ചരിത്രം വിസ്മരിച്ച പാതാളം ഗുഹകള്‍ തേടി നമ്മള് എത്തേണ്ടത് ഏലൂരാണ്. “ഏലന്‍” എന്ന മഹാവിഷ്ണുവിന്റെ പര്യായപദം ഏലൂരിനെ അനശ്വരമാക്കുന്നു. “എലിഗ”യെന്നാല്‍ അതിര്‍ത്തിയും. പെരിയാറിന്റെ അതിര്‍ത്തിയില്‍ മഹാവിഷ്ണുവിന്റെ നാമത്തില്‍ ഒരു കൊച്ചു ദ്വീപ്. എണ്‍പത് കൊല്ലം മുമ്പ് കൊടും കാടും കുന്നുകളും താഴ്വരകളും നിറഞ്ഞ 11.21 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ഒരു ഗ്രാമം. നാറാണത്ത് ഭ്രാന്തന് എത്തപ്പെട്ട ഗ്രാമം. നാറാണത്ത് ഭ്രാന്തന് ‘മുറുക്കാന്‍ കൊറ്റന്‍’ കൊണ്ട് വിഗ്രഹം പ്രതിഷ്ഠിച്ച പ്രസിദ്ധമായ നാറാണത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഇവിടെയാണ്. അവിടെ പാതാളത്ത്. കളമശ്ശേരി വഴി ബസ്സില്‍ പാതാളത്ത് എത്താം. ഇടപ്പള്ളി-മുട്ടാര്‍-മഞ്ഞുമ്മല്‍ വഴിയും പാതാളത്ത് എത്താന്‍ കഴിയും.
ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നമ്പൂതിരിമാര്‍ മുസ്ലിം വേഷപ്രഛന്നരായി ഏലൂരില്‍ ഒളിച്ചു. അവര്‍ ഏലൂര്‍ മൂപ്പന്മാരായിരുന്നു. അങ്ങനെ ഒരുകാലത്ത് ഏലൂര്‍ മൂപ്പന്മാര്ക്ക് ഇവിടെ ആധിപത്യം വന്നു. ഇവിടെ കുന്നുകളില്‍ തണ്ണിമത്തന് കൃഷിയും താഴ്വാരകളിലെ ചില പാടങ്ങളില്‍ കരിമ്പും നെല്‍കൃഷിയും മറ്റും നടന്നുവന്നു. പ്രശസ്തമായ ആലങ്ങാടന്‍ ശര്‍ക്കരക്ക് പാകമായ കരിമ്പ് ഇവിടുന്നു ലഭിച്ചിരുന്നു. ഏലൂര്‍ തെക്ക്, വടക്ക്, കിഴക്ക്, മഞ്ഞുമ്മല്‍ കടുങ്ങല്ലൂര്‍ പഞ്ചായത്തില്‍പ്പെട്ട കുറ്റിക്കാട്ടുകര ഇവ ചേര്‍ന്നതാണ് പഴയ ഏലൂര്‍.
“ഹിമോപരി നഗരി വാഴുന്ന” ഭഗവാനെക്കുറിച്ച് ശുകസന്ദേശത്തില്‍ വാഴ്ത്തുന്നത് ‘മഞ്ഞുമ്മേര്‍’ എന്നാണ്. മഹാവിഷ്ണുവിന്റെ മറ്റൊരു നാമമാണ് മഞ്ഞുമ്മേര്‍. അത് ലോപിച്ചാണ് മഞ്ഞുമ്മല്‍ ആയിത്തീര്‍ന്നത്. നമ്പൂതിരിമാരുടെ അധീശ്വത്തില്‍ ആയിരുന്നു ഇവിടം. പിന്നീട് ചേരാനെല്ലൂര്‍ കര്ത്താക്കന്മാരുടെ കരുത്തും അര്‍ത്ഥവും ആര്‍ജ്ജവവും കൊണ്ട് മഞ്ഞുമ്മലും തുടര്‍ന്ന് ഏലൂരും കര്ത്താക്കന്മാരുടെ കീഴിലായി. എന്നാല്‍ ഏലൂരെ കുന്നുകളില്‍നിന്ന് മഞ്ഞുമ്മല്‍ താഴ്വരയിലേക്ക് ഒറ്റയടി പാത തെളിയിച്ചത് ഏലൂര്‍ മൂപ്പന്മാരാണ്. അവരില്‍ പ്രധാനികളായിരുന്നു, വീരവുണ്ണി മൂപ്പനും അനുജന് മുഹമ്മദ് മൂപ്പനും. മഞ്ഞുമ്മല്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, നാറാണത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ഭക്തകളായ ദേവദാസി പ്രധാനമായ പാട്ടുപുരയ്ക്കല്‍ ദേവീക്ഷേത്രം, കൂട്ടക്കാവ് ഭഗവതി ക്ഷേത്രം, മഞ്ഞുമ്മല്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ഇവയും ഇവിടത്തെ എടുത്തു പറയേണ്ട ക്ഷേത്രങ്ങളാണ്.
മഞ്ഞുമ്മല്‍ അമലോത്ഭവ മാതാവിന് പള്ളിയും ഡിസംബര്‍ 8 ന്റെ പെരുന്നാളും വടക്കും ഭാഗം ജുമാമസ്ജിദും ഓര്‍മ്മിക്കപ്പെടേണ്ടതാണ്. കാലാന്തരത്തില്‍ കാവുകളായ കിഴക്ക് ഇലഞ്ഞിക്കല്‍ ദേവിക്ഷേത്രം, വടക്കുംഭാഗം സുബ്രഹ്മണ്യ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളാല്‍ ഐശ്വര്യം നിറഞ്ഞതാണ് ഏലൂര്‍.
വിശ്വപ്രസിദ്ധ കൃതികള്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത സാഹിത്യകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ടി.പി.രാമകൃഷ്ണപിള്ള ഏലൂരിന്റെ അഭിമാന സ്തംഭമാണ്. 1893 ല്‍ മഞ്ഞുമ്മലില്‍ തുടങ്ങിയ ലോവര്‍ പ്രൈമറി സ്കൂള്‍ ആണ് ആദ്യത്തേത്. രണ്ടാമത് ഏലൂര്‍ നെടങ്ങുനാട് കുന്നില്‍ സ്ഥാപിച്ച മറ്റൊരു സ്കൂളും. തുടര്‍ന്നുള്ള വിദ്യാഭ്യാസത്തിന് ഇടപ്പള്ളിയിലോ ആലുവായിലോ നടന്നുപോയി പഠിക്കണമായിരുന്നു. ഇല്ലിക്കാടുകള്‍ക്കിടയില്‍ കൂടി കൈതോലകള്‍ വകഞ്ഞു മാറ്റി കടത്ത് കടന്നാണ് പലരും ഉന്നത വിദ്യാഭ്യാസം നേടിയത്. 1938 ല്‍ ആദ്യമായി ഇവിടെ ഒരു റിക്ഷാവണ്ടി വന്നത് മഞ്ഞുമ്മലായിരുന്നു. അന്ന് ജനസംഖ്യ 1250, വീടുകള്‍ 250.
1942 ല്‍ ഏലൂരിന്റെ ജാതകം മാറി. കളമശ്ശേരി-ഏലൂര്‍ പാലം വന്നു. വ്യവസായ സ്ഥാപനങ്ങള്‍ വന്നു. വന്മാറ്റങ്ങള്ക്ക് തുടക്കം കുറിച്ചു. ഏലൂര്‍ കേരളത്തിന്റെ വ്യാവസായിക കേന്ദ്രമായി മാറി. 1965 ല്‍ ജനസംഖ്യ 25000 ഉം വീടുകള്‍ 3800 ആയും ഉയര്‍ന്ന്, ഏലൂര്‍ ഉദ്യോഗമണ്ഡല്‍ ടൗണ്‍ഷിപ്പായി മാറി. ഇന്ന് ഏഴുപാലങ്ങള്‍ പെരിയാറിന് കുറുകെ നിര്‍മിച്ച് ഏലൂരിനെ ബന്ധിപ്പിച്ചിരിക്കുന്നു.
ഇനി നമുക്ക് പാതാളം ഗുഹയിലേക്ക് കടക്കാം. നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് പാതാളം ഗുഹകള്‍ക്ക്. 3900 കൊല്ലം പഴക്കമുണ്ട് തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രത്തിന് തന്നെ. ഇത് സ്ഥിതി ചെയ്യുന്നത് കടുങ്ങല്ലൂര്‍ പഞ്ചായത്തിലാണ്. മുപ്പത്തടം ചന്ദ്രശേഖരപുരം ക്ഷേത്രത്തിന്റെ ആറാട്ടുകടവ് പാതാളം പാലത്തിനു സമീപം പെരിയാര്‍ തീരത്താണ്. തൊട്ടടുത്തു തന്നെ ആണ് അഞ്ചു ഗുഹകള്‍. ഒന്ന് സിംഹം വാതുറന്ന് നില്ക്കുന്ന നിലയിലായിരുന്നു. ഒരു മിനി ലോറിക്ക് കടന്നുപോകാന്‍ പാകത്തിന് വലിപ്പം ഉണ്ടായിരുന്നു. ബാക്കി നാല് എണ്ണം അതിലും വിസ്താരം കുറഞ്ഞവയായിരുന്നു. ഗുഹക്ക് മുകളിലുള്ള സ്ഥലം കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെതായിരുന്നു. 1965 ല്‍ ഇടുക്കി ജല വൈദ്യുതി പദ്ധതിയുടെ നിര്‍മാണാവശ്യത്തിന് ബോര്‍ഡ് ഇവിടം യാര്‍ഡ് ആക്കിമാറ്റി. ബാര്‍ജ് അടുപ്പിച്ച് കൂറ്റന്‍ ക്രയിന്‍ സ്ഥാപിച്ച് നിര്‍മാണ സാമഗ്രികള്‍ ഇവിടെനിന്നും കൊണ്ടുപോയിരുന്നു. അതിനായി സ്ലാബും കരിങ്കലുമിട്ട് ഈ ഗുഹകള്‍ മൂടി. അങ്ങനെ ബോര്‍ഡ് ഒരു ചരിത്രസ്മാരകം ഇല്ലാതാക്കി.
പാതാളം ഗുഹകളെ സംബന്ധിച്ച് പഴമക്കാര്‍ രണ്ട് ഭാവങ്ങളിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. വാമനരൂപത്തില്‍ പ്രത്യക്ഷനായ മഹാവിഷ്ണു മഹാബലി മന്നനെ മൂന്നാമത്തെ അളവിന് പ്രതലത്തില്‍ ഇടമില്ലാത്തതിനാല്‍ സുതലത്തിലേക്ക് നയിച്ചുവെന്നാണ് പറയുന്നത്. അതാണ് പാതാളം. സ്വര്‍ഗത്തേക്കാള്‍ സുന്ദരമായിരുന്നു പാതാളമെന്ന് നാരദമഹര്‍ഷി വിവരിച്ചിട്ടുണ്ട്. ഇവിടെയെത്തപ്പെട്ട ചക്രവര്‍ത്തി തിരുമനസ്സ് ഈ ഗുഹയുടെ അന്തര്‍പാത വഴി തൃക്കാക്കര ക്ഷേത്രത്തിലെത്തിയെന്ന് വിശ്വസിക്കുന്നു. അവിടെയെത്തിയ മഹാബലി സ്വയംഭൂ ശിവലിംഗത്തെ ആരാധിച്ച് മഹാബലിത്തറയില്‍ കുടികൊള്ളുന്നുവെന്നത് ചരിത്രം. എന്നാല്‍ ഈ അഞ്ചുഗുഹകളും പഞ്ച പാണ്ഡവര്‍ തുരന്നതാണെന്നും അവര്‍ ഈ അന്തര്‍പാത വഴി പടിഞ്ഞാറോട്ട് നീങ്ങി കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെത്തിയെന്ന് വിശ്വസിക്കുന്നവരും ഉണ്ട്.
എന്തായാലും ഏറെ ഐതിഹ്യപ്രാധാന്യമുള്ള ഈ പ്രദേശത്തെക്കുറിച്ചും മറയ്ക്കപ്പെട്ട ഗുഹകളെക്കുറിച്ചും ചരിത്രകാരന്മാരും ചരിത്ര ഗവേഷകരും കൂടുതല്‍ ചിന്തിക്കേണ്ടതുണ്ട്. ഇവയെക്കുറിച്ച് പഠിച്ച് ഭാവിതലമുറയുടെ ആകാംക്ഷയ്ക്ക് ഇവര്‍ മറുപടി നല്കിയിരുന്നെങ്കില്. മൂടപ്പെട്ട ഗുഹകള്‍ തുറക്കാനും ഗവേഷണം തുടരാനും സര്‍ക്കാരും ആര്‍ക്കിയോളജി ഡിപ്പാര്‍ട്ടുമെന്റും മുന്‍കയ്യെടുക്കുന്നതും നന്ന്.
ഏലൂര്‍ ഗോപിനാഥ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: