പൊതുവേ ഹൈന്ദവ പ്രസ്ഥാനങ്ങളെയും വിശിഷ്യാ രാഷ്ട്രീയ സ്വയംസേവക സംഘത്തെയും അധിക്ഷേപിക്കുന്നത് വ്രതമാക്കിയ പത്രമാധ്യമങ്ങളും എഴുത്തുകാരും നമ്മുടെ നാട്ടില്‍ സുലഭമാണ്. ദിവസവും ഒരിനമെങ്കിലും പ്രസിദ്ധീകരിച്ചില്ലെങ്കില്‍ അക്കൂട്ടര്‍ക്ക് ഉറക്കം വരില്ലെന്ന് തോന്നുന്നു. 1878 മുതല്‍ ഇന്ത്യയുടെ ദേശീയ ദിനപത്രമെന്ന് നെറ്റിയില്‍ത്തന്നെ എഴുതി വിളംബരം ചെയ്യുന്ന ഹിന്ദു പത്രം അക്കാര്യത്തില്‍ എന്നും മുന്നിലാണ്. കഴിഞ്ഞ 20 വര്‍ഷങ്ങളായി ആ പത്രം പതിവു തെറ്റിക്കാതെ ചെയ്തുവരുന്നു. ഇത്തവണ 1949 ലെ വിസ്മൃതമായ വാഗ്ദാനം എന്ന തലക്കെട്ടില്‍ മുഖപ്രസംഗത്തിനു തൊട്ടുതന്നെ ഒക്ടോബര്‍ എട്ടിന്റെ പത്രത്തില്‍ വിദ്യാസുബ്രഹ്മണ്യം, അര്‍ഥസത്യങ്ങളും അസത്യങ്ങളും സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത വാചകങ്ങളും നിറച്ച് ഒരു ‘കാച്ചു കാച്ചി’യിരിക്കുന്നു. സര്‍ദാര്‍ പട്ടേലിന് 1949 ല്‍ നല്‍കിയിരുന്ന ഉറപ്പില്‍ സംഘം സ്വയം രാഷ്ട്രീയേതരമായ പങ്കാണ് നിര്‍വഹിക്കുക എന്നെഴുതിയിരുന്നെന്നും 2013 ല്‍ സ്വീകരിച്ച പ്രഛന്നമായ രാഷ്ട്രീയ നടപടി അതിന്റെ സ്വന്തം ഭരണഘടനയുടേയും ആ കരാറിന്റെയും ലംഘനമാണെന്നാണ് ശ്രീമതി വിദ്യാ സുബ്രഹ്മണ്യം വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നത്.
നേരത്തെ പറഞ്ഞതുപോലെ ഹിന്ദു പത്രം ഈ പങ്ക് ആരംഭിച്ചു വളരെ നാളുകളായി. ഓരോ പൊതുതെരഞ്ഞെടുപ്പിനു മുമ്പും സംഘപ്രസ്ഥാനങ്ങള്ക്കെതിരായ അപവാദപ്രചാരണത്തിന് അവര്‍ ആക്കം കൂട്ടുന്നുണ്ട്. മുന്‍ എസ്എഫ്ഐ നേതാവും മാര്‍ക്സിസ്റ്റുമായ എന്‍.റാം പത്രത്തിന്റെ സാരഥ്യം ഏറ്റെടുത്തതുമുതലാണ് ഇത് വ്രതമാക്കിയതെന്ന് പറയാം. അയോദ്ധ്യാ പ്രസ്ഥാനത്തിന്റെ ആരംഭകാലത്ത് അദ്ദേഹം എറണാകുളം പ്രസ്ക്ലബില്‍ സ്ഥലത്തെ പ്രമുഖരായ പത്രപ്രവര്‍ത്തകരെ ക്ഷണിച്ചുവരുത്തി നടത്തിയ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ ഈ ലേഖകന്‍ അവസരമുണ്ടായിരുന്നു. രാമജന്മഭൂമി മുക്തി യജ്ഞസമിതിയുടെയും ക്ഷേത്രനിര്‍മാണത്തിനായി രൂപീകരിച്ച ട്രസ്റ്റിന്റേയും പ്രവര്‍ത്തനങ്ങള്‍ പ്രക്ഷോഭത്തിലേക്ക് വന്നിരുന്നില്ല. അയോധ്യയിലെ പ്രശ്നങ്ങള്‍ എന്തെന്നുപോലും കേരളത്തില്‍ ആര്‍ക്കും തന്നെ വലിയ രൂപമുണ്ടായിരുന്നില്ല. അങ്ങനത്തെ പരിതസ്ഥിയിലാണ് എന്‍.റാം എറണാകുളത്തെത്തിയത്.
രാമക്ഷേത്ര നിര്‍മാണം ഒരിക്കലും സാധ്യമാകാത്ത വിധം മതേതര പുരോഗമനവാദികളായ പത്രങ്ങളും പത്രപ്രവര്‍ത്തകരും മുന്നിട്ടിറങ്ങി ജനങ്ങള്‍ക്ക് ബോധോദയമുണ്ടാക്കണമെന്നായിരുന്നു റാമിന്റെ ഒരുമണിക്കൂറിലേറെ നീണ്ട പ്രഭാഷണത്തിന്റെ സാരം. അദ്ദേഹത്തോട് വിശദീകരണം ആവശ്യപ്പെട്ടവരുടെ വാക്കുകളില്‍നിന്നുതന്നെ പ്രശ്നത്തെപ്പറ്റി കേരളത്തില്‍ ഉണ്ടായിരുന്ന അജ്ഞത വ്യക്തമായിരുന്നു. രാജ്യത്തെ പ്രധാന വാര്‍ത്താ കേന്ദ്രങ്ങളെല്ലാം സന്ദര്‍ശിച്ച് അദ്ദേഹം ഇക്കാര്യത്തില്‍ പത്രപ്രവര്‍ത്തകരെ സ്വാധീനിക്കുകയുണ്ടായി.
1983 ലാണെന്ന് തോന്നുന്നു പത്രപ്രവര്‍ത്തകയൂണിയന്റെ ദേശീയ സമ്മേളനം നടന്നത് ഫൈസാബാദിലായിരുന്നു. ജന്മഭൂമിയിലെ കെ.ചന്ദ്രന് അതില്‍ പങ്കെടുക്കാന്‍ പോകുന്നതിന് മുമ്പ് സമീപത്തുള്ള രാമജന്മഭൂമിയില്‍ ബാബര്‍ നിര്‍മിച്ച പള്ളിയും അതിനുള്ളിലെ രാമ, സീത, ഹനുമാന്, ലക്ഷ്മണ വിഗ്രഹങ്ങളും സന്ദര്‍ശിക്കണമെന്നും യുപി സര്‍ക്കാരിന്റെ അതുസംബന്ധിച്ച പ്രസിദ്ധീകരണങ്ങള്‍ കിട്ടുമെങ്കില്‍ സമ്പാദിക്കണമെന്നും നിര്‍ദ്ദേശിച്ചു. അദ്ദേഹത്തോടൊപ്പം കേരളത്തില്‍നിന്നും പോയ ആര്‍ക്കുംതന്നെ അയോധ്യയും രാമജന്മഭൂമിയും ബാബറുടെ നിര്‍മിതിയും അറിയുമായിരുന്നില്ല. തിരിച്ചെത്തിയ ചന്ദ്രന് മുപ്പത് ലേഖനങ്ങള്‍ ജന്മഭൂമിയിലെഴുതി. മലയാളത്തില്‍ രാമജന്മഭൂമിയെപ്പറ്റി പ്രസിദ്ധീകരിച്ചിരുന്ന ആദ്യ ലേഖനങ്ങള്‍ അവയായിരുന്നു.
അയോധ്യാ പ്രക്ഷോഭത്തിനെ അവഹേളിക്കുന്നതിന് കിട്ടിയ ഒരവസരവും ഹിന്ദു പത്രം പാഴാക്കിയില്ലെന്ന് പഴയ ലക്കങ്ങള്‍ ചികഞ്ഞാല്‍ മനസ്സിലാകും. ഓരോ തെരഞ്ഞെടുപ്പിനുമുമ്പും സംഘപരിവാറിനെപ്പറ്റി കള്ളക്കഥകള്‍ മെനഞ്ഞുണ്ടാക്കുക അവരുടെ പതിവാണ്. 1996 ലേയും 1998ലേയും തെരഞ്ഞെടുപ്പുകള്‍ ബിജെപി ഭരണകക്ഷിയാകുന്നതിന്റെ ലാഞ്ചനകള്‍ കാട്ടിയ അവസരമായിരുന്നു. പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് അടല്‍ബിഹാരി വാജ്പേയിയെ ഉയര്‍ത്തിക്കൊണ്ടാണ് എല്‍.കെ.അദ്വാനി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. അതിനെ തുരങ്കം വെയ്ക്കാനായി വാജ്പേയിയുടെ വിദ്യാഭ്യാസ കാലം മുതലുള്ള പ്രവര്‍ത്തനങ്ങളെപ്പറ്റി ഗവേഷണം തന്നെ ചെയ്ത് ഹിന്ദുപത്രവും അവരുടെ ഫ്രണ്ട് ലൈന്‍ മാസികയും ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ വ്യക്തിപരമായ തേജോവധം തന്നെയാണ് നടത്തപ്പെട്ടത്.
1949 ല്‍ സംഘം ചില ഉറപ്പുകള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സംഘനിരോധം പിന്‍വലിച്ചതെന്നും 2013 ല്‍ ബിജെപിയുടെ പാര്‍ലമെന്ററി ബോര്‍ഡിന്റെ തീരുമാനത്തെ സ്വീകരിച്ച് അവര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കണമെന്ന് സര് സംഘചാലക് മോഹന്‍ ഭാഗവത് അഭ്യര്‍ത്ഥിച്ചത് അന്ന് സര്‍ദാര്‍ പട്ടേലിന് നല്കിയ ഉറപ്പുകളുടെ ലംഘനമാണെന്ന് വാദിക്കുകയാണ് ശ്രീമതി വിദ്യാ സുബ്രഹ്മണ്യം. 54 വര്‍ഷങ്ങള്‍ക്ക് മുമ്പു നടന്ന സംഭവങ്ങളുടെ യാഥാര്‍ത്ഥ്യങ്ങളെ അറിയാത്തവരെ തെറ്റിദ്ധരിപ്പിക്കുകയെന്നതാണ് അവരുടെ ഉദ്ദേശ്യമെന്ന് വ്യക്തമാണ്.
സംഘത്തെ നിരോധിക്കാനുണ്ടായ സാഹചര്യവും തുടര്‍ന്ന് സംഘത്തിന്റെ സര് സംഘചാലക് ആയിരുന്ന ശ്രീ ഗുരുജി ഗോല്‍വല്‍ക്കറും പ്രധാനമന്ത്രി നെഹ്റു, ആഭ്യന്തരമന്ത്രി സര്‍ദാര്‍ പട്ടേല്‍, ആഭ്യന്തരവകുപ്പ് സെക്രട്ടറി എച്ച്.വി.ആര്.അയ്യങ്കാര്‍, മദ്ധ്യസ്ഥന്മാരായിരുന്ന ടി.ആര്.വെങ്കിട്ടരാമ ശാസ്ത്രി, മൗലി ചന്ദ്രശര്‍മ തുടങ്ങിയവരുമായി നടത്തിയ കത്തിടപാടുകളും തത്സംബന്ധമായ സര്‍ക്കാര്‍ വിജ്ഞാപനങ്ങളും ‘ജസ്റ്റിസ് ഓണ്‍ ട്രയല്‍’ എന്ന പേരില്‍ ബംഗളൂരുവില്‍നിന്ന് 1957 ല്‍ തന്നെ സംഘം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശ്രീ ഗുരുജി ജന്മശതാബ്ദി വേളയില്‍ അദ്ദേഹത്തിന്റെ സമ്പൂര്‍ണ വാങ്മയം ‘ശ്രീ ഗുരുജി സാഹിത്യ സര്‍വസ്വം’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചതിന്റെ 10-ാം പുസ്തകത്തിലും അത് പൂര്‍ണമായും കാണാം.
മഹാത്മാഗാന്ധിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതിന്റെ പേരിലാണ് സംഘത്തെ നിരോധിച്ചതെന്ന ധാരണ സൃഷ്ടിച്ചാണ് നിരോധിച്ചതെങ്കിലും സംഘത്തിന് അതില്‍ പങ്കില്ലെന്ന് സര്‍ദാര്‍ പട്ടേല്‍ തന്നെ നെഹ്റുവിന് വിവരം നല്കി. സംഘത്തിനെതിരെ അക്രമങ്ങള്‍, കൊള്ള, സമുദായ വിദ്വേഷം വളര്‍ത്തുന്ന പ്രവര്‍ത്തികള്‍ തുടങ്ങിയവയാണ് പിന്നീടുണ്ടായ ആരോപണങ്ങള്‍. ആരോപണങ്ങളെപ്പറ്റി അന്വേഷണം നടത്തണമെന്നും അവ തെളിയിക്കണമെന്നുമായിരുന്നു ശ്രീ ഗുരുജിയുടെ ആവശ്യം.
സര്‍ക്കാരിന്റെ പിടിവാശി മൂലം സ്ഥിതിഗതികള്‍ സ്തംഭനാവസ്ഥയിലെത്തുകയും നിരോധം നീക്കാന്‍ തയ്യാറാകാതിരിക്കുകയും ചെയ്തപ്പോള്‍ നിരോധം ലംഘിച്ച് സത്യഗ്രഹം നടത്താന്‍ ശ്രീ ഗുരുജി ആഹ്വാനം നല്കി. 1942 ലെ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടതിനേക്കാള്‍ ആളുകള്‍ സത്യഗ്രഹത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. ബ്രിട്ടീഷ് വാഴ്ചക്കാലത്തേക്കാള് ക്രൂരവും ഭീകരവുമായ മര്‍ദ്ദനങ്ങളെ തികഞ്ഞ സംയമനത്തോടെ സത്യഗ്രഹികള്‍ നേരിട്ടു. ഈ സമയത്ത് ജി.വി.കേത്കര്‍, ടി.ആര്.വി. ശാസ്ത്രി തുടങ്ങിയ മാന്യവ്യക്തികള്‍ മുന്‍കൈ എടുത്ത് സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തി. സംഘത്തിന് ലിഖിതമായ ഭരണഘടനയില്ലെന്ന ആക്ഷേപം സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉന്നയിക്കപ്പെട്ടു. സംഘസ്ഥാപകന് തന്നെ എഴുതിവെച്ച ഭരണഘടനയുണ്ടായിരുന്നിട്ടും അത് അച്ചടിപ്പിച്ചിട്ടില്ലെന്നതിനാല് ഭരണഘടനയുടെ പുതിയ നക്കല്‍ തയ്യാറക്കപ്പെട്ടു. അതിനെപ്പറ്റിയും സര്‍ക്കാര്‍ വിശദീകരണം ആവശ്യപ്പെട്ടു. നമ്പരിട്ട് നല്കപ്പെട്ട പ്രസ്താവങ്ങള്ക്കൊക്കെ ശ്രീ ഗുരുജി മറുപടി നല്കി: ആ മറുപടിയിലെ ഭാഷാപ്രയോഗം അതീവ ശക്തവും കുറിക്കുകൊള്ളുന്നവയുമായിരുന്നു. “ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയപ്പെടാനുള്ള യോഗ്യതയെ ആരോപണങ്ങള്ക്കുള്ളൂ. ഇത്രയും നാളുകള്ക്കുശേഷവും ദുരാരോപണങ്ങള്‍ വീണ്ടും വീണ്ടും വിളിച്ചുപറയുന്നതും സത്യ നീതി ന്യായ വ്യവസ്ഥകളെ അനാദരിക്കുന്നതും പരിഷ്കൃതമെന്ന് അവകാശപ്പെടുന്ന ഭരണകൂടത്തിന് ഭൂഷണമല്ല”
എന്നിങ്ങനെയായിരുന്നു മറുപടിയുടെ രീതി. അതിന് ആഭ്യന്തര സെക്രട്ടറി അയച്ച മറുപടിയില്‍ ശ്രീ ഗുരുജി പ്രയോഗിച്ച ഭാഷയിലെ വിനയത്തിന്റേയും മര്യാദയുടേയും അഭാവത്തെ അധിക്ഷേപിച്ചു. സര്‍ദാര്‍ പട്ടേലിനയച്ച മറുപടിയില്‍ താനൊരു സാധാരണക്കാരനാണെന്നും ഉച്ചനീചത്വങ്ങള്‍ക്ക് സ്ഥാനമില്ലാത്ത സംഘടനയിലൂടെ വളര്‍ന്നതിനാല്‍ ഭരണകര്‍ത്താക്കളോടും പ്രഭുക്കന്മാരോടും സംസാരിക്കുമ്പോള്‍ ഉപയോഗിക്കേണ്ട ഭാഷാ ശൈലിയും പ്രയോഗവും വൈദഗ്ദ്ധ്യവും നേടാനുള്ള അവസരമുണ്ടായിട്ടില്ലെന്നും ഉചിതവും സത്യവുമെന്ന് തോന്നിയത് തുറന്ന് സ്പഷ്ടമായി പ്രതിപാദിച്ചതാണെന്നും അതില്‍ സര്‍ക്കാരിന് അധിക്ഷേപം സംഭവിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും എഴുതി.
എന്നുമാത്രമല്ല സത്യവും സരളവുമായ വാക്ക് സര്‍ക്കാരിന് അരോചകമാണെന്ന് തോന്നുന്നെങ്കില്‍ കത്തിടപാടുകള്‍ വേണ്ടെന്ന് വെക്കുകയാവും ഉത്തമം എന്ന് പ്രസ്താവിച്ചുകൊണ്ട് ശ്രീഗുരുജി തന്നെ എഴുത്തുകുത്തുകള്‍ അവസാനിപ്പിച്ചു.
ഭരണഘടനയോടും ദേശീയപതാകയോടും സംഘത്തിന്റെ ഭരണഘടനയില്‍ വിധേയത്വം പ്രകടിപ്പിക്കുന്നില്ലെന്ന് സര്‍ക്കാര്‍ ആക്ഷേപിച്ചിരുന്നു. 1949 ല്‍ ഭാരത ഭരണഘടന നിലവില്‍ വന്നിരുന്നില്ല. ഒരുവര്‍ഷം കഴിഞ്ഞ് ജനിക്കാനിരിക്കുന്ന കുട്ടിയെ കൊന്ന ആരോപണം പോലെയാണ് സര്‍ക്കാരിന്റെ ആക്ഷേപം.
ടി.ആര്.വി.ശാസ്ത്രി താന്‍ നടത്തിയ ശ്രമങ്ങളെപ്പറ്റി വിശദമായ ഒരു പ്രസ്താവന പ്രസിദ്ധീകരിച്ചു.
തുടര്‍ന്ന് 1949 ജൂലൈ 12 ന് സര്‍ക്കാര്‍ നിരോധനം നിരുപാധികം പിന്‍വലിച്ചു. ടിആര്വിയുടെ പ്രസ്താവന പ്രസിദ്ധീകരിച്ചത് ഹിന്ദുപത്രമായിരുന്നു.
ബോംബേ (ഇന്നത്തെ മഹാരാഷ്ട്രയും ഗുജറാത്തും ചേര്‍ന്നത്) നിയമസഭയില്‍ 1949 ഒക്ടോബര്‍ 19 ന് നടന്ന ചോദ്യോത്തരവേളയില്‍ ലല്ലുഭായി മാക്കന്ജി പട്ടേലിന്റെ ചോദ്യം ആര്‍എസ്എസിന്റെ നിരോധനം നീക്കിയോ എന്നും അതിന്റെ കാരണമെന്ത് എന്നും അതു ഉപാധികളോടെയാണോ നിരുപാധികമാണോ എന്നും ആര്‍എസ്എസ് എന്തെങ്കിലും ഉറപ്പു നല്‍കിയിട്ടുണ്ടോ എന്നും, ഉണ്ടെങ്കില്‍ അവയെന്തായിരുന്നു എന്നുമായിരുന്നു.
മൊറാര്‍ജി ദേശായിക്കുവേണ്ടി ദിനകര്‍ റാവു ദേശായിയാണ് ഉത്തരം നല്‍കിയത്. നിരോധം തുടരേണ്ടതിന് കാരണമൊന്നും ഇല്ലെന്ന് ബോധ്യപ്പെട്ടതിനാല്‍ പിന്‍വലിച്ചുവെന്നും അത് നിരുപാധികമാണെന്നും ആര്‍എസ്എസ് സര്‍ക്കാരിന് യാതൊരു ഉറപ്പും നല്‍കിയിട്ടില്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.
1949 ജൂലൈ 22 ന് ചെന്നൈയിലെ ഹിന്ദു പത്രത്തില്‍ ശ്രീ ഗുരുജി നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ റിപ്പോര്‍ട്ട് വന്നു. അതില്‍ ഒരു റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് മറുപടിയായി “സംഘം യാതൊരുവിധത്തിലും മാറിയിട്ടില്ലെന്ന് വ്യക്തമാക്കി. ഭാരത സര്‍ക്കാര്‍ ഭരണഘടന എഴുതിക്കൊടുക്കണമെന്നാവശ്യപ്പെട്ടു. അതു കൊടുത്തു അതിനെ വേണമെങ്കില്‍ ഒരു സ്പഷ്ടീകരണമെന്ന് വിളിക്കാം” എന്നു കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരുമായി ഒത്തുതീര്പ്പുണ്ടാക്കിയില്ലെന്നും ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ലെന്നും ഹിതവാദപത്രത്തിന്റെ പത്രാധിപര്‍ എ.ഡി.മണിയോടും ശ്രീ ഗുരുജി വ്യക്തമാക്കിയിരുന്നു.
1949 ല്‍ സംഘം നിരോധനം നീക്കിക്കിട്ടാനായി വിട്ടുവീഴ്ചയ്ക്കും ഒത്തുതീര്‍പ്പിനും വഴങ്ങി എന്നും പ്രചരിപ്പിക്കുന്നത് സത്യത്തിന് നിരക്കാത്തതാണ്. ഹൈന്ദവ പ്രവര്‍ത്തനങ്ങളെയാകെ അവഹേളിക്കാനും അപകീര്‍ത്തിപ്പെടുത്താനും ജനമധ്യത്തില്‍ താറടിക്കാനും കുറേക്കാലമായി ഹിന്ദുപത്രം നടത്തിവരുന്ന പ്രച്ഛന്ന മാര്‍ക്സിസ്റ്റ് നടപടിയായിത്തന്നെ വിദ്യാ സുബ്രഹ്മണ്യത്തിന്റെ ലേഖനം കാണണം. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ദേശീയ ശക്തികളെ പരാജയപ്പെടുത്താമെന്ന വ്യാമോഹമാണതിന് പിന്നില്‍.
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: