കൊല്ലം: കടലും കരയും മത്സ്യപ്രവര്‍ത്തകരില്‍ നിന്ന് പിടിച്ചെടുക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടുകള്‍ക്കെതിരെ മത്സ്യത്തൊഴിലാളി ഫെഡറേഷന് ദേശവ്യാപകമായി പ്രക്ഷോഭത്തിന്.
സാധാരണക്കാരന്റെ മത്സ്യബന്ധന ജിവിതത്തെ താറുമാറാക്കുന്ന വന്‍ ടൂറിസം പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ തയ്യാറാകുന്നത്. മീന്പിടുത്തക്കാരെക്കുറിച്ച് യാതൊരു പരിജ്ഞാനവുമില്ലാത്ത ആളാണ് ഫിഷറീസ്വകുപ്പ് ഭരിക്കുന്ന മന്ത്രിയെന്ന് തെളിയിക്കുന്നതാണ് ഈ നീക്കങ്ങളെന്ന് എന്‍എഫ്എഫ് സെക്രട്ടറി ടി പീറ്റര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
പരമ്പരാഗത-ചെറുകിട മീന്‍പിടുത്തക്കാര്‍ മഞ്ചേശ്വരം മുതല്‍ പൊഴിയൂര്‍ വരെയുള്ള തീരക്കടലില്‍ ഉപരിതല മത്സ്യബന്ധനത്തിലേര്‍പ്പെട്ട് ഉപജീവനം നടത്തുന്നവരാണ്. തീരക്കടലിലൂടെ കുതിച്ചുപായുന്ന കടല്ജെറ്റ്, മത്സ്യബന്ധന വലകള്‍ കീറിമുറിച്ചുകൊണ്ടായിരിക്കും സഞ്ചരിക്കുന്നത്. 12 നോട്ടിക്കല്‍ മെയില്‍ വരെയുള്ള കടല്‍പ്രദേശമാണ് മത്സ്യത്തൊഴിലാളികള്‍ക്ക് മീന്‍പിടുത്തത്തിന് അവകാശപ്പെട്ടത്. ഇവിടം ടൂറിസ്റ്റ് ലോബികള്‍ക്കും ചരക്ക് കപ്പല്‍ ഗതാഗതത്തിനും തീറെഴുതാനാവില്ല. ഇത് രാജ്യ സുരക്ഷയ്ക്ക് വരെ ഭീഷണിയായി മാറുവാനും കടല്‍മാര്‍ഗമുള്ള കള്ളക്കടത്ത് വ്യാപകമാകാനും കാരണമാകുമെന്നും ഫെഡറേഷന് ആരോപിച്ചു. കേരള മാരിടൈം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ബിഒടി, പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലാക്കാനുള്ള നീക്കം മത്സ്യത്തൊഴിലാളികളില്‍ ആശങ്ക സൃഷ്ടിക്കും. തുറമുഖങ്ങളും കടലോര പ്രദേശങ്ങളും തദ്ദേശ-വിദേശ കുത്തകകളുടെ കൈകളിലാകും. മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഭാവിയില്‍ ടോള്‍, സര്‍വീസ് ചാര്‍ജ്ജ് തുടങ്ങിയവ നല്‍കേണ്ടിവരുമെന്നും ആശങ്കപ്പെടുന്നു. മത്സ്യത്തൊഴിലാളി സംഘടനകളുമായോ മേഖലയിലെ എംഎല്‍എമാരുമായോ ചര്‍ച്ച ചെയ്യാതെ കേരള മാരിടൈം ബോര്‍ഡിന്റെ കരട് ബില്‍ രാഷ്ട്രപതിയുടെ പരിഗണനക്ക് അയച്ച നടപടി ശരിയായ കീഴ്വഴക്കമല്ലെന്നും നേതാക്കള്‍ പറഞ്ഞു.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നവംബര്‍ 4 മുതല്‍ 8 വരെ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ 101 മണിക്കൂര്‍ കൂട്ടസത്യാഗ്രഹം നടത്തും. മത്സ്യത്തൊഴിലാളികള്‍ കടലോരത്തുനിന്നും മത്സ്യവിപണന സ്ത്രീകള്‍ മത്സ്യമാര്‍ക്കറ്റുകളില്‍ നിന്നും സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തും. ലോക മത്സ്യത്തൊഴിലാളി ദിനമായ നവംബര്‍ 21ന് പത്ത് തീരദേശ സംസ്ഥാനങ്ങളിലും ഡല്‍ഹിയിലും മത്സ്യത്തൊഴിലാളികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും.
പത്രസമ്മേളനത്തില്‍ പി.പി ജോണ്‍, ടി. പീറ്റര്‍, എസ്. ഫ്രാന്‍സിസ്, എ. ആന്‍ഡ്രൂസ്, എം. ആംബ്രോസ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: