റിയാലിറ്റി ഷോയുടെ കണ്ണഞ്ചിപ്പിക്കുന്ന ആര്ഭാടവേദിയില് ഒരിക്കലും കാലു കുത്താതെ, അറിയപ്പെടുന്ന ഒരു ഗായകരുടെയും മുന്നില്‍ ഒരു മൂളിപ്പാട്ട് പോലും പാടാതെ കടലോളം സംഗീതം ഉള്ളിലൊതുക്കി കഴിഞ്ഞ ചന്ദ്രലേഖയിപ്പോള് സ്വപ്നത്തിനും യാഥാര്‍ത്ഥ്യത്തിനു മിടയിലാണ്. ചന്ദ്രലേഖയെ ഇനി മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. അടുക്കളച്ചുവരുകള്ക്കുള്ളിലെ ഒരൊറ്റ പാട്ടുകൊണ്ട് പാട്ടിന്റെ രാജഹംസമായി കഴിഞ്ഞിരിക്കുന്നു ഈ മുപ്പത്തിമൂന്നുകാരി.
കാണുന്നവര്‍ക്കും വിളിക്കുന്നവര്‍ക്കും മുന്നില്‍ പാടിപ്പാടി ചന്ദ്രലേഖ തളര്‍ന്നു. വ്യാഴാഴ്ച്ച ഒരു പരിഭ്രമവുമില്ലാതെ പിന്നണിഗായികയായി പാടിത്തിളങ്ങിയ ചന്ദ്രലേഖക്ക് പക്ഷേ രണ്ടാംദിവസം റെക്കോഡിംഗ് പൂര്‍ത്തിയാക്കാനായില്ല. ഒരാഴ്ച്ചയായി തുടര്‍ച്ചയായി പാടിയും സംസാരിച്ചും തളര്‍ന്നുപോയിരിക്കുന്നു ഈ ഗായിക. ഇനി ഒരാഴ്ച്ചക്കാലം ആരോടും സംസാരിക്കാതെ സമ്പൂര്‍ണ്ണ വിശ്രമമെടുക്കാനാണ് ഡോക്ടര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. എങ്കിലും ചന്ദ്രലേഖയുടെ ഫോണ്‍ വിശ്രമമില്ലാതെ ശബ്ദിച്ചുകൊണ്ടേയിരിക്കുന്നു. അവരുടെ ശബ്ദം ഇഷ്ടപ്പെടുന്നവരും കഴിവില്‍ വിസ്മയിക്കുന്നവരും സ്നേഹിക്കുന്നവരുമായി ആരൊക്കെയോ…
എല്ലാ ചോദ്യങ്ങള്‍ക്കും മറുപടിയുമായി ചന്ദ്രലേഖയെ ലോകത്തിന് പരിചയപ്പെടുത്തിയ ഭര്‍ത്തൃസഹോദരന്‍ ദര്ശന് ഒപ്പമുണ്ട്. ഇത്രയും നല്ലൊരു പാട്ടുകാരിയെ ലോകത്തിന് പരിചയപ്പെടുത്തിയ ആളെന്ന നിലയില്‍ എന്തുതോന്നുന്നു എന്ന ചോദ്യത്തിന് ആ ക്രെഡിറ്റ് തനിക്കല്ല അവരുടെ ശബ്ദത്തെ ഇഷ്ടപ്പെട്ട് ഇങ്ങോട്ടുവന്ന പ്രവാസികള്‍ ഉള്‍പ്പെടെയുള്ള നല്ലവരായ മലയാളികള്‍ക്കാണെന്ന് വിനയത്തോടെ പറഞ്ഞൊഴിയുന്നു ദര്ശന്. സംഗീതപ്രേമികള്‍ ആവേശത്തോടെ ചന്ദ്രലേഖയ്ക്ക് പിന്തുണ പ്രഖ്യാപിക്കുമ്പോഴും ചില ആരോപണങ്ങളുമുയര്‍ന്നിരുന്നു, പാട്ടുദൃശ്യം കൃത്രിമമാണെന്നും ചന്ദ്രലേഖയല്ല പാടുന്നതെന്നും. ഒരു കുഞ്ഞിനെ ഒക്കത്തുവച്ച് ഒരു സ്ത്രീ ഇത്ര അനായാസമായി രാജഹംസം പോലൊരു ഹൈ-പിച്ച് പാട്ട് എങ്ങനെ പാടുമെന്ന ചോദ്യവുമായി പുരികം ചുളിച്ചവരുമുണ്ടായിരുന്നു. എന്നാല്‍ അതില്‍ വിഷമമില്ലെന്നും ചന്ദ്രലേഖ രണ്ട് വരി മൂളിയാല്‍ ആ സംശയം തീര്‍ന്നുകിട്ടുമെന്നും ഉറച്ച വിശ്വാസത്തോടെ ദര്ശന് പറയുന്നു.
ഒരു വര്‍ഷത്തിന് മുമ്പ് താന്‍ പോസ്റ്റ് ചെയ്ത പാട്ടിന് ഇപ്പോള്‍ കിട്ടിയ അംഗീകാരം ദര്ശനെപ്പോലും അതിശയിപ്പിക്കുന്നു. കഴിഞ്ഞയാഴ്ച്ചവരെ ചന്ദ്രികയുടെ പാട്ടിന് ലഭിച്ചത് വെറും നാനൂറ് ലൈക്കുകള്‍ മാത്രം. ഇപ്പോഴത് പിടിച്ചുനിര്‍ത്താനാകാതെ കുതിക്കുകയാണ്. പഠിച്ച കോളേജിന്റെ അനുമോദനം, പ്രവാസികളുടെയും നാട്ടുകാരുടെയും സ്നേഹസമ്മാനം..സിനിമകളില്‍ നിന്നുള്‍പ്പെടെ അവസരങ്ങള്‍…എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാനാകാതെ അമ്പരക്കുകയാണ് ചന്ദ്രലേഖയും കുടുംബവും. പറഞ്ഞു മനസ്സിലാക്കാന്‍ കഴിയുന്ന ഒരവസ്ഥയിലല്ല താനെന്ന് ചന്ദ്രലേഖ തുറന്നു സമ്മതിക്കുന്നു. എല്ലാ അംഗീകാരങ്ങള്‍ക്കും സ്നേഹങ്ങള്‍ക്കും എങ്ങനെ നന്ദി പറയാതെ ഉഴലുകയാണ് ഈ നാട്ടിന്പുറത്തുകാരി. അതുകൊണ്ടുതന്നെ പറഞ്ഞു വരുമ്പോള്‍ പലപ്പോഴും തൊണ്ടയിടറുന്നു, മിഴികള്‍ നനയുന്നു.
എം. പ്രശാന്ത് സംവിധാനം ചെയ്യുന്ന ലൗ സ്റ്റോറി എന്ന ചിത്രത്തിനായി ‘കണ്‍കളാലൊരു കവിതയെഴുതാന്‍ ‘ എന്ന് തുടങ്ങുന്ന ഗാനമാണ് എറണാകുളം ഫ്രെഡി സ്റ്റുഡിയോയില്‍ ചന്ദ്രലേഖ പാടിയത്. ശ്രേയാ ഘോഷാല്‍ പാടാനിരുന്ന പാട്ടാണ് ചന്ദ്രലേഖക്കായി മാറ്റിവച്ചത്. യുഗ്മ ഗാനത്തില്‍ ഹരിഹരന്റെ ശബ്ദമാണ് ചന്ദ്രലേഖയ്ക്കൊപ്പമുള്ളതെന്ന് സംഗീത സംവിധായകന് ഡേവിഡ് ഷോണ്‍ പറഞ്ഞു. ലൗ സ്റ്റോറിയുടെ പാട്ട് റെക്കോഡിംഗ് സ്റ്റുഡിയോയില്‍ സംവിധായകന് സിബി മലയിലും മറ്റുമെത്തിയതിന്റെ അമ്പരപ്പും ആഹ്ലാദവും മാധ്യമങ്ങളോട് നിറഞ്ഞ കണ്ണുകളോടെയാണ് ചന്ദ്രലേഖ വിവരിച്ചത്. ലൗ സ്റ്റോറിയുടെ റെക്കോഡിംഗ് കഴിഞ്ഞാലുടന്‍ ഈസ്റ്റ് കോസ്റ്റ് വിജയന്റെ ആല്‍ബത്തിലേക്ക് പാടാന്‍ ചന്ദ്രലേഖ തിരുവനന്തപുരത്തേക്ക്…
സംഗീതപാരമ്പര്യമുള്ള കുടുംബമാണ് ചന്ദ്രലേഖയുടേത്. അച്ഛനും അമ്മയുമെല്ലാം അത്യാവശ്യം നന്നായി പാടുന്നവര്‍. പക്ഷേ പാടാന്‍ മാത്രമറിഞ്ഞാല്‍ പോരല്ലോ അതിനുള്ള വേദി കൂടി വേണ്ടേ. യുവജനോത്സവം, കേരളോത്സവംപോലുള്ള വേദികളിലാണ് ആകെ അവസരം ലഭിച്ചത്. അവിടെ നിന്നെല്ലാം സമ്മാനം വാരിക്കൂട്ടിയിട്ടും പാട്ടിന്റെ വെള്ളിവെളിച്ചത്തില്‍ നിന്ന് ചന്ദ്രലേഖ എന്നും അകലെതന്നെയായിരുന്നു. ബിഎ പൂര്‍ത്തിയാക്കി കൂടുതല്‍ പഠിക്കണമെന്ന ആഗ്രഹവുമായി എംഎക്ക് ചേര്‍ന്നു. എന്നാല്‍ വീട്ടിലെ പ്രാരാബ്ധക്കണക്കുകള്ക്കിടയില് എംഎ എന്ന മോഹം പോലും പാതിവഴിയില്‍ ഉപേക്ഷിച്ചു.
ഇതിനിടയില്‍ വിവാഹമായി. എല്‍ഐസിയില്‍ താത്ക്കാലിക ജോലിക്കാരനായ ഭര്‍ത്താവിനൊപ്പം വടശ്ശേരിക്കരയിലെ വീട്ടില്‍ പുതിയ ജീവിതം തുടങ്ങിയപ്പോള്‍ തന്റെ ചെറിയ വീട്ടില്‍ ടിവിയില്‍ നിറയുന്ന സംഗീതപരിപാടികള്‍ക്കൊപ്പം മൂളിനടന്നു ചന്ദ്രലേഖ.
അറിയപ്പെടുന്ന ഒരു വേദിയില്ലാതെ നാട്ടിന്‍പുറത്തെ ഭജനസംഘത്തിലും പുരാണപാരായണത്തിലും നാടന്‍ പാട്ടുകളിലും മാത്രമായി സ്വന്തം സംഗീതവൈഭവം ഒതുക്കിക്കഴിയുന്ന നൂറു കണക്കിന് സാധാരണക്കാരുടെ പ്രതിനിധിയാണ് ചന്ദ്രലേഖ. ഭര്‍ത്താവ് രഘുനാഥിനും മകന് ശ്രീഹരിക്കുമൊപ്പം അന്നന്നത്തെ അത്താഴത്തിന് വക കണ്ടെത്താന്‍ പാടുപെടുന്ന ചന്ദ്രലേഖയുടെ സ്വപ്നങ്ങളില്‍ ഒരിക്കലും പാട്ടുപാടി പട്ടിണിയില്ലാതെ കഴിയാമെന്ന മോഹമില്ലായിരുന്നു. എല്ലാവരും പാടുന്ന ഒരു കുടുംബത്തില്‍ തന്റെ പാട്ടിന്റെ ആഴം അവര്‍ തിരിച്ചറിഞ്ഞിരുന്നുമില്ല. എന്തായാലും ഒരു സര്‍ക്കാര്‍ ജോലിയെന്ന ഏറ്റവും വലിയ സ്വപ്നത്തിനും മുകളില്‍ നിറമുള്ള മറ്റ് ചില സ്വപ്നങ്ങള്‍ കൂടി ചന്ദ്രലേഖയും കുടുംബവും കണ്ടുതുടങ്ങിയിരിക്കുന്നു.
രതി എ.കുറുപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: