ന്യൂദല്‍ഹി: പാക്കധീന കാശ്മീരില്‍ ലോക്സഭാ സീറ്റ് രൂപീകരിക്കാന്‍ ആഭ്യന്തരമന്ത്രാലയം ആലോചിക്കുന്നു. ഭരണഘടനാ ഭേദഗതികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി നിയമമന്ത്രാലയത്തിലേക്ക് ആഭ്യന്തര വകുപ്പ് പുതിയ നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുണ്ട്.
പ്രതിരോധത്തിലൂന്നിയുള്ള നയങ്ങളില്‍ നിന്നും വ്യതിചലിച്ചുകൊണ്ട് നയതന്ത്ര രംഗത്തെ നിര്‍ണ്ണായക കാല്‍വെയ്പ്പാണ് ഇന്ത്യ നടത്തിയിരിക്കുന്നത്. ജമ്മു കാശ്മീര്‍ സ്റ്റഡി സെന്റര്‍ ഉള്‍പ്പെടെ നിരവധി ദേശീയ സംഘടനകള്‍ നാളുകളായി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ഇന്ത്യന്‍ വിദേശ നയത്തില്‍ സമഗ്രമായ മാറ്റമുണ്ടാകുന്നെന്ന സൂചനകളാണ് ഇതോടെ വ്യക്തമാക്കുന്നത്. എന്നാല്‍ വിദേശനയം സംബന്ധിച്ച നിര്‍ണ്ണായക നിലപാടായതിനാല്‍ വാര്‍ത്ത സ്ഥിരീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല.
പാക്കിസ്ഥാനെതിരായി ജനവികാരം ശക്തമായ ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ പ്രദേശങ്ങളുള്‍പ്പെടുന്ന പിഓക്ക്യ്ക്കായി ലോക്സഭാ സീറ്റ് രൂപീകരിക്കാനുള്ള ശ്രമമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നടത്തുന്നത്. എന്നാല്‍ ഭരണഘടനയിലെ 81-ാം അനുഛേദപ്രകാരം മറ്റൊരു രാജ്യത്തിന്റെ അധികാരത്തിലിരിക്കുന്ന പ്രദേശത്ത് ലോക്സഭാ സീറ്റുകള്‍ അനുവദിക്കാന്‍ ഇന്ത്യയ്ക്ക് അധികാരം നല്‍കുന്നില്ല. ഇതിനാല്‍ ഭരണഘടനാ ഭേദഗതിക്കുള്ള നിയമോപദേശം വേണമെന്നാവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് നിയമവകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി ആര്.കെ ശ്രീവാസ്തവയാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം സമര്‍പ്പിച്ചിരിക്കുന്നത്.
13,297 ചതുരശ്ര കിലോമീറ്റര്‍ ഉള്ള പാക് അധിനിവേശ കാശ്മീരിലെ നിരവധി സംഘടനകള്‍ പാക്കിസ്ഥാന് സര്‍ക്കാരിനും പട്ടാളത്തിനുമെതിരായ അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുകയും ഇന്ത്യ മേഖലയില്‍ ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പാക്കിസ്ഥാനെതിരായ ഇത്തരം സംഘടനകളുടെ നിലപാടുകളെ ഇന്ത്യ ഫലപ്രദമായി ഉപയോഗിക്കണമെന്ന് ജമ്മുകാശ്മീര്‍ സ്റ്റഡിസെന്റര് കേന്ദ്രസര്‍ക്കാരിലെ വിദേശകാര്യ-ആഭ്യന്തര വകുപ്പുകളോട് നിരന്തരം ആവശ്യപ്പെടുകയും പ്രദേശത്തെ ജനങ്ങളുടെ ഇന്ത്യാഅനുകൂല നിലപാടു വ്യക്തമാക്കുന്ന നിരവധി രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. പാക്കിസ്ഥാന് ഇന്ത്യയോട് തുടരുന്ന ആക്രമണോത്സുകമായ നയതന്ത്ര നീക്കങ്ങള്‍ക്ക് അതിലും ശക്തമായ നാണയത്തില്‍ തിരിച്ചടി നല്‍കുന്നതിനുള്ള ആഭ്യന്തര വകുപ്പിന്റെ നീക്കമാണ് പിഓക്ക്യിലെ ലോക്സഭാ സീറ്റ്. സ്വതന്ത്ര ഇന്ത്യയുടെ കീഴില്‍ വരുന്ന പ്രദേശമായതിനാല്‍ ഇവിടെ ലോക്സഭാ സീറ്റ് രൂപീകരിക്കാന്‍ രാജ്യത്തിന് അധികാരമുണ്ടെന്ന് മുതിര്‍ന്ന ആഭ്യന്തരവകുപ്പ് ഉദ്യോഗസ്ഥന് പ്രതികരിച്ചിട്ടുണ്ട്.
ജമ്മുകാശ്മീര്‍ നിയമസഭയില്‍ നിലവില്‍ 24 സീറ്റുകള്‍ പാക് അധിനിവേശ കശ്മീരിനായി നീക്കിവെച്ചിട്ടുണ്ടെങ്കിലും ഇവിടെ തെരഞ്ഞെടുപ്പ് നടത്താന്‍ ഇന്ത്യ ശ്രമിക്കാറില്ല. പാക്കിസ്ഥാന് നിയന്ത്രണത്തിലുള്ള പ്രദേശമായതിനാല്‍ സാങ്കല്‍പ്പികമായി അസംബ്ലിയില്‍ സീറ്റുകള്‍ ഒഴിച്ചിടാറാണ് പതിവ്. ഭരണഘടനയിലെ 370-ാം വകുപ്പ് പ്രകാരം പ്രത്യേക പദവി നല്‍കിയിരിക്കുന്ന ജമ്മുകാശ്മീരില്‍ പിഓക്ക്യ്ക്കായി 24 സീറ്റുകള്‍ ഉള്‍ക്കൊള്ളിച്ചിരുന്നത് പിഓക്ക്യ്ക്കു മേലുള്ള ഇന്ത്യയുടെ അവകാശവാദം ഉപേക്ഷിക്കാന്‍ മനസ്സില്ലാത്തതിനാല്‍ മാത്രമായിരുന്നു. എന്നാല്‍ പിഓക്ക്യ്ക്കായി പുതിയ ലോക്സഭാ മണ്ഡലം രൂപീകരിക്കുമ്പോള്‍ മേഖലയാകെ ഇന്ത്യന്‍ യൂണിയനു കീഴില്‍ വരുന്നതാണെന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കുന്ന നടപടിയായി മാറും.
പാക് അധീന കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന പാര്‍ലമെന്റ് പ്രമേയങ്ങള്‍ക്കും മുന്‍ പ്രധാനമന്ത്രിമാരുടെ പ്രസ്താവനകള്‍ക്കും കൂടുതല്‍ കരുത്തു നല്‍കുന്നതാണ് പുതിയ തീരുമാനം.
എസ്.സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: