ന്യൂദല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന നിലയില്‍ പ്രധാന്യമര്‍ഹിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്,ഛത്തീസ്ഗഢ്, കോണ്‍ഗ്രസ് ഭരണത്തിലുള്ള രാജസ്ഥാന്,ദല്‍ഹി,മിസോറാം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചത്.
മധ്യപ്രദേശില്‍ നവംബര്‍ 25നും ഛത്തീസ്ഗഢില്‍ രണ്ടുഘട്ടങ്ങളായി നവംബര്‍ 11,19 തീയതികളിലുമാണ് തെരഞ്ഞെടുപ്പ്. രാജസ്ഥാനില്‍ ഡിസംബര്‍ 1നും ദല്‍ഹിയിലും മിസോറാമിലും ഡിസംബര്‍ 4നും തെരഞ്ഞെടുപ്പ് നടക്കും. ഇലക്ഷന് കമ്മീഷന് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ഇന്നലെ മുതല്‍ പെരുമാറ്റച്ചട്ടവും നിലവില്‍വന്നു.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് വൈകിപ്പിച്ചത് ഭരണവിരുദ്ധ വികാരത്തിന്റെ ആഘാതം കുറയ്ക്കുന്നതിനാണെന്ന് വിലയിരുത്തപ്പെടുന്നു. ഡിസംബര്‍ 8ന് എല്ലാ സംസ്ഥാനങ്ങളിലേയും വോട്ടെണ്ണല്‍ നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.എസ് സമ്പത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു.
നിഷേധവോട്ടവകാശം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയാണ് അഞ്ചു സംസ്ഥാനങ്ങളിലും നടക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് നിഷേധവോട്ടിനുള്ള ക്രമീകരണങ്ങള്‍ വോട്ടിംഗ് യന്ത്രത്തില്‍ ഉള്‍പ്പെടുത്തുന്നത്. എല്ലാ സംസ്ഥാനങ്ങളിലും പൂര്‍ണ്ണമായും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ക്കു ശേഷം അവസാനമായി ‘നണ് ഓഫ് ദ എബൗ’ എന്നാണ് രേഖപ്പെടുത്തുക.
മധ്യപ്രദേശില്‍ ഇലക്ഷന് നോട്ടിഫിക്കേഷന്‍ നവംബര്‍ 1ന് ഉണ്ടാകും. നോമിനേഷന് സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 8. ദല്‍ഹിയില്‍ നോട്ടിഫിക്കേഷന്‍ നവംബര്‍ 9നും നാമനിര്‍ദ്ദേശം സമര്‍പ്പിക്കേണ്ട തീയതി 16ഉം ആണ്. ഛത്തീസ്ഗഢില്‍ ഒക്ടോബര്‍ 18ഉം ഒക്ടോബര്‍ 25ഉം(ആദ്യഘട്ടം), ഒക്ടോബര്‍ 25ഉം നവംബര്‍ 1ഉം(രണ്ടാംഘട്ടം) ആണ് നോട്ടിഫിക്കേഷന്‍,നോമിനേഷന് തീയതികള്‍. രാജസ്ഥാനില്‍ നോട്ടിഫിക്കേഷന്‍ നവംബര്‍5നും നോമിനേഷന് 12നും ആണ്.
അഞ്ച് സംസ്ഥാനങ്ങളിലായി 1,30,000 പോളിങ് ബൂത്തുകളാണ് തയ്യാറാക്കുന്നത്. അമ്പതിനായിരം സുരക്ഷാ സൈനികരെയാണ് തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്കായി നിയോഗിക്കുന്നത്. 630 നിയോജമകമണ്ഡലങ്ങളിലായി 11 കോടി വോട്ടര്‍മാരാണ് വോട്ടവകാശമുള്ളവരായി പട്ടികയിലുള്ളത്. 230 സീറ്റുകളുള്ള മധ്യപ്രദേശിലും 90 സീറ്റുള്ള ഛത്തീസ്ഗഢിലും നവംബറില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. ഡിസംബറില്‍ 200 സീറ്റുള്ള രാജസ്ഥാനിലും 70 സീറ്റുകളുള്ള ദല്‍ഹിയിലും 40 സീറ്റുള്ള മിസോറാമിലും വോട്ടെടുപ്പ് നടക്കും.
അടുത്ത വര്‍ഷം ജനുവരി 4ന് മാത്രം കാലാവധി തീരുന്ന ഛത്തീസ്ഗഢ് അസംബ്ലി തെരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ തീരുമാനിച്ച ഇലക്ഷന് കമ്മീഷന് ഡിസംബര്‍17ന് കാലാവധി തീരുന്ന ദല്‍ഹിയില്‍ ഡിസംബര്‍ 4ന് മാത്രമാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. മധ്യപ്രദേശ് അംസംബ്ലിയുടെ കാലാവധി ഡിസംബര്‍ 12നും മിസോറാമില്‍ 15നും രാജസ്ഥാനില്‍ ഡിസംബര്‍ 31നും നിയമസഭാ കാലാവധി അവസാനിക്കും.
നിയമസഭാ തെരഞ്ഞെടുപ്പുകളുടെ തീയതികള്‍ വ്യക്തമാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനത്തെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി സ്വാഗതം ചെയ്തു.
എസ്.സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: