പോലെ തന്നെ എംപിയാണ്.
ഇപ്പോഴത്തെ അവസ്ഥയില്‍ മുംബൈ ടീമിന് രണ്ട് ഹോട്ടലുകളിലായി കഴിയേണ്ടിവരും. ടിവി കമന്റേറ്റര്‍മാര്‍ 35 കിലോമീറ്ററിന് അപ്പുറത്തെ താമസസ്ഥലത്തു നിന്നു വന്നു കളിപറയേണ്ടിയുംവരും. സച്ചിന്റെ കരിയറിലെ അവസാന മത്സരങ്ങളിലൊന്നായതിനാല്‍ ദൂരദര്ശന് അടക്കമുള്ള ചാനലുകളില്‍ ലെവ് ടെലികാസ്റ്റ് കാണും. എന്നാല്‍ ചാനല്‍ ക്യാമറകള്‍ ഉറപ്പിക്കാനുള്ള സംവിധാനങ്ങളൊന്നും രോതക്കിലെ സ്റ്റേഡയത്തിലില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: