ഹൈദരാബാദ്: തെലങ്കാന സംസ്ഥാന രൂപീകരണത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ആന്ധ്രാപ്രദേശിലെ സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കുന്നു.
ആന്ധ്രയെ വിഭജിക്കാനുള്ള ഏകപക്ഷീയ നീക്കത്തില്‍ പ്രതിഷേധിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗന്മോഹന് റെഡ്ഡി അനിശ്ചിതകാല നിരാഹാര സത്യാഗ്രഹംആരംഭിച്ചു. തെലങ്കാന രൂപീകരണത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും ജഗന് പ്രഖ്യാപിച്ചു.
ഹൈദരാബാദിലെ വസതിയില്‍ ഇന്നലെ ഉച്ചയ്ക്ക് 11.30നാണ് ജഗന് നിരാഹാര സമരമാരംഭിച്ചത്. നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ‘ദീക്ഷ’ എന്നു പേരിട്ട സമരപ്പന്തലിനു മുന്നില്‍ ജഗന് പിന്തുണയുമായെത്തി.
ആന്ധ്രയെ വെട്ടിമുറിക്കാനുള്ള കേന്ദ്ര തീരുമാനം ഏകപക്ഷീയം. അസംബ്ലി സംസ്ഥാന പ്രമേയം പാസാക്കാതെ എങ്ങനെ വിഭജനം സാധ്യമാകും. ഇത്തരമൊരുകാര്യം കേട്ടുകേള്‍വി പോലുമില്ലാത്തതാണ്, ജഗന് പറഞ്ഞു. വന്‍ ജനകീയ പ്രതിഷേധമുണ്ടായിട്ടും എന്തുകൊണ്ടാണ് കേന്ദ്രം പിടിവാശികാട്ടുന്നതെന്നും അദ്ദേഹം ചോദിച്ചു. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെയും ജഗന് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. മക്കളെ പ്രധാനമന്ത്രിയാക്കണമെന്ന ചിലരുടെ മോഹമാണ് ആന്ധ്രയെ വെട്ടിക്കീറാന്‍ കാരണമെന്ന് സോണിയ ഗാന്ധിയെ പരോക്ഷമായി സൂചിപ്പിച്ചകൊണ്ട് ജഗന് ആക്ഷേപിച്ചു.
ഇതു രണ്ടാം തവണയാണ് വിഷയത്തില്‍ ജഗന് നിരാഹാര സമരം നടത്തുന്നത്. വരവില്‍ക്കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന കേസില്‍ വിചാരണ തടവുകാരനായി ചഞ്ചല്‍ഗുഡ ജയില്‍ കഴിയവെ സപ്തംബറിലും വൈഎസ്ആര്‍ തലവന്‍ സമാന സമരമുറ പുറത്തെടുത്തിരുന്നു. അന്ന് അഞ്ചു ദിവസംമാത്രമേ പ്രതിഷേധം നീണ്ടു നിന്നുള്ളു. അതേസമയം, തീരേദേസ ആന്ധ്രയിലെയും റായലസീമയിലെയും ജനജീവിതത്തെ തുടര്‍ച്ചയായ മൂന്നാം ദിവസും ബന്ദ് തടസപ്പെടുത്തി. സീമാന്ധ്രയിലെ വ്യാപാര സ്ഥാപനങ്ങള്‍ ഇന്നലെയും അടഞ്ഞുകിടന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിച്ചില്ല. കഡപ്പ, ചിറ്റൂര്‍, ശ്രീകാകുളം ജില്ലകളിലെ ഗതാഗതം സ്തംഭിച്ചു. ആന്ധ്രാപ്രദേശ് നൊണ് ഗസറ്റഡ് ഓഫീസേഴ്സും വൈഎസ്ആര്‍ കോണ്‍ഗ്രസുമാണ് ബന്ദ് പ്രഖ്യാപിച്ചിരുന്നത്. ഇതില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് 72 മണിക്കൂര്‍ പ്രതിഷേധവുമായി മുന്നോട്ടുപോകുകയായിരുന്നു.
പ്രക്ഷോഭങ്ങള്‍ തുടരുന്നതിനാല്‍ സംസ്ഥാനത്തെ മിക്കയിടങ്ങളിലും സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: