ന്യൂദല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ വന്‍ പ്രചാരണ പരപാടികള്‍ നടത്താന്‍ ബിജെപിയുടെ ദേശീയ നേതാക്കള്‍ തയ്യാറാകുന്നു. പാര്‍ട്ടിയുടെ ദേശീയ നേതാക്കള്‍ നവംബര്‍ ഒന്നുമുതല്‍ 17 വരെ ഛത്തീസ്ഗഢില്‍ തെരഞ്ഞെടുപ്പു പ്രചാരണ യാത്ര നടത്തും. മദ്ധ്യപ്രദേശില്‍ 12 മുതല്‍ 23 വരെയും രാജസ്ഥാനില്‍ നവംബര്‍ 17 മുതല്‍ 29 വരെയും ദല്‍ഹിയില്‍ നവംബര്‍ 21 മുതല്‍ ഡിസംബര്‍ രണ്ടുവരെയും പര്യടനം ചെയ്യും. മുതിര്‍ന്ന നേതാക്കളായ എല്‍.കെ.അദ്വാനി, മുരളീ മനോഹര്‍ ജോഷി, രാജ്നാഥ് സിംഗ്, നരേന്ദ്രമോദി, സുഷമാ സ്വരാജ്, അരുണ്‍ ജെയ്റ്റ്ലി, വെങ്കയാ നായിഡു, നിതിന്‍ ഗഡ്കരി തുടങ്ങിയവര്‍ അഞ്ചു സംസ്ഥാനങ്ങളിലെ വിവിധ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. സംസ്ഥാന നേതാക്കളും ഇവിടങ്ങളില്‍ പ്രചാരണത്തിനു പോകും.
പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ്, ദല്‍ഹി എന്നിവിടങ്ങളില്‍ പ്രചാരണയോഗങ്ങളില്‍ പങ്കെടുക്കും. അഞ്ചു സംസ്ഥാനങ്ങളിലും പാര്‍ട്ടിയുടെ ബൂത്തുതല പ്രവര്‍ത്തനം സജീവമായിക്കഴിഞ്ഞു. മധ്യപ്രദേശില്‍ 45,334 പോളിംഗ് സ്റ്റേഷനുകള്‍ക്ക് ബൂത്തുതല പ്രവര്‍ത്തകരെ നിയോഗിച്ചു കഴിഞ്ഞു. രാജസ്ഥാനില്‍ 53,896 ഉം, ഛത്തീസ്ഗഢില്‍ 21,418-ഉം ദല്‍ഹിയില്‍ 11763-ഉം മിസോറാമില്‍ ഒട്ടുമുക്കാല്‍ പോളിംഗ് സ്റ്റേഷനുകളിലും ബൂത്തുതല പ്രവര്‍ത്തകരെ നിയോഗിച്ചു. മദ്ധ്യപ്രദേശിലെ 230 മണ്ഡലങ്ങളിലും ചര്‍ച്ചകളും പരിശീലനങ്ങളും കഴിഞ്ഞു. രാജസ്ഥാനില്‍ 200-ഉം ദല്‍ഹിയില്‍ 70-ഉം ഛത്തീസ്ഗഢില്‍ 90-ഉം മിസോറാമില്‍ 21-ഉം സീറ്റുകളില്‍ ചര്‍ച്ചയും പരിശീലനവും കഴിഞ്ഞു.
അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കാന്‍ പോകുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ ബിജെപി വോട്ടര്‍മാര്‍ക്കിടയില്‍ പോകുന്നത് സദ്ഭരണവും ദുര്‍ഭരണവും തമ്മിലുള്ള വിലയിരുത്തല്‍ ആവശ്യപ്പെട്ടാണെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. കേന്ദ്രീയ തെരഞ്ഞെടുപ്പു മാനേജ്മെന്റ്, പ്രോഗ്രാം ആന്‍ഡ് കോര്‍ഡിനേഷന്‍ ചുമതലക്കാരനായ നഖ്‌വി, ബിജെപി മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ദല്‍ഹി, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ 590 സീറ്റുകളിലും പേരാടുമെന്നും മിസോറാമില്‍ 40 സീറ്റിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നും പറഞ്ഞു.
മദ്ധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ വികസനത്തിലും ക്ഷേമത്തിലും വമ്പിച്ച ചരിത്രംതന്നെ സൃഷ്ടിച്ചുവെന്ന് നഖ്‌വി വിശദീകരിച്ചു. ഛത്തീസ്ഗഢിലെ രമണ്‍സിംഗ് സര്‍ക്കാര്‍ ക്ഷേമൈശ്വര്യങ്ങള്‍ സംസ്ഥാനത്തെ അവാസന വ്യക്തിയിലും എത്തിക്കാനും സദ്ഭരണത്തിന്റെ അനുഭവസ്ഥരാക്കാനും ശ്രമിച്ചു വിജയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പല വിലക്കുകളും മറികടന്ന് രണ്ട് സംസ്ഥാനങ്ങളും അത്ഭുതകരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു.
ദല്‍ഹിയിലെയും രാജസ്ഥാനിലെയും സര്‍ക്കാരുകള്‍ ദുര്‍ഭരണത്തിന്റെയും അഴിമതിയുടെയും ഉദാഹരണങ്ങളാണെന്ന് നഖ്‌വി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജുകള്‍ ഉണ്ടായിട്ടും അവര്‍ പൊതുജനങ്ങളെ കൊളളയടിച്ചു, പൊതുഖജനാവിലെ പണം കൊണ്ട് അഴിമതികള്‍ നടത്തി. മുന്‍ ബിജെപി സര്‍ക്കാരിന്റെ ജനക്ഷേമ പരിപാടികള്‍ നിര്‍ത്തിക്കളഞ്ഞ രാജസ്ഥാന്‍ സര്‍ക്കാരിന് അഴിമതയിലും കുംഭകോണങ്ങളിലുമായിരുന്നു കമ്പം. ഇതുതന്നെയായിരുന്നു ദല്‍ഹി സര്‍ക്കാരിന്റെ അവസ്ഥയും. അത് ഒരു പ്രഖ്യാപനവും കുംഭകോണവും തൊഴിലാക്കിയ സര്‍ക്കാരായി മാറി.
കേന്ദ്ര സര്‍ക്കാരിന്റെയും ഈ സംസ്ഥാന സര്‍ക്കാരുകളുടെയും അഴിമതി, പൊതുഖജനാവിന്റെ കൊള്ളകളെക്കുറിച്ച്, ജനങ്ങളെ ക്രൂരവും നാണം കെട്ട രീതിയിലും എങ്ങനെ ഈ സര്‍ക്കാരുകള്‍ കൊള്ളചെയ്യുന്നുവെന്നതും സംബന്ധിച്ച് കുറ്റപത്രം ബിജെപി എത്രയ വേഗം അവതരിപ്പിക്കുമെന്ന് നഖ്‌വി പറഞ്ഞു.
















