ചവറ: വൃദ്ധദമ്പതികളെ വട്ടംചുറ്റിച്ച റെയില്‍വേക്കെതിരെ പരാതിയുമായി ഉപഭോക്തൃകോടതിയിലേക്ക്. ശങ്കരമംഗലം എസ് ബി ടിക്ക് സമീപം താസമിക്കുന്ന രവീന്ദ്രന് (65), ഭാര്യ പ്രസന്ന(60) എന്നിവര്‍ക്കാണ് റെയില്‍വേ അധികൃതരുടെ അനാസ്ഥയെത്തുടര്‍ന്ന് ശാരീരിക-മാനസിക പീഡനങ്ങള്‍ അനുഭവിക്കേണ്ടിവന്നത്.
രവീന്ദ്രന് വലത് കണ്ണിന് പൂര്‍ണമായും, ഇടത് കണ്ണിന് 80ശതമാനവും കാഴചയില്ല. 1984 ഫരീദാബാദില്‍ സെന്‍ട്രല്‍ ഓക്സിജന്‍ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയിലാണ് അവിടെ ജോലിയിലായിരുന്ന രവീന്ദ്രന്റെ കാഴ്ച നഷ്ടമായത്. അസുഖത്തെത്തുടര്‍ന്ന് ബാംഗ്ലൂരിലെ അപ്പോളോ ആശുപത്രിയിലെ ചികിത്സക്കും, അവിടെ താമസിക്കുന്ന മകളെ കാണുന്നതിനുംവേണ്ടിയാണ് വൃദ്ധദമ്പതികള്‍ ബംഗ്ലൂരുവിലെത്തിയത്. മടങ്ങിവരുന്നതിനായി കഴിഞ്ഞ 18ന് വൈകീട്ട് 3.20ന് ബംഗ്ലൂരുവില്‍ നിന്ന് കൊച്ചുവേളി സ്പെഷ്യല്‍ ട്രെയിനില്‍ റിസര്‍വേഷന്‍ ലഭിച്ചു. ട്രെയിന്‍ പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പ് സ്റ്റേഷനിലെത്തിയെങ്കിലും 40 മിനിട്ട് വൈകീയാണ് ട്രെയിനെത്തിയത്. ട്രെയിനില്‍ ഇവര്‍ക്ക് സീറ്റ് ലഭിച്ചിരുന്ന എസ് നാല് കോച്ച് അന്വേഷിച്ച് ഫ്ലാറ്റ് ഫോം മൊത്തം നടന്നെങ്കിലും കണ്ടെത്താനായില്ല. അവസാനം എസ് രണ്ടില്‍ കയറി . മണിക്കൂറുകള്‍ കഴിഞ്ഞ് ടിക്കറ്റ് പരിശോധിക്കാനെത്തിയ ടി ടിയോട് വിവരം പറഞ്ഞപ്പോള്‍ എസ് നാല് റദ്ദാക്കിയെന്നും ഡി നാലില്‍ സീറ്റുണ്ടെന്നും പറഞ്ഞു. ഇതില്‍ ബര്‍ത്ത് സൗകര്യമുണ്ടായിരുന്നില്ല.
വൃദ്ധദമ്പതികളെ അവസ്ഥകണ്ട് സഹയാത്രികര്‍ സീറ്റ് നല്‍കിയെങ്കിലും യാത്രബുദ്ധിമുട്ടുള്ളതായി. 19ന് രാവിലെ കായംകുളത്ത് എത്തിയപ്പോഴേക്കും വൃദ്ധദമ്പതികള്‍ വളരെ ക്ഷീണിതരായി. നേരത്തെ റിസര്‍വേഷന്‍ നല്കിയ എസ് നാല് റദ്ദ്ചെയ്യുകയും ഡി നാലില്‍ സീറ്റ് ഒരുക്കുകയും ചെയ്ത വിവരം റെയില്‍വേ അധികൃതര്‍ മെസേജിലൂടെ അറിയിച്ചിരുന്നുവെങ്കില്‍ ഈ ദമ്പതികള്‍ക്ക് ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരില്ലായിരുന്നു. തങ്ങള്‍ക്കുണ്ടായ ദുരനുഭത്തിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് റെയില്‍വേക്കെതിരെ ഉപഭോക്തൃകോടതിയെ സമീപിച്ചിരിക്കുകയാണ് രവീന്ദ്രനും ഭാര്യയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: