ആദരിക്കപ്പെടുന്നതിന്റെ പതിവ് ശൈലിയില്‍ നിന്നും തികച്ചും വ്യത്യസ്തമായി ഒരമ്മ ഇവിടെ ആദരിക്കപ്പെടുകയാണ്. പുളിയത്ത് മാക്കം എന്ന എണ്‍പത്തെട്ടുകാരി. ആയിരം ഉണ്ണികളുടെ തലതൊട്ടമ്മ എന്ന വിശേഷണത്തിനുടമ.
കോഴിക്കോട് ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ പാലേരിയിലെയും സമീപപ്രദേശങ്ങളിലെയും പഴയ തലമുറയ്ക്ക് മാക്കം കുടുംബാംഗമാണ്. കാരണം അവര്‍ നാടിന്റെ പേറ്റിച്ചിയാണ്. ആയിരങ്ങളെ ജീവിതത്തിലേക്ക് കയ്യിലെടുത്തവര്‍, പ്രസംഗവും ഇന്ദ്രജാലവുമില്ലാതെ. നാടാകെ അവരോട് കടപ്പെട്ടിരിക്കുന്നു.
ആദരവോടെ ചുറ്റും കൂടുന്നു. അന്നത്തെ കാലത്ത് പേറ്റിച്ചിയെന്നാല് നാട്ടുകാരുടെ ഡോക്ടര്‍. അതുകൊണ്ടുതന്നെ മാക്കം ഡോക്ടര്‍ മാക്കം തന്നെ. ആധുനിക യന്ത്രസംവിധാനങ്ങളാല്‍ ഏതു പ്രതിസന്ധിയേയും അതിജീവിക്കുവാന്‍ കഴിയുന്ന ഇന്നത്തെ ലേബര്‍ റൂമുകള്‍ക്ക് പേറ്റിച്ചി അദ്ഭുതമായേക്കാം.
പേറ്റുപുരയില്‍ പെണ്ണിന്റെ ഞരക്കങ്ങള്‍ക്കും നിലവിളികള്‍ക്കും കൂട്ടിരുന്ന രാപ്പകലുകള്‍. ആയിരത്തിലധികം കുഞ്ഞുങ്ങളെ കൈനീട്ടി സ്വീകരിച്ചതിന്റെ അനുഭവമാണ് മാക്കമ്മക്കുള്ളത്. 24 മണിക്കൂറും സേവന സന്നദ്ധയായി ഒരു കാലഘട്ടം കഴിച്ചുകൂട്ടിയതിന്റെ അംഗീകാരമാണ് പാലേരിയുടെ മാക്കമ്മക്ക് നാടിന്റെ അംഗീകാരം.
പത്താം വയസ്സില്‍ അമ്മ പിലാച്ചേരി പാറുവിന്റെ സഹായിയായാണ് തുടക്കം. അസാമാന്യമായ ധൈര്യവും ആത്മവിശ്വാസവും സമര്‍പ്പണമനോഭാവവും ആവശ്യമായ ഈ തൊഴിലിന് അമ്മ തന്നെയാണ് വഴികാട്ടിയായത്. പുറവൂര്, വടക്കുമ്പാട്, പാലേരി പ്രദേശങ്ങളില്‍ പേറെടുക്കാനായിരുന്നു കുടുംബപരമായി അവകാശമുണ്ടായിരുന്നത്. മറ്റു സ്ഥലങ്ങളിലേക്ക് പോകാമായിരുന്നെങ്കിലും പ്രതിഫലം പറ്റാന്‍ പാടില്ലായെന്ന നിബന്ധനയുണ്ടായിരുന്നു. അതുപോലെ നായര്‍, തിയ്യര്, മുസ്ലീം വീടുകളില്‍ നിന്നു മാത്രമേ പരവസമുദായത്തില്പ്പെട്ട മാക്കമ്മയ്ക്ക് പ്രതിഫലം വാങ്ങാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. തട്ടാന്‍, ആശാരി വിഭാഗക്കാരുടെ വീടുകളില്‍ പേറെടുക്കാമെങ്കിലും പ്രതിഫലം മലയര്‍ക്ക് അവകാശപ്പെട്ടതാണ്.
പ്രതിഫലമാകട്ടെ ‘രൂപ’യായിരുന്നില്ല. അരിയും തേങ്ങയും മുണ്ടുമായിരുന്നു. 28 കുളി, 40 കുളി ചടങ്ങുകളിലും പ്രതിഫലം മേല്‍പ്പറഞ്ഞതുതന്നെ. ദാരിദ്ര്യത്തിന്റെ കാഠിന്യമുണ്ടായിരുന്നതിനാല് ഈ ചെറിയ വിഹിതം പോലും നല്കാന് വീട്ടുകാര്‍ക്കും ബുദ്ധിമുട്ടുണ്ടായിരുന്നുവെന്ന് മാക്കം പരിഭവമൊട്ടുമില്ലാതെ പറഞ്ഞു. വിലപേശലോ, പരാതിയോ പിണക്കമോ ഇല്ലാതെ ചുമതല പൂര്‍ത്തിയാക്കി നിറഞ്ഞ മനസ്സോടെ തിരികെപ്പോരുന്ന മാക്കമ്മയെ നാട് ആദരവോടെ കാണുന്നതിനും സഹായിക്കുന്നതിനും കാരണവും പോയകാലത്തിലെ ത്യാഗം തന്നെ.
അന്ന്, ഏതു പാതിരാത്രിയിലും മാക്കമ്മയുടെ വാതിലില്‍ വെപ്രാളത്തിന്റെ മുട്ടുണ്ടാകുമായിരുന്നു. അങ്ങനെ വീട്ടില്‍ നിന്നും വീടുകളിലേക്ക് തിടുക്കപ്പെട്ടെത്തുക. ഒരു ദിവസം ഒന്നും രണ്ടും മൂന്നും കുഞ്ഞുങ്ങളെയെടുത്ത അനുഭവവും മാക്കമ്മയ്ക്കുണ്ട്. നടുനിവര്‍ക്കാന്‍ പോലും സമയം കിട്ടാത്ത തരത്തില്‍ പേറ്റിച്ചിയുടെ ദിനരാത്രങ്ങള്‍.
ജന്മിത്തവും നാടുവാഴിത്തവും നിറഞ്ഞാടിയ അക്കാലത്തെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകള്‍ പറയുന്ന മാക്കമ്മ. താഴ്ന്ന ജാതിക്കാരുടെ കുട്ടിയെ എടുത്താല്‍ അയിത്തമായിരുന്ന അക്കാലത്ത് ആരുമറിയാതെ ഒരു പുലയ സ്ത്രീയുടെ കുട്ടിയെ എടുത്ത രഹസ്യവും മാക്കമ്മ വെളിപ്പെടുത്തി. “അക്കാലത്ത് അത് പുറത്തറിഞ്ഞാല്‍ പിന്നീടാരും എന്നെ വിളിക്കില്ലായിരുന്നു. അന്നേരം എന്ത് ജാതി നോക്കാന്‍… വന്നു വിളിച്ചപ്പോള്‍ ഞാന്‍ പോയി. പേറ്റുനോവിന്റെ വിളികേട്ടാല് എങ്ങനെ പോകാതിരിക്കും”.
ഏറ്റെടുക്കപ്പെട്ട ദൗത്യം സഫലമാക്കിയതിന്റെ നിര്വൃതിയാല് മാക്കമ്മ ഇതനുസ്മരിച്ചു. വഴിയില്‍ ഒരു പാറയില്‍ കിടത്തി പ്രസവിച്ച കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി മുറിച്ചു വേര്‍പെടുത്തി പെറ്റമ്മയും കുഞ്ഞും വീട്ടിലേക്ക് പോയതുള്‍പ്പെടെ ഉദാഹരണങ്ങളുടെ നീണ്ടനിര തന്നെ. എന്നാല്‍ കാലമാകെ മാറി. തെങ്ങോലച്ചൂട്ടിന്റെ വെളിച്ചത്തില്‍ വിളിക്കാന്‍ വരുന്നതും പേറെടുക്കാന്‍ പോകുന്നതുമൊക്കെ കഥപോലുമല്ലാതായി. എങ്കിലും നാടാകെ ആദരവോടെ അഭിമാനത്തോടെ മാക്കമ്മക്കൊപ്പമുണ്ട്. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡ് കുടുംബശ്രീ എഡിഎസ്സിന്റെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച്ചയാണ് മാക്കമ്മക്ക് ‘സ്നേഹാദരം’ ഒരുക്കുന്നത്.
എന്‍. ഹരിദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: