മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗിലെ മറ്റൊരു ക്ലാസ്സിക്ക് പോരാട്ടത്തില്‍ റയല്‍ മാഡ്രിഡും നിലവിലെ സീരി എ ചാമ്പ്യന്മാരായ ജുവന്റസും തമ്മില്‍ ഏറ്റുമുട്ടും. ഗ്രൂപ്പ് ബിയിലാണ് ഈ പോരാട്ടം അരങ്ങേറുന്നത്. ഇന്ന് സ്വന്തം തട്ടകത്തില്‍ മൂന്നാം മത്സരത്തിനിറങ്ങുന്ന റയല്‍ മികച്ച വിജയം നേടി നോക്കൗട്ട് റൗണ്ട് പ്രവേശം ഉറപ്പിക്കാനാണ് ശ്രമിക്കുക.
സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പരിക്ക് മാറി തിരിച്ചെത്തിയ ലോകത്തിലെ ഏറ്റവും വിലയേറിയ താരമായ ഗരെത്ത് ബെയ്ലും പ്ലേ മേക്കര്‍ ഏയ്ഞ്ചല്‍ ഡി മരിയയും യുവതാരമായ ഇസ്കോയും ഉള്‍പ്പെടുന്ന റയലിന് തന്നെയാണ് ഇന്നത്തെ മത്സരത്തില്‍ മുന്‍തൂക്കം. സ്പാനിഷ് ലീഗില്‍ മികച്ച പ്രകടനം നടത്തുന്നതിന്റെ ആത്മവിശ്വാസവും റയലിനുണ്ട്. അതുപോലെ ചാമ്പ്യന്‍സ് ലീഗിന്റെ കഴിഞ്ഞ മത്സരത്തില്‍ എഫ്സി കോപ്പന്‍ഹേഗനെ മറുപടില്ലാത്ത നാല് ഗോളുകള്‍ക്കാണ് റയല്‍ തകര്‍ത്തുവിട്ടത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ഗലറ്റ്സരെയെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കും റയല്‍ തകര്‍ത്തിരുന്നു. റയല്‍ മാഡ്രിഡ് മാത്രമാണ് ഈ ഗ്രൂപ്പില്‍ വിജയം വരിച്ച ഏക ടീം. മറുവശത്ത് ജുവന്റസിന്റെ കാര്യം കഷ്ടത്തിലാണ്. സീരി എയില്‍ കഴിഞ്ഞ ദിവസം ഫിയോറന്റീനയോട് രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെട്ടതിന്റെ നിരാശയിലാണ് ജുവന്റസ്. എന്നാല്‍ ഇതിന് മുമ്പ് ഇരുടീമുകളും മൂന്നുതവണ ഏറ്റുമുട്ടിയപ്പോഴും വിജയം ജുവന്റസിനൊപ്പമായിരുന്നു. 2009-ലാണ് റയലും ജുവന്റസും അവസാനം കൊമ്പുകോര്‍ത്തത്. അന്ന് 2-1നാണ് ജുവന്റസ് വിജയിച്ചത്. മികച്ച താരങ്ങളുണ്ടെങ്കിലും ഗോളടിക്കാന്‍ കഴിയാത്തതാണ് ജുവന്റസിന്റെ പ്രശ്നം. എങ്കിലും ഈ സീസണില്‍ ടീമിലെത്തിയ കാര്‍ലോസ് ടെവസ് മികച്ച ഫോമിലാണെന്നതും മുന്‍ കളികളിലെ കണക്കുകളും അവരുടെയും ആത്മവിശ്വാസം ഉയര്‍ത്തുന്നുണ്ട്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഗലറ്റ്സരെ എഫ്സി കോപ്പന്‍ഹേഗനെ നേരിടും.
ഗ്രൂപ്പ് എയില്‍ നടക്കുന്ന പോരാട്ടത്തില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സ്പാനിഷ് ടീമായ റയല്‍ സോസിഡാഡാണ് എതിരാളികള്‍. പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും വിജയം മികച്ച പ്രകടനം നടത്താന്‍ കഴിയുന്ന ഉഴലുന്ന മാഞ്ചസ്റ്ററിന് ഇന്നത്തെ മത്സരത്തില്‍ വിജയിച്ചേ മതിയാവൂ. സൂപ്പര്‍താരങ്ങളായ വെയ്ന്‍ റൂണിയിലും റോബിന് വാന്‍ പെഴ്സിയിലുമാണ് മാഞ്ചസ്റ്ററിന്റെ പ്രതീക്ഷ മുഴുവന്‍. കൗമാരതാരം ബെല്‍ജിയത്തിന്റെ ജാനസാജും മാഞ്ചസ്റ്റര്‍ നിരയിലെ മികച്ച കളിക്കാരനാണ്. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ബയേര്‍ ലെവര്‍ക്യൂസനെ തോല്‍പ്പിച്ചെങ്കിലും രണ്ടാം മത്സരത്തില്‍ ഷക്തറുമായി യുണൈറ്റഡിന് സമനില പാലിക്കേണ്ടിവന്നിരുന്നു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഷക്തര്‍ ബയേര്‍ ലെവര്ക്യൂസനുമായി ഏറ്റുമുട്ടും. ഷക്തറിനും മാഞ്ചസ്റ്ററിനും ഗ്രൂപ്പില്‍ നാല് പോയിന്റ് വീതമാണുള്ളത്.
ഗ്രൂപ്പ് സിയില്‍ പിഎസ്ജിക്ക് കാര്യങ്ങള്‍ താരതമ്യേന എളുപ്പമാണ്. രണ്ട് മത്സരങ്ങളിലും വിജയിച്ച് ആറ് പോയിന്റുമായി ഒന്നാം സ്ഥാനത്ത് നില്ക്കുന്ന പിഎസ്ജിക്ക് ഇന്ന് ആന്ഡര്ലക്റ്റാണ് എതിരാളികള്‍. കഴിഞ്ഞ ദിവസം ഫ്രഞ്ച് ലീഗില്‍ അത്ഭുതഗോള്‍ നേടിയ സ്ലാറ്റന് ഇബ്രാഹിമോവിച്ചിന്റെ ഉജ്ജ്വല ഫോമാണ് പിഎസ്ജിയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നത്. അതുപോലെയാണ് ഉറുഗ്വെയ്ന്‍ സ്ട്രൈക്കര്‍ എഡിസണ് കവാനിയുടെ സാന്നിധ്യവും. അതേസമയം ആന്ഡര്ലക്റ്റിന് കളിച്ച രണ്ട് മത്സരങ്ങളിലും തോല്‍വി ഏറ്റുവാങ്ങേണ്ടിയും വന്നു. ഗ്രൂപ്പിലെ രണ്ടാമത്തെ മത്സരത്തില്‍ ഒളിമ്പിയാക്കോസും ബെനഫിക്കയും തമ്മില്‍ ഏറ്റുമുട്ടും. ഇരുടീമുകളും ഓരോ മത്സരം വിജയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇരുടീമുകള്‍ക്കും ഇന്നത്തെ പോരാട്ടം നിര്‍ണായകമാണ്.
ഗ്രൂപ്പ് ഡിയില്‍ നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് തുടര്‍ച്ചയായ മൂന്നാം വിജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. മ്യൂണിക്കില്‍ നടക്കുന്ന മത്സരത്തില്‍ വിക്ടോറിയ പ്ലസനാണ് ബയേണിന് എതിരാളികള്‍. ചാമ്പ്യന്‍സ് ലീഗിലെ കഴിഞ്ഞ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ അവരുടെ തട്ടകത്തില്‍ തകര്‍ത്തതിന്റെയും ജര്‍മ്മന്‍ ബുണ്ടസ് ലീഗയില്‍ നടത്തുക്ക ഉജ്ജ്വല പ്രകടനത്തിന്റെയും ആത്മവിശ്വാസത്തിലാണ് ബയേണ്‍ ഇന്ന് സ്വന്തം തട്ടകത്തില്‍ വിക്ടോറിയ പ്ലസനെതിരെ പടയ്ക്കിറങ്ങുന്നത്. ഫ്രാങ്ക് റിബറിയും, അര്ജന് റോബനും തോമസ് മുള്ളറും ഉള്‍പ്പെടുന്ന ബയേണ്‍ നിരയെ വിക്ടോറിയക്ക് എത്രത്തോളം തടുത്തുനിര്‍ത്താന്‍ കഴിയുമെന്ന് മാത്രമാണ് കാണാനുള്ളത്. വിക്ടോറിയക്ക് ഇതുവരെ പോയിന്റൊന്നും ലഭിച്ചിട്ടില്ല. മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് എവേ മത്സരത്തില്‍ സിഎസ്കെ മോസ്കോയാണ് എതിരാളികള്‍. പ്രീമിയര്‍ ലീഗില്‍ തുടക്കത്തിലെ കിതപ്പിനുശേഷം മികച്ച ഫോമിലേക്കുയര്ന്നുതുടങ്ങിയ സിറ്റിക്ക് ഇന്ന് വിജയിച്ചാല്‍ മാത്രമേ നോക്കൗട്ട് പ്രതീക്ഷ നിലനിര്‍ത്താന്‍ കഴിയുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: