ജയ്പൂര്‍: ഓസ്ട്രേലിയയെ നിഷ്പ്രഭമാക്കി രണ്ടാം ഏകദിനം ഇന്ത്യക്ക്. ഓസ്ട്രേലിയ ഉയര്‍ത്തിയ 360 റണ്‍സെന്ന വിജയലക്ഷ്യം ഇന്ത്യ മറികടന്നത് വെറും 43.3 ഓവറില്‍. ഈ വിജയത്തിന് ഇന്ത്യ കടപ്പെട്ടിരിക്കുന്നത് ശിഖര്‍ ധവാന്, രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി എന്നിവരോട്. രോഹിത്തിന്റെയും (123 പന്തില്‍ 141) കോഹ്ലിയുടെയും (52 പന്തില്‍ 100) അപരാജിത സെഞ്ച്വറികളും ധവാന്റെ 95 റണ്‍സുമാണ് ഇന്ത്യക്ക് ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ വിസ്മയം തീര്‍ക്കുവാന്‍ സഹായിച്ചത്. പിന്തുടര്ന്ന് ഇന്ത്യ നേടുന്ന ഏറ്റവും മികച്ച വിജയമാണിത്. ഇന്ത്യക്കാരന് നേടുന്ന ഏറ്റവും വേഗതയേറിയ സെഞ്ച്വറി വിരാട് കോഹ്ലിയുടെ പേരിലായി. സെവാഗിന്റെ പേരിലുള്ള റെക്കോര്‍ഡാണ് കോഹ്ലി സ്വന്തം പേരിലാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ഓസീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 359 റണ്‍സാണെടുത്തത്. ജയ്പൂരില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണ് ഓസ്ട്രേലിയ ഇന്ത്യക്കെതിരെ കുറിച്ചത്. 2007-ല്‍ ഇന്ത്യക്കെതിരെ പാക്കിസ്ഥാന് നേടിയ 306 റണ്‍സാണ് മറികടന്നത്. ഓസീസ് നിരയിലെ അഞ്ചുപേര്‍ അര്‍ദ്ധസെഞ്ചുറി നേടി. 50 പന്തില്‍ 92 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്ലിയാണ് ടോപ് സ്കോറര്‍.നേരത്തെ ടോസ് നേടിയ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്ലി ബാറ്റിംഗ് തെരഞ്ഞെടുത്തു. ക്യാപ്റ്റന്റെ തീരുമാനം ശരിവെച്ച് ഉജ്ജ്വലമായ തുടക്കമാണ് ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചും ഹ്യൂഗ്സും ചേര്‍ന്ന് സന്ദര്‍ശകര്‍ക്ക് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 74 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഒടുവില്‍ 53 പന്തില്‍ നിന്ന് 7 ബൗണ്ടറികളും ഒരു സിക്സറുമടക്കം 50 റണ്‍സെടുത്ത ഫിഞ്ചിനെ റണ്ണൗട്ടാക്കി റെയ്നയാണ് ഈ കൂട്ടുകെട്ട് പിരിച്ചത്. ആദ്യ വിക്കറ്റ് വീഴ്ത്തിയതോടെ ആഹ്ലാദത്തിലായ ഇന്ത്യയുടെ സന്തോഷത്തിന് ഏറെ ആയുസ്സുണ്ടായില്ല. രണ്ടാം വിക്കറ്റില്‍ ഹ്യൂഗ്സും ഷെയ്ന് വാട്സണും ഒത്തുചേര്‍ന്നതോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ വശംകെട്ടു. ഇരുവരും ചേര്‍ന്ന് പ്രത്യേകിച്ച് ഷെയ്ന് വാട്സണ് വിശ്വരൂപത്തിലേക്ക് എത്തിയതോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ നിസ്സഹായരായി. ഒടുവില്‍ 32 ഓവറില്‍ സ്കോര്‍ 182-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞത്. 108 റണ്‍സാണ് വാട്സണും ഹ്യൂഗ്സും ചേര്‍ന്ന് നേടിയത്. 53 പന്തില്‍ നിന്ന് ആറ് ബൗണ്ടറികളും മൂന്ന് സിക്സറുകളുമുള്‍പ്പെടെ 59 റണ്‍സെടുത്ത വാട്സനെ വിനയ്കുമാറിന്റെ പന്തില്‍ ഇഷാന്ത് ശര്‍മ്മ കയ്യിലൊതുക്കുകയായിരുന്നു. പിന്നീട് സ്കോര്‍ 212-ല്‍ എത്തിയപ്പോള്‍ 103 പന്തില്‍ നിന്ന് എട്ട് ബൗണ്ടറികളും ഒരു സിക്സറുമടക്കം 83 റണ്‍സെടുത്ത ഹ്യൂഗ്സിനെ അശ്വിന്റെ പന്തില്‍ ധോണി പിടികൂടി മടക്കിയെങ്കിലും പിന്നീട് ഇന്ത്യയുടെ സന്തോഷം കെട്ടടങ്ങുന്നതാണ് കണ്ടത്. ക്യാപ്റ്റന്‍ ജോര്ജ്ബെയ്ലിക്കൊപ്പം ഗ്ലെന്‍ മാക്സ്വെല് ക്രീസിലെത്തിയതോടെയാണ് യഥാര്‍ത്ഥ വെടിക്കെട്ട് ആരംഭിച്ചത്. ഇരുവരുടെയും ബാറ്റില്‍ നിന്ന് ബൗണ്ടറികളും സിക്സറുകളും പ്രവഹിക്കാന്‍ തുടങ്ങിയതോടെ സ്കോറിംഗിന് റോക്കറ്റ് വേഗതയായി. 45.5 ഓവറില്‍ സ്കോര്‍ 308-ല്‍ എത്തിയപ്പോഴാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. ഇതിനിടെ ബെയ്ലിയും മാക്സ്വെല്ലും അര്‍ദ്ധസെഞ്ച്വറിയും പിന്നിട്ടു. ബെയ്ലി 32 പന്തില്‍ നിന്ന് നാല് ബൗണ്ടറികളും മൂന്ന് സിക്സറുമുള്‍പ്പെടെ 50 കടന്നപ്പോള്‍ 30 പന്തില്‍ നിന്ന് 7 ബൗണ്ടറികളും ഒരു സിക്സറുമടക്കമാണ് മാക്സ്വെല് അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഒടുവില്‍ 32 പന്തില്‍ നിന്ന് 53 റണ്‍സെടുത്ത മാക്സ്വെല് റണ്ണൗട്ടായതോടെ ഈ കൂട്ടുകെട്ടും പിരിഞ്ഞു. പിന്നീട് ബെയ്ലിയുടെ തകര്‍പ്പന്‍ വെടിക്കെട്ടിന് സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. 32 പന്തില്‍ നിന്ന് അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കിയശേഷം പിന്നീട് നേരിട്ട 18 പന്തുകളില്‍ നിന്ന് 42 റണ്‍സാണ് ബെയ്ലി അടിച്ചുകൂട്ടിയത്. 49-ാം ഓവറിലെ അവസാന പന്തില്‍ സ്കോര്‍ 347-ല്‍ നില്‍ക്കേ 11 റണ്‍സെടുത്ത വോഗ്സിനെ വിനയ്കുമാറിന്റെ പന്തില്‍ ഭുവനേശ്വര്‍കുമാര്‍ കയ്യിലൊതുക്കി.
360 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ഇന്ത്യക്ക് കഴിഞ്ഞ മത്സരത്തില്‍ നിന്ന് വിപരീതമായി ഉജ്ജ്വല തുടക്കമാണ് ഓപ്പണര്‍മാരായ ധവാനും രോഹിത് ശര്‍മ്മയും ചേര്‍ന്ന് നല്‍കിയത്. മിച്ചല്‍ ജോണ്‍സണും മക്കായും വാട്സണും ഉള്‍പ്പെട്ട ഓസ്ട്രേലിയന്‍ ബൗളര്‍മാരെ തുടക്കത്തില്‍ കരുതലോടെ നേരിട്ട ധവാനും രോഹിത്തും നിലയുറപ്പിച്ചശേഷം ടോപ് ഗിയറിലേക്ക് മാറിയതോടെ ഇന്ത്യയുടെ സ്കോറിംഗിന് റോക്കറ്റ് വേഗം കൈവന്നു. നേരത്തെ എട്ടാം വറിലെ അഞ്ചാം പന്തില്‍ ധവാന് നല്കിയ ക്യാച്ച് വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാഡിന് വിട്ടുകളഞ്ഞിരുന്നു. ഈ അവസരം മുതലെടുത്ത് കളിച്ച ധവാന് ഉജ്ജ്വല ഫോമിലേക്കുയര്‍ന്നു. 8.2 ഓവറില്‍ 50 പിന്നിട്ട ഇന്ത്യന്‍ സ്കോര്‍ 16.2 ഓവറില്‍ 100ഉം കടന്നു. അധികം വൈകാതെ രോഹിത് ശര്‍മ്മയും ധവാനും അര്‍ദ്ധസെഞ്ച്വറി പിന്നിട്ടു. രോഹിത് ശര്‍മ്മ 54 പന്തുകളില്‍ നിന്നും ധവാന് 55 പന്തുകളില്‍ നിന്നുമാണ് അര്‍ദ്ധസെഞ്ച്വറി കടന്നത്. 22.2 ഓവറില്‍ ഇന്ത്യന്‍ സ്കോര്‍ 150ഉം കടന്നു. ഒടുവില്‍ 26.1 ഓവറില്‍ സ്കോര്‍ 176 റണ്‍സിലെത്തിയശേഷമാണ് ഒാപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ട് വേര്‍പിരിഞ്ഞത്. 86 പന്തുകളില്‍ നിന്ന് 14 ബൗണ്ടറികളുടെ അകമ്പടിയോടെ 95 റണ്‍സെടുത്ത ധവാന് ഫള്‍ക്നറുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഹാഡിന് ക്യാച്ച് നല്കി. ധവാന് പകരം ക്രീസിലെത്തിയ വിരാട് കോഹ്ലി തുടക്കം മുതല്‍ ആക്രമണമൂഡിലായിരുന്നു. രോഹിത്തിനെ കൂട്ടുപിടിച്ച് കത്തിക്കയറിയ കോഹ്ലി വെറും 27 പന്തില്‍ നിന്ന് അര്‍ദ്ധസെഞ്ച്വറി കടന്നു. മൂന്ന് ബൗണ്ടറികളും നാല് സിക്സറുകളും ഉള്‍പ്പെട്ടതായിരുന്നു കോഹ്ലിയുടെ അര്‍ദ്ധസെഞ്ച്വറി. പിന്നീട് ഇന്ത്യന്‍ സ്കോര്‍ 37.3 ഓവറില്‍ 286ല്‍ എത്തിയപ്പോള്‍ രോഹിത് ശര്‍മ്മ സെഞ്ച്വറി പൂര്‍ത്തിയാക്കി. 102 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളും മൂന്ന് സിക്സറുകളുമുള്‍പ്പെട്ടതായിരുന്നു രോഹിതിന്റെ സെഞ്ച്വറി. പിന്നീട് കോഹ്ലിയുടെ ഊഴമായിരുന്നു. വെറും 52 പന്തുകളില്‍ നിന്ന് എട്ട് ബൗണ്ടറികളും 7 സിക്സറുമടക്കമാണ് കോഹ്ലി സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: