കൊച്ചി: ഉല്‍സവകാല വിപണിയില്‍ കടുത്ത ദൗര്‍ലഭ്യം മൂലം കുരുമുളക് വില കുത്തനെ ഉയരുന്നു. ദേശീയ എക്സ്ചേഞ്ചുകളേക്കാളധികം വ്യാപാരമാണ് മട്ടാഞ്ചേരിയിലെ ഇന്ത്യന്‍ പെപ്പര്‍ ആന്‍ഡ് സ്പൈസസ് ട്രേഡ് അസോസിയേഷന് (ഇപ്സ്റ്റ) വഴി നടക്കുന്നത്.
വിദേശത്തേക്കും ഉത്തരേന്ത്യന്‍ വിപണിയിലേക്കും ഓര്‍ഡറുണ്ടെങ്കിലും ചരക്കില്ലാത്തതിനാല്‍ നിറവേറ്റാനാകുന്നില്ല. അതേസമയം, എന്‍സിഡിഇഎക്സിന്റെ ഗോഡൗണില്‍ ഗുണമേന്മക്കുറവിന്റെ പേരില്‍ ഒരു വര്‍ഷത്തില്‍ ഏറെയായി 6300 ടണ്ണോളം കുരുമുളക് കെട്ടിക്കിടക്കുന്നു.
രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ മുളകിന് താരതമ്യേന വിലക്കുറവാണ്. ടണ്ണിന് 7700 ഡോളറിന് ഇന്തൊനീഷ്യയും 8000 ഡോളറിന് വിയറ്റ്നാമും വില്‍ക്കുന്നു. ഇന്ത്യന്‍ വില 7625 ഡോളറാണ്. ബ്രസീല്‍ മാത്രം ഇതിനേക്കാള്‍ കുറഞ്ഞ വിലക്ക് (7150 ഡോളര്‍) വില്‍ക്കുന്നു.
കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റ് വരെ ഇന്ത്യ12600 ടണ്‍ കയറ്റുമതി ചെയ്തു. ഈ വര്‍ഷം ഇതേ കാലയളവില്‍ ഇത് 12000 ടണ്ണാണ്. ആഭ്യന്തര വിപണിയില്‍ കിലോഗ്രാമിന് 440 രൂപയ്ക്ക് അടുത്തായി കുരുമുളക് വില. ഈ വര്‍ഷം ഇന്ത്യയുടെ ഉല്പാദനം 55000 ടണ്ണാണെന്നാണ് സ്പൈസസ് ബോര്‍ഡ് കണക്കാക്കുന്നത്.
എന്നാല്‍ ഇതിലും കുറവായിരിക്കും ഉല്പാദനമെന്ന് കൃഷിക്കാരും കച്ചവടക്കാരും ചൂണ്ടിക്കാട്ടുന്നു. 22000 ടണ്ണോളം കര്‍ണാടകയുടെ ഉല്പാദനമാണ്. കുരുമുളകിന്റെ വിളവെടുപ്പ് ആരംഭിക്കാന്‍ ജനുവരി വരെ കാത്തിരിക്കേണ്ടതുണ്ട്. എന്‍സിഡിഇഎക്സ് വഴി അവധി വ്യാപാരത്തില്‍ വാങ്ങി ഗോഡൗണില്‍ സൂക്ഷിച്ചിട്ടുള്ള കുരുമുളകില്‍ മിനറല്‍ ഓയില്‍ ചേര്‍ത്തിട്ടുണ്ടെന്നാണ് ആരോപണം.
ലാബില്‍ പരിശോധിച്ച സാമ്പിളുകളില്‍ ഇതിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് കുരുമുളക് നശിപ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. 850 ടണ്ണിന്റെ പരിശോധന മാത്രമേ ഇതുവരെ പൂര്‍ത്തിയായിട്ടുള്ളു.
എന്‍സിഡിഇഎക്സിന്റെ കുരുമുളക് അവധി വ്യാപാരം നടക്കുന്നില്ല. നാഷണല്‍ സ്പോട്ട് എക്സ്ചേഞ്ചിന്റെ പ്രവര്‍ത്തനവും നിര്‍ത്തിവച്ചു. മട്ടാഞ്ചേരി ആസ്ഥാനമായ ഇപ്സ്റ്റയ്ക്ക് പുതിയ സീസണിലേക്കുള്ള കുരുമുളക് അവധി വ്യാപാരത്തിന് അനുമതി ലഭിച്ചതായി പ്രസിഡന്റ് ഗുല്‍ഷണ്‍ ജോണ്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: