കൊച്ചി: വേദമാണ് സനാതന ധര്‍മത്തിന്റെ മൂലമെന്ന് സ്വാമി ചിദാനന്ദപുരി. ധര്‍മമാണ് സര്‍വത്തെയും ചേര്‍ത്ത് കോര്‍ത്ത് ധരിക്കുന്നത്. സൃഷ്ടി ഉണ്ടായ അന്ന് മുതല്‍ അനന്തകോടി ബ്രഹ്മാണ്ഡങ്ങളടങ്ങുന്ന പ്രപഞ്ചം മുഴുവന്‍ ഏതൊരു വ്യവസ്ഥയിലാണോ ചേര്‍ത്ത് കോര്‍ത്ത് ധരിക്കപ്പെടുന്നത് അതാണ് ധര്‍മം. ഈ വ്യവസ്ഥയെ തിരിച്ചറിഞ്ഞ് ജീവിക്കലാണ് ധാര്‍മിക ജീവിതം. തന്റെ വ്യവഹാരങ്ങളെ പ്രപഞ്ച താളത്തിനനുസൃതമായി ചിട്ടപ്പെടുത്തി കഴിയുന്നതാണത്. ഇത് സാധിതമാകണമെങ്കില്‍ ധാര്‍മിക മൂല്യങ്ങളെ കുറിച്ചറിയണം. ഈ അറിവാണ് വേദം. അതുകൊണ്ടാണ് ധര്‍മമൂലം വേദമാണെന്ന് അനാദികാലമായി ഋഷീശ്വരന്മാര് പറഞ്ഞുവരുന്നത്. വ്യഷ്ടി, സമഷ്ടി ഭേദത്തിലുള്ള സമ്പൂര്‍ണ പ്രപഞ്ചത്തിന്റെയും അടിസ്ഥാന താളക്രമത്തെക്കുറിച്ചുമുള്ള അറിവാണ് വേദം. നിരന്തര തപശ്ചര്യയിലൂടെ ഋഷീശ്വരന്മാര് സാക്ഷാത്കരിച്ച ഈ അറിവിനെ മനുഷ്യരാശിയുടെ മൊത്തം പ്രയോജനത്തിനായിക്കൊണ്ട് അവര്‍ ഉപദേശിച്ചപ്പോള്‍ ഋക്-യജു-സാമ-അഥര്‍വ്വ-വേദങ്ങള്‍ പ്രകടമായി. മനുഷ്യനെ ക്രമമായി ധാര്‍മികമായി ഉയര്‍ത്തി പരമമായ തത്ത്വദര്ശനത്തിലേക്ക് ആനയിക്കുന്ന വേദങ്ങളുടെ പരമമായ താത്പര്യ നിര്‍ണയമാണ് ഉപനിഷത്തുക്കള്‍.
ആയിരത്തി ഒരുനൂറിലേറെ ഉപനിഷത്തുക്കള്‍ ഉണ്ടായിരുന്നുവെങ്കിലും അവയില്‍ വച്ച് പ്രധാനപ്പെട്ടത് 108 എണ്ണമാണ്. അവയില്‍ തന്നെ പ്രാധാന്യം 10 ഉപനിഷത്തുക്കള്ക്കാണ്. ഈ പത്ത് ഉപനിഷത്തുക്കളുടെ പരമമായ താത്പര്യത്തെ ശ്രുതിയുക്തി അനുഭവങ്ങള്‍ക്കനുസരിച്ച് വെളിപ്പെടുത്തുകയാണ് ശങ്കരാചാര്യ സ്വാമികള്‍ തന്റെ ഭാഷ്യങ്ങളിലൂടെ ചെയ്തത്. ഭാഷ്യങ്ങള്‍ കാണിച്ചുതരുന്ന മാര്‍ഗത്തിലൂടെ ഉപനിഷദ് വിചാരം ചെയ്യുന്ന ഏതൊരു ജിജ്ഞാസുവിനും പരമമായ നിശ്രേയസിലേക്ക് ഉയരാം എന്നതില്‍ ശങ്കയില്ല. ഏതൊരു യുക്തികുശലന്റെ പ്രശ്നങ്ങള്‍ക്കും സമാധാനം നല്‍കുംവിധം ചിട്ടപ്പെടുത്തപ്പെട്ട ഉപനിഷത്തുക്കളുടെ താത്പര്യത്തെ ഗ്രഹിക്കുന്നത് ആത്യന്തിക നിശ്രേയസത്തിന് മാത്രമല്ല വ്യക്തമായ വീക്ഷണത്തോടെ ജീവിതത്തിലെ എല്ലാ മേഖലകളിലും ഉയരുന്നതിന് ഏറെ സഹായകമാണ്. ഏതൊരു പ്രതിസന്ധിയിലും പതറാതെ ധീരതയോടെ കര്‍മകുശലതയോടെ ധര്‍മബോധത്തോടെ പുലരുന്ന ഒരു സമാജത്തെ വളര്‍ത്തുന്നതിന് ഉപനിഷത്തുക്കളുടെ അനുസന്ധാനം അനിവാര്യമാണെന്ന് സ്വാമി പറഞ്ഞു. ഉപനിഷദ് വിചാരയജ്ഞം മൂന്നാം ദിവസത്തെ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: