സാവോപോളോ (ബ്രസീല്‍): ഇതിന്റെ ഭാരം 15 കിലോ, വില ഡോളര്‍ കണക്കില്‍ പറഞ്ഞാല്‍ 1700, അതായത് 1,04,168 രൂപ, പോരാ അതിലും വിലകൂടും അതില്‍ ഒരു കയ്യൊപ്പുകൂടി ചാര്ത്തിയാല്. പറഞ്ഞു വരുന്നത് 1283-നെക്കുറിച്ചാണ്, ഒരു പുസ്തകത്തെക്കുറിച്ച്.
ഫുട്ബോള്‍ മാന്ത്രികന് പെലെയുടെ പുതിയ പുസ്തകമാണ് 1283. അദ്ദേഹത്തിന്റെ ഫുട്ബോള്‍ ജീവിതത്തിന്റെ സുന്ദരമായ ഓര്‍മ്മകളാണ് അതില്‍.
500 പേജുള്ള പുസ്തകത്തിലെ അപൂര്‍വ ചിത്രങ്ങളാണതിന്റെ വില. ആരാധകര്‍ പറയുന്നു, അതിലും എത്രയോ എത്രയോ ആണ് അതിന്റെ വില. വളരെ കുറച്ചു മാത്രം കോപ്പികള്‍ ഇറക്കുന്ന പുസ്തകം പെലേയുടെ കയ്യൊപ്പോടെ വേണമെങ്കില്‍ 2600 ഡോളര്‍ കൊടുക്കണം.
പുസ്തകത്തിന് 1283 എന്നു പേരിടാന്‍ കാരണമുണ്ട്, രാജ്യാന്തര മത്സരങ്ങളില്‍ പെലെ 1283 ഗോളുകളാണ് നേടിയിട്ടുള്ളത്. “ഈ പുസ്തകം എന്റെ ഫുട്ബോള്‍ ജീവിതത്തിലെ സഹയാത്രികര്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടിയുള്ളതാണ്. എന്നെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്തിട്ടുള്ള എല്ലാവര്ക്കും ഇത് സമര്‍പ്പിക്കുന്നു,” പെലെ പറഞ്ഞു. പുസ്തക പ്രസാധന ചരിത്രത്തില്‍ ഇതൊരു സംഭവംതന്നെയാണ് എല്ലാ വിധത്തിലും. പുസ്തകം ഒക്ടോബര്‍ 29-ന് ലണ്ടനില്‍ ആദ്യം പ്രകാശനം ചെയ്യും, പിന്നീട് ന്യൂയോര്‍ക്കിലും ദുബായിലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: