കെ.രാഘവന്റെ സംഗീതത്തില്‍നിന്നും പ്രസരിച്ചത് മലയാളത്തനിമയുടെ സൗന്ദര്യമാണ്. നാനാത്വത്തില്‍ ഏകത്വം ദര്‍ശിച്ചവനാണ് ഓരോ ഭാരതീയനും. എന്നാല്‍ ഈ സംസ്കാര സൗന്ദര്യം ആദ്യം വിദലിതമായത് മലയാളത്തിലാണ്. കര്‍ഷകരും തൊഴിലാളികളും നൂറ്റാണ്ടുകളായി പാടിവന്ന നാടന്‍പാട്ടുകളുടെയും കേരളത്തിനുമാത്രം സ്വന്തമായ സോപാനസംഗീതത്തിന്റെയും മാപ്പിളപ്പാട്ടുകളുടെയും ക്രൈസ്തവജീവിതവുമായി ബന്ധപ്പെട്ട ഗീതങ്ങളുടെയും സമന്വയമാണ് മലയാളചലച്ചിത്ര സംഗീതത്തെ ധന്യമാക്കിയത്. ഈ സമന്വയപ്രക്രിയയ്ക്ക് തുടക്കം കുറിച്ച സംഗീതജ്ഞനാണ് രാഘവന് മാസ്റ്റര്‍.
മലയാള സിനിമാചരിത്രത്തിലെ ആദ്യത്തെ നാഴികക്കല്ല് എന്നു വിശേഷിപ്പിക്കാവുന്ന ‘നീലക്കുയില്‍’ എന്ന ചിത്രത്തിനുവേണ്ടി പി. ഭാസ്കരനും കെ. രാഘവനും ചേര്‍ന്നൊരുക്കിയ ഗാനങ്ങള്‍ ഒരുവലിയ പരിവര്‍ത്തനത്തിന് തുടക്കം കുറിച്ചു. യഥാര്‍ത്ഥത്തില്‍ ആ ഗാനങ്ങള്‍ ബുദ്ധിഭ്രമം ബാധിച്ച ചലച്ചിത്രശാഖയ്ക്ക് ലഭിച്ച ‘ഷോക്ക് ട്രീറ്റ്മെന്റ്’ തന്നെയായിരുന്നു എന്നു പറയാം. തുടര്‍ന്ന് പി. ഭാസ്കരന്- കെ. രാഘവന് കൂട്ടുകെട്ട് ‘രാരിച്ചന്‍ എന്ന പൗരന്’ എന്ന ചിത്രത്തിനു വേണ്ടിയൊരുക്കിയ പാട്ടുകളും മലയാളത്തനിമ നിറഞ്ഞുതുളുമ്പുന്നവയായിരുന്നു.
സംഗീതം സൃഷ്ടിക്കുന്ന ഏതു ശബ്ദഘോഷങ്ങള്‍ക്കിടയിലും കെ. രാഘവന്റെ സ്പര്‍ശം തിരിച്ചറിയാന്‍ കഴിയും. അദ്ദേഹത്തിന് അനുകര്ത്താക്കളുണ്ടാകാതിരുന്നതും ആ വ്യക്തിത്വത്തിന്റെ മഹത്വത്തെയാണു കാണിക്കുന്നത്. പില്ക്കാലത്ത് ബാബുരാജ് ധാരാളമായി ചിട്ടപ്പെടുത്തിയ മാപ്പിളപ്പാട്ടുകളുടെ തുടക്കവും രാഘവസംഗീതത്തില്നിന്ന് തന്നെയായിരുന്നു. ” കായലരികത്ത് വലയെറിഞ്ഞപ്പോള്‍ വള കിലുക്കിയ സുന്ദരി” എന്ന ഗാനത്തിന് അറുപതുവയസാകുന്നെന്ന് വിശ്വസിക്കാന്‍ കഴിയുമോ….? ആ ഗാനത്തെ വെല്ലുന്ന ഒരു മാപ്പിളപ്പാട്ട് അതിന് മുന്‍പോ പിന്‍പോ മലയാളത്തിലുണ്ടായിട്ടില്ല എന്ന് സമ്മതിച്ചേ മതിയാകൂ. കെ. രാഘവന്റെ ശൈലി അദ്ദേഹത്തിന്റേതുമാത്രമാണ്. സ്വന്തം മണ്ണില്‍നിന്ന് തന്റേതായ സംഗീതസംസ്കാരത്തെ ധ്യാനിച്ചുകൊണ്ടാണ് അദ്ദേഹം പാടിയത്.
ആ സംഗീതാചാര്യന്റെ ശൈലീഭദ്രമായ ഗാനങ്ങള്‍ എത്രയെത്രെ! നീലക്കുയില്‍, രാരിച്ചന്‍ എന്ന പൗരന്, അമ്മയെ കാണാന്‍, ഉമ്മാച്ചു, നാഗരമേ നന്ദി, കാക്കത്തമ്പുരാട്ടി, റബേക്ക, അനന്തശയനം, യുദ്ധകാണ്ഡം, ഉണ്ണിയാര്‍ച്ച, തുറക്കാത്ത വാതില്‍, കള്ളിച്ചെല്ലമ്മ തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകള്‍ ഒന്നൊന്നായി മനസ്സിലേക്ക് ഓടിയെത്തുന്നു.
ഈ ലേഖകന്റെ ഏതാനും ഗാനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ സ്വരസംവിധാനത്തില്‍ നൃത്തംചെയ്യാന്‍ ഭാഗ്യമുണ്ടായി. അത് എന്റെ ജയപുണ്യമായി ഞാന്‍ കരുതുന്നു. കൂടുതല്‍ ചിത്രങ്ങളില്‍ അദ്ദേഹത്തോടൊപ്പം സഹകരിക്കാന്‍ കഴിയാതെപോയത് എന്റെ നിര്‍ഭാഗ്യം മൂലമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. മരണം എന്ന സത്യത്തെപ്പോലും മറികടന്നുകൊണ്ട് ആ മഹാനുഭാവന്റെ സംഗീതചന്ദ്രിക നാടാകെ കല്യാണമൊരുക്കുന്നു. രാഘവന്മാസ്റ്ററുടെ സംഗീതത്തിന് മരണമില്ല. മലയാളഭാഷ നിലനില്‍ക്കുന്നിടത്തോളം ആ പ്രതിഭാവിലാസം ലോകമെമ്പാടുമുള്ള മലയാളി മനസ്സുകളില്‍ അലയടിച്ചുകൊണ്ടിരിക്കും.
ശ്രീകുമാരന്‍ തമ്പി
പ്രതികരിക്കാൻ ഇവിടെ എഴുതുക: