ലാസ: ടിബറ്റിലെ ബിരു പ്രവിശ്യയില്‍ അന്യായമായി തടഞ്ഞുവച്ച നാട്ടുകാരനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയവര്‍ക്കുനേരെയുണ്ടായ വെടിവെയ്പില്‍ 60 പേര്‍ക്ക് പരിക്കേറ്റതായി റേഡിയോ ഫ്രീ ഏഷ്യ റിപ്പോര്‍ട്ടു ചെയ്തു. രണ്ടു പേരുടെ നില ഗുരുതരമാണ്. കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവന്നത്.
സംഭവസ്ഥലത്തേയ്ക്കുള്ള ഫോണ്‍ബന്ധം പോലും വിഛേദിക്കപ്പെട്ടിരിക്കുകയാണെന്ന് ബ്രിട്ടനില്‍ പ്രവര്‍ത്തിക്കുന്ന ഫ്രീടിബറ്റ് എന്ന സംഘടന ആരോപിച്ചു. മാദ്ധ്യമങ്ങളെ ടിബറ്റിലേക്ക് പ്രവേശിപ്പിക്കുന്നില്ല.
സ്വന്തം വീട്ടില്‍ ചൈനീസ് പതാക പറപ്പിക്കുന്നതിന് വിസമ്മതിച്ചതിന്റെ പേരില്‍ ദോര്‍ജി ഡാഗ്സെല് എന്ന ടിബറ്റുകാരനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അന്യായമായി അറസ്റ്റ് ചെയ്തുവെന്നാരോപിച്ച് ബിരുവിലെ പൊലീസ് സ്റ്റേഷനു മുന്നിലെത്തിയവര്ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഫ്രീടിബറ്റ് ആരോപിച്ചു. സ്വയംഭരണ പ്രദേശമായ ടിബറ്റിനെ ചൈനയില്‍നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് 2008 മുതല്‍ പ്രക്ഷോഭം നടക്കുകയാണ്.
നൂറിലേറെ പേര് ഇതിനോടകം പരസ്യമായി തീ കൊളുത്തി ആത്മഹത്യ ചെയ്തിട്ടുണ്ട്. അതേസമയം ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് ചൈനീസ് വിദേശ കാര്യവക്താവ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: