“നിങ്ങള്‍ ഈ കത്ത് വായിക്കുന്നതിന് മുമ്പ് സൗകര്യപ്രദമായ ഒരിപ്പിടം കണ്ടെത്തുന്നത് നന്നായിരിക്കും. അരികില്‍ ഒരു ഗ്ലാസ് ചായ കൂടി കരുതി വയ്ക്കാനും ഞാന്‍ പറയും. പേടിക്കേണ്ട ഇതൊരിക്കലും ഒരു ചീത്ത വാര്‍ത്തയല്ല. ഇതൊരു പുതിയ വിവരമാണ്, നിങ്ങളെ ഒരേസമയം ഞെട്ടിത്തെറിപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്യുന്ന വിവരം. അതേ എനിക്കുറപ്പുണ്ട് നിങ്ങള്‍ എന്റെ അമ്മയാണെന്ന്”. ഫ്രെഡ പിക്കറിംഗ് എന്ന് 83കാരിക്ക് ലഭിച്ച കത്തിലെ വരികളാണിത്. വര്‍ഷങ്ങളായി സ്കൂള്‍ ബസിന്റെ കണ്ടക്ടറായി ജോലി നോക്കിയിരുന്ന ഫ്രെഡ സ്കൂളിലേക്ക് പോകാന്‍ അണിഞ്ഞൊരുങ്ങിയെത്തുന്ന പെണ്‍കുട്ടികളുടെ പുഞ്ചിരി കാണുമ്പോഴൊക്കെ വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ ഉപക്ഷ്ച്ച ചോരക്കുഞ്ഞിനെയോര്ത്ത് നെടുവീര്പ്പിട്ടിട്ടുണ്ടായിരുന്നു.
1948ലായിരുന്നു അവിവാഹിതയായ ഫ്രെഡ എന്ന പത്തൊമ്പതു വയസുകാരി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തന്റെ ഭാവിയെകരുതി ഫ്രെഡ ഉപേക്ഷിച്ച കുഞ്ഞിനെ അവരുടെ വീടിന് അധികം ദൂരത്തല്ലാതെയുള്ള ദമ്പതികള്‍ ദത്തെടുത്ത് വളര്‍ത്തി. ഫ്രെഡ പിന്നീട് വിവാഹിതയായെങ്കിലും ഇവര്‍ക്ക് സന്താനഭാഗ്യമുണ്ടായില്ല.
ഫ്രെഡ കണ്ടക്ടറായിരുന്ന ബസ്സിലായിരുന്നു കരോള്‍ സ്ഥിരമായി യാത്ര ചെയ്തിരുന്നത്. താന്‍ ദത്തെടുക്കപ്പെട്ടതാണെന്ന് രക്ഷിതാക്കളില്‍ നിന്ന് മനസ്സിലാക്കിയ കരോള്‍ അന്ന് മുതല്‍ യഥാര്ത്ഥഅമ്മയെ തിരയുന്നുമുണ്ടായിരുന്നു. ജനിച്ചുവീണ് 57 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കരോളിന് തന്റെ അമ്മയാരാണെന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചത്. എങ്കിലും കരോള്‍ ഡേവിസ് സ്വപ്നത്തില്‍ പോലും കരുതിയില്ല തന്റെ സ്കൂള്‍ ബസിന്റെ കണ്ടക്ടറാണ് താന്‍ അന്വേഷിക്കുന്ന, തനിക്ക് ജന്മം നല്കിയ അമ്മയെന്ന്.
ഏഴ് വര്‍ഷം സ്ഥിരമായി ഒരേ ബസ്സില്‍ യാത്ര ചെയ്തിട്ടും ആ അമ്മയും മകളും ഔപചാരികമായിപ്പോലും ഒരിക്കലും സൗഹൃദസംഭാഷണം നടത്തിയിരുന്നില്ല. ഫ്രെഡയുടെ ഭര്‍ത്താവ് റണ്‍ പിക്കറിംഗും അതേ ബസ്സില്‍ ഡ്രൈവറായിരുന്നു. ഭര്‍ത്താവിന്റെ മരണത്തോടെ തീര്‍ത്തും ഒറ്റയ്ക്കായി പോയ ഫ്രെഡ മക്കളും ചെറുമക്കളുമില്ലാതെ തന്റെ ദൗര്ഭാഗ്യമോര്ത്ത് നെടുവീര്‍പ്പിട്ട് കഴിയുമ്പോഴായിരുന്നു കരോളിന്റെ കത്തെത്തുന്നത്. ജനിച്ചയുടനെ നഷ്ടപ്പെട്ട മകള്‍ക്കിന്ന് വയസ് 64. രണ്ട് തവണ വിവാഹിതയായ കരോളിന് രണ്ട് മക്കളും മൂന്ന് ചെറുമക്കളുമുണ്ട്. കുഞ്ഞിനെ തനിക്കൊപ്പം വളര്‍ത്തണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും ആ സമയത്ത് താന്‍ നിസ്സഹായ ആയിരുന്നെന്നാണ് ഫ്രെഡ പറയുന്നത്. ദഡ്ലിയില് അധ്യാപികയായി കഴിയുന്ന കരോള്‍ തന്നെ ഉപേക്ഷിച്ചതില്‍ അമ്മയോട് പരിഭവപ്പെടുന്നില്ല. അവരുടെ സാഹചര്യം മനസ്സിലാകുമെന്നതിനാല്‍ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും കരോള്‍ പറയുന്നു.
അമ്മയുടെ വികാരങ്ങള്‍ മുറിപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും നേരിട്ടുള്ള കൂടിക്കാഴ്ച്ച ആഗ്രഹിക്കുന്നില്ലെങ്കില്‍ ഒഴിവാക്കാമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കരോള്‍ കത്ത് അവസാനിപ്പിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായ വാര്‍ത്തയുടെ സന്തോഷാതിരേകത്താല്‍ വിറയാര്‍ന്ന കൈകള്‍ കൊണ്ട് ഫ്രെഡ പിക്കറിംഗ് ആദ്യം ഡയല് ചെയ്തത് കരോളിന്റെ നമ്പരായിരുന്നു. കത്ത് വായിച്ച് തീര്‍ന്നയുടന്‍ തന്നെ മകളുടെ നമ്പര്‍ ഡയല് ചെയ്യുകയായിരുന്നെന്നും ഒരിക്കലും കേട്ടിട്ടില്ലാത്ത അവളുടെശബ്ദം കേള്‍ക്കാന്‍ അങ്ങേയറ്റം ഉത്സുകയായിരുന്നെന്നും ഫ്രെഡയും സന്തോഷത്തോടെ പറയുന്നു. ഇപ്പോള്‍ ഇരുവരും തമ്മില്‍ സാധാരണ അമ്മയും മകളും ബന്ധത്തിലായിക്കഴിഞ്ഞു. എല്ലാദിവസവും ഫോണ്‍ വിളിയും ഇടയ്ക്കിടെ കൂടിക്കാഴ്ച്ചകളുമായി ഫ്രെഡ മുത്തശ്ശി തന്റെ അപൂര്‍വ്വ ഭാഗ്യം ആസ്വദിക്കുകയാണ്.
ഒരു വയറ്റാട്ടി സ്ത്രീയില്‍ നിന്നാണ് അമ്മയാരാണെന്ന് താന്‍ മനസ്സിലാക്കിയതെന്ന് കരോള്‍ വെളിപ്പെടുത്തുന്നു. പക്ഷേ അമ്മയെ അന്വേഷിച്ച് നടക്കുമ്പോള്‍ എല്ലാ ദിവസവും രണ്ട് തവണ വീതം തന്റെ ബസ് പാസ്സ് പരിശോധിക്കുന്ന കര്‍ക്കശക്കാരിയായ സ്കൂള്‍ ബസ് കണ്ടക്ടറായിരിക്കുമതെന്ന് ഒരു സൂചനപോലും ഉണ്ടായിരുന്നില്ലെന്ന് അവര്‍ ചിരിയോടെ പറയുന്നു. എന്തായാലും സിനിമയില്‍പ്പോലും കണ്ടിട്ടില്ലാത്ത നാടകീയത നിറഞ്ഞ കൂടിക്കാഴ്ച്ചയുടെ ആഹ്ലാദത്തിലാണ് ഇംഗ്ലണ്ടിലെ വെസ്റ്റ്മിഡ്ലന്ഡ്സിന് സമീപം ദഡ്ലിയിലെ ഈ എണ്‍പത്തിമൂന്നുകാരി അമ്മയും അറുപത്തിയഞ്ച്കാരി മകളും.
രാജി നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: