പാറ്റ്ന: നരേന്ദ്ര മോദി പങ്കെടുക്കുന്ന ബിജെപിയുടെ ഒക്ടോബര്‍ 27 -ലെ പാറ്റ്നാ റാലിക്ക് പ്രവര്‍ത്തകരെ എത്തിക്കാന്‍ ബിജെപി പത്തു ട്രെയിനുകള്‍ വാടകക്കെടുത്തു. 18 ബോഗികള്‍ വീതമുള്ള ട്രെയിനുകള്‍ക്കു പുറമേ പരമാവധി ബസ്സുകളും മറ്റുവാഹനങ്ങളും പ്രവര്‍ത്തകരെ സമ്മേളിപ്പിക്കാന്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് മുതിര്‍ന്ന നേതാവ് നന്ദ്കിഷോര്‍ യാദവ് പറഞ്ഞു.
ഈ ട്രെയിനുകള്‍ ബീഹാറിന്റെ വിവിധ മേഖലകളില്‍ നിന്ന് പാറ്റ്നയിലേക്കു യാത്ര നടത്തും. കിഷന്‍ഗഞ്ച്, പൂര്‍ണിയ, അറാറിയ, ഭഗല്‍പൂര്‍, സഹാര്‍സാ, ബെട്ടിയ, ബഖാ, സമസ്തിപൂര്‍ തുടങ്ങിയ നഗരങ്ങളില്‍നിന്നായിരിക്കും പ്രവര്‍ത്തകര്‍ക്കു ട്രെയിന്‍ യാത്രാ സൗകര്യം.
ട്രെയിന്‍ സൗകര്യം പാര്‍ട്ടിയുടെ സംസ്ഥാന ഓഫീസിന്റെ നേരിട്ടുള്ള സംവിധാനമാണ്. ഇതിനു പുറമേ, പ്രാദേശിക യൂണിറ്റുകള്‍ ബസ്സുകള്‍ വാടകക്ക് ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തുനിന്നുള്ള വാഹനങ്ങള്‍ പോരാഞ്ഞ് യുപി, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍നിന്നും വാഹനം വാടകക്കെടുത്തിട്ടുണ്ട്.
റാലിയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം സര്‍വകാല റെക്കോര്‍ഡ് ആയിരിക്കുമെന്ന് പാര്‍ട്ടി മുതിര്‍ന്ന നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദി പറഞ്ഞു. “ഒരു എംഎല്‍എ പോലുമില്ലാത്ത തമിഴ്‌നാട്ടിലും ആന്ധ്രയിലും ലക്ഷക്കണക്കിന് ആളുകള്‍ മോദിയെ കേള്‍ക്കാന്‍ എത്തിയെങ്കില്‍ ബീഹാറില്‍ എന്തായിരിക്കുമെന്ന് സങ്കല്‍പ്പിച്ചുകൊള്ളൂ,” സുശീല്‍ മോദി പറഞ്ഞു.
















