ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസിലെ സിബിഐ എഫ്ഐആറില്‍ പരാമര്‍ശിക്കുന്ന ‘സുപ്രധാന അധികാര കേന്ദ്രമായ’ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിനെ ചോദ്യം ചെയ്യാന്‍ സിബിഐ തീരുമാനിച്ചു. അഴിമതിക്കേസുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായാണ് ഒരു പ്രധാനമന്ത്രിയെ ചോദ്യം ചെയ്യാന്‍ അന്വേഷണ ഏജന്‍സി തയ്യാറെടുക്കുന്നത്.
ഹിന്‍ഡാല്‍കോയ്ക്ക് കല്‍ക്കരിപ്പാടം കൈമാറിയതില്‍ നടന്ന അഴിമതികളെപ്പറ്റി കണ്ടെത്തി എഫ്ഐആര്‍ സമര്‍പ്പിച്ചതിനു പിന്നാലെ കല്‍ക്കരിപ്പാടം കൈമാറിയത് പ്രധാനമന്ത്രി ഉത്തമ ബോധ്യത്തോടെയാണെന്ന പിഎംഒ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യല്‍. നേരിട്ടു വിളിച്ചു വരുത്തിയാണോ ചോദ്യാവലി നല്കിയാണോ ചോദ്യം ചെയ്യുന്നതെന്ന് സിബിഐ അന്വേഷണ സംഘം ഇതുവരെ തീരുമാനിച്ചിട്ടില്ല. സിബിഐക്ക് ആവശ്യമെങ്കില്‍ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യാമെന്ന് പലവട്ടം പറഞ്ഞ കേന്ദ്രമന്ത്രിസഭാംഗങ്ങള്‍ സിബിഐയുടെ പുതിയ നീക്കത്തോടെ വെട്ടിലായിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിനിടെ നടന്ന പുതിയ നീക്കങ്ങള്‍ മന്‍മോഹന്‍സിങ്ങിനെ തീര്‍ത്തും പ്രതിരോധത്തിലാഴ്ത്തി.
ഹിന്‍ഡാല്‍കോയ്ക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും എത്രയും പെട്ടെന്ന് കൈമാറാന്‍ ആവശ്യപ്പെട്ട് സിബിഐ പ്രധാനമന്ത്രിയുടെ ഓഫീസിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഹിന്‍ഡാല്‍ക്കോയ്ക്ക് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചത് യോഗ്യത അടിസ്ഥാനമാക്കിയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടികളുമായി ബന്ധപ്പെട്ട ഫയല്‍ കൈമാറാന്‍ സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.
കല്‍ക്കരിപ്പാടം വിതരണത്തില്‍ നടന്ന ക്രമക്കേടുകള്‍ കണ്ടെത്തി സിബിഐ രജിസ്റ്റര്‍ ചെയ്ത 14-ാമത് എഫ്ഐആറിലാണ് പ്രധാനമന്ത്രിക്കെതിരെ അന്വേഷണം എത്തിയിരിക്കുന്നത്. ഒറീസയിലെ തലബിരയില്‍ ബിര്‍ള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഹിന്‍ഡാല്‍കോയ്ക്ക് കല്‍ക്കരിപ്പാടം അനുവദിച്ചത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് സിബിഐ കണ്ടെത്തിയിരുന്നു. കേസില്‍ മുന്‍ കല്‍ക്കരി സെക്രട്ടറി പി.സി പരേഖിനേയും ബിര്‍ള ഗ്രൂപ്പ് ചെയര്മാന് കുമാരമംഗലം ബിര്‍ളയേയും പ്രതിചേര്‍ക്കുകയും കല്‍ക്കരി വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന സുപ്രധാന അധികാരകേന്ദ്രത്തിനു വീഴ്ച സംഭവിച്ചതായി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹിന്‍ഡാല്‍കോയ്ക്ക് പാടങ്ങള്‍ നല്കിയ നടപടികള്‍ ശരിയാണെന്നും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങാണ് തീരുമാനമെടുത്ത സുപ്രധാന അധികാര കേന്ദ്രമെന്നും വ്യക്തമാക്കി അദ്ദേഹത്തിന്റെ ഓഫീസ് പ്രസ്താവന ഇറക്കുകയും ചെയ്തു. ഇതോടെയാണ് പ്രധാനമന്ത്രിയെ ചോദ്യം ചെയ്യാതെ കേസ് മുമ്പോട്ടു പോകില്ലെന്ന സ്ഥിതി സംജാതമാതയെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം.
കല്‍ക്കരി സെക്രട്ടറിയായിരുന്ന പി.സി പരേഖിനേയും കുമാരമംഗലം ബിര്‍ളയേയും ചോദ്യം ചെയ്യാനും സിബിഐ തീരുമാനിച്ചിട്ടുണ്ട്. ഇരുവരേയും ചോദ്യം ചെയ്ത ശേഷം ഒറീസ മുഖ്യമന്ത്രി നവീന്‍ പട്നായികിനേയും ചോദ്യം ചെയ്യുമെന്നറിയുന്നു. ഇതിനു ശേഷം മാത്രമേ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ ചോദ്യം ചെയ്യൂ എന്നാണ് സൂചന.
അതിനിടെ ബിര്‍ളയേയും പരേഖിനേയും പ്രതിചേര്‍ച്ച് എഫ്ഐആര്‍ സമര്‍പ്പിച്ചതടക്കമുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സിബിഐ അന്വേഷണ സംഘം ഇന്നലെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഒക്ടോബര്‍ 29ന് കോടതി റിപ്പോര്‍ട്ട് പരിശോധിക്കും. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഉടന്‍ തന്നെയാണ് പിഎംഒ ഓഫീസിനോട് ഹിന്‍ഡാല്‍കോയുമായി ബന്ധപ്പെട്ട രേഖകള്‍ നല്കാന് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ദങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് കേസന്വേഷണം ശക്തമാക്കാനാണ് സിബിഐ തീരുമാനമെന്നാണ് ഇതു വ്യക്തമാക്കുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: