കൊച്ചി: സംസ്ഥാനത്ത് മദ്യവില വീണ്ടും വര്‍ധിപ്പിക്കാന്‍ ബവ്റിജസ് കോര്പറേഷന് നീക്കം. അടുത്ത മാര്‍ച്ച് 31 വരെയുള്ള മദ്യവിതരണത്തിനു ടെന്‍ഡര്‍ സമര്‍പ്പിച്ചത് 97 ഡിസിലറികളാണ്. 15 ശതമാനം വില വര്‍ധിപ്പിക്കണമെന്ന ആവശ്യമാണു ഡിസ്റ്റിലറി ഉടമകള്‍ മുന്നോട്ടുവച്ചിരിക്കുന്നത്. എന്നാല്‍ ചെറിയ നിരക്കു വര്‍ധനയാണു കോര്‍പറേഷന്റെ ആലോചനയില്‍. ഈ മാസം ചേരുന്ന ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തില്‍ തീരുമാനമുണ്ടാകും. നവംബര്‍ ഒന്നു മുതലാകും വില വര്‍ധന പ്രാബല്യത്തില്‍ വരിക.
കഴിഞ്ഞ വര്‍ഷം 99 പേര് പങ്കെടുത്തതില്‍ ഏഴു പേരുടെ ടെന്‍ഡര്‍ വിവിധ കാരണങ്ങളാല്‍ നിരസിച്ചുവെങ്കില്‍, ഇത്തവണ ആരുടെ ടെന്‍ഡറും നിരസിച്ചിട്ടില്ല. മദ്യവിതരണത്തിന് 62 കമ്പനികളും ബീര്‍ വിതരണത്തിന് 20 കമ്പനികളും വൈന്‍ വിതരണത്തിനു 15 കമ്പനികളുമാണു ടെന്‍ഡര്‍ നല്‍കിയിരിക്കുന്നത്.
കേരളത്തിലെ 17 ഡിസ്റ്റിലറികളും ഇക്കൂട്ടത്തിലുണ്ട്. സ്പിരിറ്റ് ഉള്‍പ്പെടെയുള്ള അസംസ്കൃത വസ്തുക്കളുടെ വില കൂടിയതും അനുബന്ധ ചെലവുകള്‍ വര്‍ധിച്ചതുമാണു വില കൂട്ടണമെന്ന കമ്പനികളുടെ ആവശ്യത്തിനു പിന്നില്‍. നഷ്ടം സംഭവിക്കുന്നുവെന്ന പേരില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പ്രമുഖ ബ്രാന്‍ഡുകള്‍ കേരള വിപണി ഒഴിവാക്കിയെന്ന് കാണിച്ച് വിലകൂട്ടാനുള്ള തന്ത്രമാണ് നടക്കുന്നതെന്നും ആരോപണമുണ്ട്.
കഴിഞ്ഞ വര്‍ഷം ഡിസ്റ്റിലറി ഉടമകള്‍ 15 ശതമാനം വിലവര്‍ധന ആവശ്യപ്പെട്ടപ്പോള്‍ 2012 ഓഗസ്റ്റ് മുതല്‍ ആറു ശതമാനമാണ് വര്‍ധിപ്പിച്ചത്. 225 കോടി രൂപയുടെ അധിക വരുമാനമാണു കോര്പറേഷന് ലക്ഷ്യമിട്ടത്. അന്നു പക്ഷേ ബീറിനു വില കൂട്ടിയിരുന്നില്ല.
ഇത്തവണ ബീറിനും വിലവര്‍ധനയുണ്ടാകും. അഞ്ചു രൂപയുടെ ചില്ലറ ക്ഷാമം പരിഹരിക്കാന്‍ മദ്യവില പൂജ്യത്തില്‍ മാത്രം അവസാനിക്കുന്ന സംഖ്യയാക്കണമെന്ന തൊഴിലാളി സംഘടനയുടെ ആവശ്യം ഇക്കുറി പരിഗണിച്ചാല്‍ ഉപഭോക്താവിന്റെ കയ്യിലെത്തുന്ന മദ്യത്തിനു പിന്നെയും വില ഉയരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: