ബെര്‍ലിന്‍: ആഗസ്റ്റ് 21 ലുണ്ടായ രാസായുധാക്രമണത്തില്‍ സര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്ന് ഒബാമയെ വിമര്‍ശിച്ചുകൊണ്ട് പ്രസിഡന്റ് ബാഷര്‍ അസദ്. അതോടൊപ്പം തന്നെ റഷ്യ തങ്ങളുടെ നല്ല സുഹൃത്താണെന്നു പറയുവാനും അദ്ദേഹം മറന്നില്ല. പ്രതിസന്ധിയില്‍ തിരിഞ്ഞോടുന്ന പ്രസിഡന്റ് അല്ല താനെന്നും ജനങ്ങള്‍ക്ക് തന്നെ ആവശ്യമുണ്ടെങ്കില്‍ അടുത്ത വര്‍ഷവും അവരോടൊപ്പം കാണുമെന്നും ഡര് സ്പീഗല്‍ എന്ന ജര്‍മ്മന്‍ മാഗസിന് നല്കിയ അഭിമുഖത്തില്‍ അസദ് വ്യക്തമാക്കി.
ആഗസ്റ്റ് 21 ന് വിമതര്‍ക്ക് നേരെയുണ്ടായ രാസായുധാക്രമണത്തില്‍ ആയിരത്തോളം പേരാണ് മരണമടഞ്ഞത്. ഈ ആക്രമണത്തിന്റെ ഉത്തരവാദി അസദ് ഭരണകൂടമാണെന്ന് യുഎസ് ആരോപിക്കുകയും സൈനിക നടപടിയ്ക്ക് ഒരുങ്ങുകയും ചെയ്തിരുന്നു. റഷ്യയുടെ ഇടപെടലിനെത്തുടര്‍ന്ന് രാസായുധ ശേഖരം അന്താരാഷ്ട്ര നിയന്ത്രണത്തിന് കീഴില്‍ കൊണ്ടുവരാന്‍ സിറിയ തയ്യാറായി.
സരിന് എന്ന രാസായുധം സിറിയന്‍ സര്‍ക്കാര്‍ പ്രയോഗിച്ചെന്ന് ഒബാമ തെളിവുകളില്ലാതെ നുണ പറയുകയാണെന്ന് അസദ് ആരോപിച്ചു. റഷ്യയുടെയും സിറിയയുടെയും അവസ്ഥ ഏകദേശം ഒരു പോലെയാണ്. ചെച്നിയന്‍ ഭീകരര്‍ പുടിന് നേതൃത്വം നല്ക്കുന്ന ഭരണകൂടത്തെ അട്ടിമറിക്കാനായി വിധ്വംസക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതിന് സമാനമായ സ്ഥിതിയാണ് സിറിയന്‍ വിമതരില്‍ നിന്ന് സര്‍ക്കാര്‍ നേരിടുന്നത്. 80 തോളം രാജ്യങ്ങളില്‍ അല്‍ഖ്വെയ്ദ ഭീകരരുടെ ഭീഷണി നിലനില്ക്കുമ്പോള് തങ്ങള്‍ക്ക് അവരുമായി നിരന്തരം യുദ്ധം ചെയ്യേണ്ട സ്ഥിതിയാണുള്ളതെന്നും അസദ് ഓര്‍മ്മിപ്പിച്ചു.
സത്യമെന്തെന്ന് അന്വേഷിച്ച് പക്വമായ തീരുമാനമാണ് റഷ്യ കൈക്കൊള്ളാറുള്ളതെന്ന് അമേരിക്കയുള്‍പ്പെടെയുള്ള മറ്റു യുറോപ്യന്‍ രാജ്യങ്ങളെ താഴ്ത്തിയും റഷ്യയെ പുകഴ്ത്തിയും അസദ് പറയാതെ പറഞ്ഞു. അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിന് താന്‍ മത്സരിക്കുമോയെന്ന തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്ന് പറഞ്ഞാണ് അസദ് അഭിമുഖം അവസാനിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: