സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകയായിരുന്നു ശ്രീകൃഷ്ണന്; അദ്ദേഹത്തിന്റെ ജീവിതം. ഗോപരിപാലനവും സ്നേഹവും സഹജീവികളെ ഒത്തൊരുമയോടെ കൊണ്ടുപോകലും അവര്‍ക്ക് ദിശാബോധം നല്‍കലും ആ ധന്യപുരുഷന് വ്രതം തന്നെയായിരുന്നു. ഒരു മൊട്ടുസൂചി കൊടുത്താല്‍ പൊന്‍പണം കാംക്ഷിക്കുന്ന ആധുനിക ജീവിതത്തിന് അത്ഭുതവും ആശ്ചര്യവുമാണ് കൃഷ്ണലീലകള്‍. ഏറ്റവും കൂടുതല്‍ ഗോക്കളെ പരിപാലിച്ച് അവയെ പ്രാണനുതുല്യം സ്നേഹിക്കുന്നതെങ്ങനെയെന്ന് കാണിച്ചുതന്ന ബാലഗോപാലനെ ബിഹാറിലെ ലാലുയാദവനും മാതൃകയാക്കിയിരുന്നു എന്നു പറയുന്നവരുണ്ട്. സംഗീതം ഗോക്കളുടെ മാനസികോല്ലാസത്തിനും അതുവഴി കൂടുതല്‍ പാല്‍ചുരത്താന്‍ അവയ്ക്കു കഴിയുമെന്നും കാണിച്ചുകൊടുത്ത കൃഷ്ണനെ ലാലുയാദവന്‍ മാതൃകയാക്കിയിട്ടുണ്ട്. ചെറിയൊരു വ്യത്യാസമേ അതിലുള്ളൂ.
ഗോ പരിപാലനവും അതുവഴി ജനനന്മയും ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതികള്‍ ഒന്നൊന്നായി തന്റെ കുടുംബവളര്ച്ചയ്ക്കുവേണ്ടി വകമാറ്റി നമ്മുടെ ആധുനികയാദവന്. കോടിക്കണക്കിന് രൂപ ലജ്ജകൂടാതെ അടിച്ചു മാറ്റുമ്പോഴും ഈ യാദവന് ദുര്‍ബലവിഭാഗത്തിന്റെ കണ്ണിലുണ്ണിയായി കഴിഞ്ഞു പോന്നു. പ്രായോഗിക രാഷ്ട്രീയത്തിലെ തേന്‍ഭരണികള്‍ എവിടെയൊക്കെ ഉണ്ടാവുമെന്ന തിരിച്ചറിവിന്റെ കച്ചവട വിദ്യാഭ്യാസം ആവോളം കിട്ടിയിരുന്ന ലാലുയാദവന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വേതാളമായി എന്നും മരക്കൊമ്പില്‍ തൂങ്ങിക്കിടന്നു. ഒടുവില്‍ അനിവാര്യമായ അഴിക്കൂടില് എത്തിപ്പെട്ടിരിക്കുന്നു. ഇത് യാദവന് ചോദിച്ചു വാങ്ങിയതാണെന്നു വേണം കരുതാന്‍.
പഞ്ചഗകാരങ്ങളില് പ്രമുഖസ്ഥാനം അലങ്കരിക്കുന്ന ഗോവിനെ അത്യന്തം ക്രൂരതയ്ക്കിരയാക്കിയതിന് കടുത്ത ശിക്ഷ തന്നെയാണ് ടിയാന് ലഭ്യമായിരിക്കുന്നത്. അഞ്ചുവര്‍ഷം തടവ്. കോണ്‍ഗ്രസ്സിനുള്ളിലെ തിരക്കഥയ്ക്ക് ആവശ്യമായ വ്യതിയാനം വരുത്താന്‍ യുവരാജാവ് നേരവും കാലവും നോക്കാതെ ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ തന്നെ ലാലു യാദവന്റെ ജീവിതം കട്ടപ്പുകയായി. ഇമ്മാതിരി യാദവന്മാര്ക്ക് ഇതിലും കടുത്ത ശിക്ഷകിട്ടിയെങ്കിലേ ഗാന്ധിജി സ്വപ്നംകണ്ട രാമരാജ്യം ഇവിടെ സാക്ഷാത്ക്കരിക്കപ്പെടൂ. അവസരത്തിനൊത്ത് നിലപാട് മാറ്റുകയും ജനങ്ങളുടെ കയ്യടി ലക്ഷ്യമിട്ട് മുന്‍ പിന് ആലോചനയില്ലാതെ രാഷ്ട്രീയ ഗോദയില്‍ അഭ്യാസത്തിനിറങ്ങുകയും ചെയ്യുന്ന സകല ലാലുയാദവന്മാരും ഓര്‍ക്കണം ശ്രേഷ്ഠമലയാളത്തിലെ ഈ ചൊല്ല്: അളമുട്ടിയാല്‍ ചേരയും കൊത്തും.
ലോകസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതില്ക്കല് എത്തിയ നേരത്ത് സുപ്രീംകോടതിയില്‍ നിന്ന് കിട്ടിയ കിഴുക്കിന് പകരം ചോദിക്കാന്‍ മൗനസിംഹനും മാഡം സോണിയയും കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ചൂരല്‍ ഒടിഞ്ഞു നുറുങ്ങിപ്പോയി. ഇക്കാര്യത്തില്‍ അവരെ മാറി ചിന്തിപ്പിച്ചത് ജനവികാരം തന്നെ. അഴിമതിക്കെതിരെ അടുത്ത കാലത്തായി രൂപം കൊണ്ട മുന്നേറ്റങ്ങളും മറ്റും ജനശക്തിക്കൊപ്പം ചേര്‍ന്നു. നില്ക്കക്കള്ളിയില്ലാതായ കോണ്‍ഗ്രസ് ഇവന്റ് മാനേജ്മെന്റ് തട്ടിക്കൂട്ടിയ തന്ത്രം പുറത്തെടുത്തത് യുവരാജാവുതന്നെ. മനോമോഹന്‍ കഴിവുകെട്ടവനെന്ന് നേരെ ചൊവ്വെ പറയാതെ പറഞ്ഞു യുവരാജാവ്. തിരക്കഥയുടെ ലക്ഷ്യമറിയാമായിരുന്ന മനോമോഹന്‍ രണ്ട് തരത്തിലാണ് പ്രതികരിച്ചത്.
വിവരവും വിവേകവുമില്ലാത്ത വിദ്വാന് വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട് രീതിയില്‍ പറയുമ്പോള്‍ താനെന്തിന് രാജിവെക്കണം. രണ്ട്, വര്‍ഷം പത്തായല്ലോ വേറെ ഒരു പണിയും ഇല്ലാതെ സ്വയമ്പനായി രാജ്യത്തെ കൊണ്ടുപോകുന്നു. യുവരാജാവില്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ ആയിക്കോട്ടെ. 2014 ല്‍ യുവരാജാവിന് വല്ല പ്രശ്നവും നേരിട്ടാല്‍ പണ്ടത്തെ മണ്ണുംചാരി നിന്ന് പെണ്ണിനെ അടിച്ചുമാറ്റിയപോലെ വീണ്ടും സ്ഥാനത്ത് വരാമല്ലോ. ദൈവം ചില വിദ്വാന്മാര്ക്ക് ഭാഗ്യം വാരിക്കോരി നല്‍കും. അതില്‍ അസൂയപ്പെട്ടിട്ടോ ദേഷ്യപ്പെട്ടിട്ടോ കാര്യമില്ല. ഇപ്പോള്‍ മനോമോഹന്‍ ആ ഭാഗ്യം വന്നുവെങ്കില്‍ നാളെ ആര്‍ക്കൊക്കെ വരില്ല! നോണ്‍സെന്‍സ്, കീറിയെറിയണം അത്. യുവരാജാവിന്റെ ചെറിയച്ഛനും പണ്ട് തെരഞ്ഞെടുപ്പു കാലത്ത് ഇമ്മാതിരി ചില തരികിടകള്‍ പയറ്റിയിരുന്നു. ദൈവഗത്യാ ക്ലച്ച് പിടിച്ചില്ല. 2014 ലും ആ ഗതി വരുമോ? തലവേദനയുണ്ടാക്കുന്നവര്‍ അഴിക്കുള്ളിലായതോടെ ഓര്‍ഡിനന്‍സ് ചവറ്റുകൊട്ടയിലായി. ഈ ഈവന്റ് മാനേജ്മെന്റിനെ സമ്മതിക്കണം!
മരണം നേരവും നിലയും നോക്കാതെ വരും. അതുകൊണ്ടുതന്നെയാണ് മരണത്തെ സകലജനത്തിനും പേടി. എന്നാല്‍ മരണത്തെ സ്വാതന്ത്ര്യമായി കാണുന്ന ഓഷോ പറയുന്നത് നന്നായിട്ട് മരിക്കൂ എന്നാണ്. മരണത്തെ ആധുനിക കഥാപ്രപഞ്ചത്തിലെ ശുക്രനക്ഷത്രമായ സമദ് പനയപ്പിള്ളി കാണുന്നത് മറ്റൊരു തരത്തിലാണ്. പ്രത്യേകരീതിയില്‍ മരണത്തെ വായനക്കാരന് അനുഭവിപ്പിച്ചുകൊടുക്കുകയാണ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കഥാസമാഹാരമായ ഏകാന്തതയില്‍ അയാള്‍ അസാമാന്യമായ അനുഭവങ്ങളുടെ കനലാട്ടമാണ്. മരണം വരുന്നത് മുതല്‍ ഏട്ടന് വരെ ഇരുപത്തിയഞ്ച് കഥകളാണ് ഇതിലുള്ളത്. ഇതാ മരണം വരുന്നതിലെ അഞ്ചാറുവരി: അന്നും അയ്മ്മു വാതിലില്‍ മുട്ടി. മറുപടിയില്ല. സാധാരണ ഉച്ചത്തിലൊരു നെടുവീര്പ്പുണ്ടാകാറുള്ളതാണ്. പക്ഷേ, ഇപ്പോ പേടിപ്പെടുത്തുന്ന നിശ്ശബ്ദതയാണുള്ളത്. ഖുത്തുബയില്‍ ഖത്തീബ് മരണത്തെക്കുറിച്ച് പറഞ്ഞപ്പോഴൊക്കെ അയ്മ്മു അശുഭകരമായ എന്തൊക്കെയോ ആണ് ഓര്‍ത്തുകൊണ്ടിരുന്നത്. റബ്ബുല്‍ ആലമീനായ തമ്പുരാനേ നമ്മുടെ ഖത്തീബിന്…. മരണത്തിന്റെ ഘോഷയാത്രയും വിതുമ്പലും തേങ്ങലും വിങ്ങിപ്പൊട്ടലും ഏറെ കണ്ട്, അറിഞ്ഞ്, ഇഴുകിച്ചേര്‍ന്ന്, കുശലം പറഞ്ഞ്, കൈകൊടുത്ത്, കൈമുത്തി, ഋജുവായ പാതയില്‍ മുഖത്തോടുമുഖം നിന്ന് സരസഭാഷണം ചെയ്യുന്ന ഖത്തീബിന് വാസ്തവത്തില്‍ മരണം തന്റെ നിതാന്തസുഹൃത്താണ്. പക്ഷേ, സഹായി അയ്മ്മുവിന് അങ്ങനെയല്ല. അതുകൊണ്ട് അയ്മ്മു ഭയത്തിന്റെ കൊക്കകണ്ട് പേടിക്കുന്നു. ഖത്തീബാകട്ടെ മരണത്തെയും കൊണ്ട് മലക്കുകളുടെ അടുത്തേക്ക് പോയിരിക്കുന്നു. അവിടെ ചോദ്യം ചെയ്യല്‍, വിശദീകരണം… അങ്ങനെയങ്ങനെ കാലങ്ങളോളം നീളുന്ന പ്രക്രിയകള്‍.
വിഷയത്തെ അസാധാരണമായ രീതിയില്‍ കൈകാര്യം ചെയ്യാനുള്ള സമദിന്റെ മിടുക്ക് അന്യാദൃശമാണ്. അത് ഈ കഥകളിലൊക്കെ വൈഡൂര്യകാന്തി ചിതറി നില്ക്കുന്നു. ഒറ്റയിരുപ്പില്‍ വായിച്ചു പോകാവുന്ന ഈ കഥാസമാഹാരം തിരുവനന്തപുരത്തെ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് സൊസൈറ്റിയാണ് പുറത്തിറക്കിയിരിക്കുന്നത്. സമദിന്റെ അടിസ്ഥാന വികാരം സ്നേഹമാണ്. സമൂഹത്തെ എന്നെന്നും ഒന്നിച്ചുനിര്‍ത്താനുള്ള സിദ്ധൗഷധമാണ് സ്നേഹമെന്ന് തിരിച്ചറിയുന്നതുകൊണ്ടാണ് ഈ കഥാകാരന് മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാകുന്നത്.
കലാകാരനെ രാഷ്ട്രീയ നുകംപേറുന്ന സംഘടനകള്‍ നിയന്ത്രിച്ചുനിര്‍ത്താന്‍ നോക്കിയാല്‍ അതിന്റെ സ്ഥിതി പരമകഷ്ടമാണെന്ന് പറയേണ്ടിവരും. പി. വത്സലയെന്ന കഥാപ്രപഞ്ചത്തെ പുകസയുടെ കുപ്പിയില്‍ അടച്ചുവെക്കാനുള്ള ശ്രമം ഏറെ പരിഹാസ്യമായിരിക്കുകയാണ്. സ്നേഹത്തിന്റെ ആള്‍രൂപമെന്ന് ബഹുഭൂരിപക്ഷം അനുഭവിക്കുന്ന അമൃതാനന്ദമയീദേവിയുടെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ചതുകൊണ്ടാണ് വത്സലക്കെതിരെ അരിവാള്‍ വീശാന്‍ പുകസ ഇറങ്ങി പുറപ്പെട്ടത്. മേപ്പടി സംഘടനയുടെ കാസര്‍കോട് ജില്ലാ പ്രസിഡന്റും നിരൂപകനെന്ന് അത്യാവശ്യം ചിലര്‍ പറയുകയും ചെയ്യുന്ന ഇ.പി. രാജഗോപാലന്‍ എന്ന വിദ്വാനാണ് അരിവാളും ചുറ്റികയുമായി രംഗത്തുള്ളത്. വിദ്വാന്റെ അവതാരിക കൊണ്ടാണ് വത്സലയുടെ കഥകള്‍ വായനക്കാര്‍ നെഞ്ചേറ്റിയതത്രെ. ആയതിനാല്‍ അത് പിന്‍വലിക്കുകയാണു പേലും. ആനപ്പുറത്ത് കേറിയ പണ്ടത്തെ കേശുമ്മാന് തന്റെ ബദ്ധശത്രുവായ കോമപ്പുണ്ണിയോട് പറഞ്ഞതും ഏതാണ്ട് ഇങ്ങനെയാണ്: കണ്ടോടോ, കണ്ടോ എന്റെ ഉയരം. ഇപ്പം ഞാനാരാന്ന് മനസ്സിലായോ? കേശുമ്മാമന്മാര് ആനപ്പുറത്ത് തന്നെ ഇരിക്കട്ടെ. പനമ്പട്ടയും മഞ്ഞള്ച്ചോറും നല്കാന് നമ്മുടെ പാര്‍ട്ടി സദാ സന്നദ്ധമല്ലേ?
എന്തുകൊണ്ട് ഇ.പി. രാജഗോപാലന്മാര് നയിക്കുന്ന സംഘടന ഇങ്ങനെയാവുന്നു എന്നാണ് ചോദ്യമെങ്കില്‍ ഇതാ വത്സല തന്നെ പറയുന്നത് കോട്ടോളിന്: പുരോഗമന കലാസാഹിത്യസംഘത്തിന് ഇപ്പോള്‍ ആളെ കിട്ടാത്ത അവസ്ഥയാണ്. അഭിപ്രായ സ്വാതന്ത്ര്യം വകവെച്ചു കൊടുക്കാത്ത സംഘടനയാണത്. നാലാംകൂലി എഴുത്തുകാരുടെ താവളം മാത്രമാണത്. എനിക്കെതിരെ നടത്തുന്ന വിമര്‍ശനത്തിന് പിന്നില്‍ മലയാളത്തിലെ പ്രമുഖ എഴുത്തുകാരനാണ്. അപ്പോള്‍ അതാണ് സംഗതി. ഇനി നമുക്കറിയാനുള്ളത് ഏതാണാ പ്രമുഖ എഴുത്തുകാരന് എന്നാണ്. അടുത്തത് യുഡിഎഫ് ഭരണമല്ലെങ്കില്‍ ആ വിദ്വാനെ ഏതെങ്കിലും അക്കാദമി അധ്യക്ഷനായി നമുക്കു കാണാം. അതുവരേക്കും നന്ദി, നമസ്കാരം.
നേര്‍മുറി
ചില പേരുകാര്‍ ഇനി ബാങ്ക് അക്കൗണ്ട് തുറക്കാന്‍ തീവ്രവാദിയല്ലെന്ന് തെളിയിക്കണം: വാര്‍ത്ത.
അതിനേക്കാള്‍ നല്ലത് മിതവാദികളെ കണ്ടെത്തലല്ലേ?
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: