ന്യൂദല്‍ഹി: 1971ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരകാലത്ത് പാക്കിസ്ഥാനിലെ ഹിന്ദുക്കളെ സൈന്യം കൂട്ടക്കൊല ചെയ്തെന്നും ആ വംശഹത്യയ്ക്കുനേരെ അന്നത്തെ യുഎസ് പ്രസിഡന്റ് റിച്ചാര്‍ഡ് നിക്സന് കണ്ണടച്ചെന്നും വെളിപ്പെടുത്തല്‍.
അമേരിക്കയിലെ പ്രിന്‍സ്ടണ്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും പണ്ഡിതനുമായ ഗാരി ജെ. ബാസ് രചിച്ച ‘ദ ബ്ലഡ് ടെലഗ്രാം: നിക്സന് കിസിങ്ങര്‍ ആന്‍ഡ് ഫൊര്ഗെറ്റന് ജെനൊസൈഡ്’ എന്ന പുസ്തകത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരമുള്ളത്.
പാക്കിസ്ഥാനില്‍ നിന്ന് ബംഗ്ലാദേശിന്റെ മോചനം ലക്ഷ്യമിട്ടുള്ള പ്രക്ഷോഭം കൊടുമ്പിരിക്കൊള്ളുന്ന സമയത്ത് ഹിന്ദുക്കളെ പാക് പട്ടാളം തെരഞ്ഞുപിടിച്ചു കൊന്നു. ഇക്കാര്യം നിക്സന് നന്നായറിയാമായിരുന്നു. എന്നാല്‍ കടുത്ത ഹിന്ദുക്കളെയും ഇന്ത്യക്കാരെയും വെറുത്തിരുന്ന നിക്സന് കണ്ണടച്ചുകൊടുത്തു.
പാക് പ്രസിഡന്റ് യാഹാ ഖാന് കിഴക്കന്‍ പാക്കിസ്ഥാനിലെ ഹിന്ദുക്കളെ കൊല്ലുകയെന്ന കൊടുംപാതകം ചെയ്യുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹെന്‍ട്രി കിസിങ്ങര്‍ നിക്സനോട് തുറന്നു പറഞ്ഞിരുന്നു. ഇന്ത്യയിലെ അന്നത്തെ യുഎസ് അംബാസിഡറും ഇക്കാര്യം നിക്സനോട് ബോധിപ്പിച്ചു. പാക്കിസ്ഥാന് വംശഹത്യനടത്തുവെന്ന് ഓവല്‍ ഓഫീസില്‍ നിക്സനുമായുള്ള കൂടിക്കാഴ്ച്ചയ്ക്കിടെ അംബാസിഡര്‍ തുറന്നടിച്ചു. പാക് പട്ടാളം ഹിന്ദുക്കളെ വ്യാപകമായി കൊലപ്പെടുത്തുന്നതാണ് അഭയാര്‍ഥികളുടെ കുത്തൊഴുക്കിനു കാരണമെന്ന് അംബാസിഡര്‍ വ്യക്തമാക്കിയെങ്കിലും നിക്സന് ചെവിക്കൊണ്ടില്ലെന്നും പുസ്തകത്തില്‍ പറയുന്നു.
പാക് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്കു കീഴിലുള്ള പട്ടാളക്കാരോട് ഇന്നെത്ര ഹിന്ദുക്കളെ കൊന്നുവെന്നു തമാശ രൂപേണ ചോദിക്കുമായിരുന്നത്രെ. കിഴക്കന്‍ കമ്മാന്ഡന്റിന്റെ തലവനായി മാറിയ ലെഫ്റ്റനന്റ് ജനറല്‍ എഎകെ നിയാസിയാണ് ഹിന്ദുക്കളുടെ മരണക്കണക്ക് അറിയാന്‍ ഉത്സാഹം കാട്ടിയിരുന്നവരില്‍ പ്രമുഖന്. ഹിന്ദുക്കളെ നശിപ്പിക്കാന്‍ ഒരു ബ്രിഗേഡിയര്‍ രേഖാമൂലം ഉത്തരവിട്ടെന്നും അന്ന് പാക് സൈന്യത്തിന്റെ ഭാഗമായിരുന്ന ഒരാളെ ഉദ്ധരിച്ച് പുസ്തകത്തില്‍ ബാസ് എഴുതിയിട്ടുണ്ട്.
ഇന്ത്യയിലെ ഭരണകൂടത്തിനും പാക്കിസ്ഥാനില്‍ നടക്കുന്ന ഹിന്ദു വംശ ഹത്യയെക്കുറിച്ച് അറിവുണ്ടായിരുന്നു. ജനസംഘത്തിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഹിന്ദു ഹത്യക്കെതിരെ ശബ്ദമുയര്‍ത്തിയെങ്കിലും നിഷ്ഫലമായി. ഹിന്ദുക്കള്‍ക്കെതിരായ അതിക്രമങ്ങളെ ബംഗാളി സമൂഹത്തിനെതിരായ ആക്രമണമായി വ്യാഖ്യാനിക്കാനായിരുന്നുകേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചത്. പാക് തെരഞ്ഞെടുപ്പില്‍ മത്സരിച്ച സൈനികതലവന്മാരുടെ തോല്‍വിക്കുകാരണം ബംഗാളികളുടെ എണ്ണക്കൂടുതലാണെന്നും അതിനാല്‍ ആ ജനസമൂഹത്തെ ഉന്നംവെയ്ക്കുകയാണെന്നുമായിരുന്നു ഇന്ത്യാ സര്‍ക്കാരിന്റെ കണ്ടുപിടുത്തം.
1971 കാലഘട്ടത്തില്‍ ഒരു കോടി ഹിന്ദുക്കളാണ് കിഴക്കന്‍ പാക്കിസ്ഥാനിലുണ്ടായിരുന്നത്. മേഖലയിലെ ജനസംഖ്യയിലെ 13 ശതമാനത്തോളംവരുമിത്. ബംഗ്ലാദേശ് വിമോചന സമരക്കാലത്ത് ഹിന്ദുക്കളെ മനപ്പൂര്‍വം ഉന്നമിടുകയായിരുന്നു. ഹിന്ദുക്കളടക്കം പ്രതിദിനം 150, 000 അന്യമതസ്ഥരാണ് അക്കാലത്ത് പാക്കിസ്ഥാനില്‍ നിന്ന് അയല്‍ രാജ്യങ്ങളിലേക്ക് പലയാനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: