കൊച്ചി:വെളിച്ചെണ്ണ വിലയിലെ കുതിപ്പ് മലയാളിക്ക് തിരിച്ചടിയാകുന്നു. കൊപ്ര വിപണിവില കുതിച്ചുയര്‍ന്നതാണ് വെളിച്ചെണ്ണയുടെ വില വര്‍ദ്ധിക്കാന്‍ കാരണമായത്.
ഒരുമാസത്തിനുള്ളില്‍ 15 രൂപയാണ് കൊപ്ര വിലയിലുണ്ടായ വര്‍ദ്ധനവ്. വെളിച്ചെണ്ണയുടെ ചില്ലറ വില്‍പ്പന വില കിലോഗ്രാമിന് 100 രൂപ കവിഞ്ഞു. ഇതര സസ്യ എണ്ണകളുടെ വിലയേക്കാള്‍ ഉയര്‍ന്ന വിലയാണിത്. ഇതോടെ ഉപഭോക്താക്കള്‍ മറ്റു ഭക്ഷ്യഎണ്ണകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുതായാണ് മാര്‍ക്കറ്റ് നല്കുന്ന സൂചന.
ഓണവിപണിയിലാണ് വെളിച്ചെണ്ണവിലയിലെ വര്‍ദ്ധനവ് പ്രകടമായത്. കേരം തിങ്ങും കേരള നാട്ടിലെ ഉപഭോക്താക്കാള്‍ വെളിച്ചെണ്ണക്കായി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കാന്‍ തുടങ്ങണമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
തമിഴ്നാട്ടിലെ കമ്പം,കക്കയം എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് വെളിച്ചെണ്ണ ഇപ്പോള്‍ എത്തുന്നത്. ഇത്തരത്തില്‍ രണ്ട് ലക്ഷം ടണ്‍ വെളിച്ചെണ്ണയാണ് കേരളത്തിലേക്ക് പ്രതിവര്‍ഷം എത്തുന്നത്. വെളിച്ചെണ്ണ ഉദ്പാദനത്തില്‍ സ്വയം പര്യപ്തമായിരുന്ന കേരളം ഇക്കാര്യത്തിലും അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്നു എന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. വെളിച്ചെണ്ണ വിലയിലുണ്ടാകുന്ന വര്‍ദ്ധനവ് കേരളത്തിന് തിരിച്ചടിയാകുന്നു എന്ന നിലയിലെത്തിനില്‍ക്കുന്നു കാര്യങ്ങള്‍.
സെപ്തംബര്‍ രണ്ടാം വാരത്തില്‍ ക്വിന്റലിന് 8050 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണക്ക് ഓണവിപണിയിലെത്തിയപ്പോള് 8200 രൂപയായി വര്‍ദ്ധനവ് രേഖപെടുത്തി. ഒക്ടോബറായപ്പോള്‍ 8600 രൂപയായും പിന്നിട് 9400 രൂപയായും ഉയര്‍ന്നു. കൊപ്രയുടെ കാര്യത്തിലും ഈ വര്‍ദ്ധനവ് കാണാം. 5550 രൂപയുണ്ടായിരുന്ന കൊപ്രയുടെ വില 6700 രൂപയായി.
കൊപ്ര പ്യാപാരം നിയന്ത്രിക്കുന്ന തൃശൂര്‍ ലോബിക്ക് വിലവര്‍ദ്ധനവില്‍ നിര്ണ്ണായകപങ്കാണുള്ളതെന്ന് വ്യാപാരികള്‍ പറയുന്നു. തമിഴ്നാട്ടിലെ വ്യാപാര ലോബിയെ സഹായിക്കുന്നതിനായി വെളിച്ചെണ്ണക്ക് കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്നും ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. വെളിച്ചെണ്ണ വില വര്‍ദ്ധനവിന് ആനുപാതികമായി മറ്റ് സസ്യഎണ്ണകളുടെ വില വര്‍ദ്ധിക്കുന്നില്ല എന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
ഓണത്തിന് മുമ്പ് കേരളത്തിലെ പാം ഓയല്വില ക്വിന്റലിന് 5600 രൂപയായിരുന്നത് മാസം പിന്നിട്ടിട്ടും 5750 -ലേ എത്തിയിട്ടുള്ളു. വെളിച്ചെണ്ണ ഉപഭോക്താക്കളുടെ എണ്ണം നാള്‍ക്ക് നാള് വര്‍ദ്ധിക്കുന്നതായാണ് വില്പ്പനകാണിക്കുന്നത്. ഈ അവസരം തമിഴ്നാട് വ്യാപാരികള്‍ ചരക്ക് ലഭ്യത കുറച്ച് മുതലാക്കുകയാണ് ചെയ്യുന്നതെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു.
ദീപാവലി ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നും, മുന്‍കാലങ്ങളിലും ഇത്തരം നീക്കം നടന്നിരുന്നെന്നും വിപണിയെ ഉദ്ധരിച്ച് വ്യാപാരികള്‍ അറിയിച്ചു. എന്നാല്‍ മുംബൈ ആസ്ഥാനമായ വന്‍കിട വെളിച്ചെണ്ണ നിര്‍മാതാക്കള്‍ വന്‍തോതില്‍ കൊപ്ര സംഭരിക്കാന്‍ തുടങ്ങിയതാണ് വിലവര്‍ദ്ധനവ് പെട്ടെന്ന് ശക്തമാവാന്‍ കാരണം.
എസ്.കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: